പത്തനംതിട്ട: നിയമവിദ്യാർത്ഥിനിയിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ സഹപാഠിയായ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അറസ്റ്റിലായത് മുന്നിൽ എല്ലാ വഴികളും അടഞ്ഞപ്പോൾ. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി സ്വയം രക്ഷക്കും തുനിഞ്ഞിരുന്നു. കുമ്പഴ നാൽക്കാലിപ്പടി സോമവിലാസത്തിൽ അഭിജിത്ത് സോമനാ(26)ണ് അറസ്റ്റിലായത് കടമ്മനിട്ട് മൗണ്ട് സിയോൺ ലോകോളജിൽ നാലം സെമസ്റ്ററിന് പഠിക്കുന്ന തിരുവനന്തപുരം സ്വദേശിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നാണ് ഇതേ കോളജിൽ ഒന്നാം വർഷ എൽഎൽബി വിദ്യാർത്ഥിയായ അഭിജിത്തിനെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരിക്ക് ഫീസ് അടയ്ക്കാൻ വീട്ടിൽ നിന്നു കൊടുത്ത അരലക്ഷം രൂപ വീതം രണ്ടു തവണയായി പ്രതി കൈക്കലാക്കിയെന്നും രണ്ടു തവണ വിവിധ ലോഡ്ജുകളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് പരാതി. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

എട്ടു മാസം മുൻപാണ് അഭിജിത്തുമായി പെൺകുട്ടി പ്രണയത്തിലായത്. പെൺകുട്ടി സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ അഭിജിത്ത് സ്വന്തം ബുള്ളറ്റിലാണ് കൊണ്ടുവിട്ടിരുന്നത്. രണ്ടു തവണ ഇങ്ങനെ കൊണ്ടു വിട്ടു. രണ്ടു തവണയും തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളിലായി ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.

കേടായ കാർ നന്നാക്കാൻ പണം ആവശ്യപ്പെട്ട അഭിജിത്തിന് ഫീസടയ്ക്കാൻ വച്ചിരുന്ന അരലക്ഷം രൂപ കൂട്ടുകാരൻ വശം കൊടുത്ത് കൈമാറി. വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് വിഷമം പറഞ്ഞപ്പോൾ കഴിഞ്ഞ ആഴ്ചയിലും അരലക്ഷം രൂപ കൊടുത്തു. ഫീസ് കുടിശികയായപ്പോൾ കോളജ് അധികൃതർ വിവരം രക്ഷിതാക്കളെ അറിയിച്ചു. പണം അഭിജിത്തിന് കൊടുത്തുവെന്ന് പെൺകുട്ടി അമ്മയോട് പറഞ്ഞു. ഇതോടെ അഭിജിത്തിനോട് പണം തിരികെ ചോദിച്ചു. പണം നൽകിയില്ലെന്ന് മാത്രമല്ല, മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. നേരിൽ ചോദിച്ചപ്പോൾ തിരിച്ചു തരാമെന്ന് പറഞ്ഞെങ്കിലും കൊടുത്തില്ല. തുടർന്ന് പെൺകുട്ടി കോളജ് പ്രിൻസിപ്പാളിന് പരാതി നൽകി.

വിവരം അറിഞ്ഞ അഭിജിത്ത് ചൊവ്വാഴ്ച വൈകിട്ട് കോളജിൽ വന്ന് കാറിൽ കയറ്റിക്കൊണ്ടു പോയി ശാരീരികമായി ആക്രമിച്ച് മുറിവേൽപ്പിച്ചവെന്നാണ് പരാതി. ബുധനാഴ്ച കോളജിൽ വച്ച് കണ്ടിട്ടും അഭിജിത്ത് പ്രതികരിക്കാതെ വന്നതോടെയാണ് രാത്രിയിൽ കൈ ഞരമ്പ് മുറിച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ പെൺകുട്ടിയുമായി സംസാരിക്കുന്ന തരത്തിലുള്ള ഒരു വോയ്സ് ക്ലിപ്പ് പ്രതി പുറത്തു വിട്ടിരുന്നു. പ്രതി ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച വെഞ്ഞാറമൂട്ടിലെ ലോഡ്ജിൽ നിന്ന് പ്രതി റൂമെടുക്കാൻ നേരം കൊടുത്ത തിരിച്ചറിയൽ രേഖകളും ബില്ലും പൊലീസ് കണ്ടെടുത്തു. ഇന്നലെ രാത്രി തന്നെ ഇരയെ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് 164 സ്റ്റേറ്റ്മെന്റ് എടുത്തതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം മധുകറിന്റെ നിർദ്ദേശാനുസരണം ഡിവൈ.എസ്‌പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്‌ഐമാരായ രാകേഷ് കുമാർ, അനിരുദ്ധൻ, ഹരീന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ രാജൻ, സുജ അൽഫോൻസ് , ബീന, ഫൈസൽ, വിഷ്ണു, ശ്രീരാഗ്, തിലകൻ എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.