അബുദാബി: മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിൽ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളിൽ വരുത്തിയ മാറ്റം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വാക്‌സിനെടുത്ത സ്വദേശികൾക്കും പ്രവാസികൾക്കുമായാണ് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി പുതിയ നിബന്ധനകൾ കൊണ്ടുവന്നത്.

വാക്‌സിനെടുത്തവർക്കും കോവിഡ് വാക്‌സിന്റെ ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്തവർക്കും ഗ്രീൻ പാസും അൽ ഹുസ്ൻ ആപ്ലിക്കേഷനിൽ ഋ അല്ലെങ്കിൽ സ്റ്റാർ സ്റ്റാറ്റസും ഉണ്ടെങ്കിൽ അബുദാബിയിൽ പ്രവേശിക്കാം. പിസിആർ പരിശോധന നടത്തിയ ശേഷം ലഭിക്കുന്ന ഋ അല്ലെങ്കിൽ സ്റ്റാർ സ്റ്റാറ്റസിന് ഏഴ് ദിവസത്തെ കാലാവധിയുണ്ടാകും. വാക്‌സിനെടുത്തവർ അബുദാബിയിൽ പ്രവേശിച്ച ശേഷം പിന്നീട് പി.സി.ആർ പരിശോധന ആവർത്തിക്കേണ്ടതില്ല.

അതേസമയം വിദേശത്ത് നിന്ന് വരുന്നവർ മറ്റ് യാത്രാ നിബന്ധനകൾ പാലിക്കണം. മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് വരുന്ന വാക്‌സിനെടുക്കാത്ത യാത്രക്കാരുടെ പ്രവേശന നിബന്ധനകൾ ഇപ്പോഴുള്ളത് പോലെ തുടരും. 48 മണിക്കൂറിനിടെയുള്ള പി.സി.ആർ പരിശോധനയും 24 മണിക്കൂറിനിടെയുള്ള ലേസർ ഡി.പി.ഐ പരിശോധനയുമാണ് വാക്‌സിനെടുക്കാത്തവർക്ക് ആവശ്യം. പിന്നീട് അബുദാബിയിൽ തുടരുന്നതിനനുസരിച്ച് നിശ്ചിത ദിവസങ്ങളിൽ പി.സി.ആർ പരിശോധനകൾ ആവർത്തിക്കുകയും വേണം.