കണ്ണൂർ: ചുണ്ടപ്പറമ്പിലെ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്ന ബിജോയ്ക്ക് രക്തത്തിൽ ഓക്സിജൻ കുറഞ്ഞതിനെ തുടർന്നാണ് സഹോദരിയുമായി പയ്യാവൂരിലെ മേഴ്സി ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവിടെ നിന്നും നിലവഷളായതിനെ തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചത്. ഇതാകട്ടെ നാടിനെ നടുക്കിയ അന്ത്യയാത്രയുമായി.

തിങ്കളാഴ്‌ച്ച പുലർച്ചെ അഞ്ചുമണിക്കാണ് കണ്ണൂർ - മട്ടന്നൂർ സംസഥാന പാതയിലെ എളയാവൂരിലുണ്ടായ ആംബുലൻസ് അപകടം നാടിനെ നടുക്കിയത്. മൂന്ന് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. പയ്യാവൂരിൽ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴിയാണ് റോഡരികിലെ ആൽമരത്തിലിടിച്ച് ആംബുലൻസിന്റെ മുൻഭാഗം പൂർണമായും തകർന്നത്.

പയ്യാവൂർ ചുണ്ടപ്പറമ്പ് സ്വദേശികളായ ബിജോ(45) സഹോദരി രജിന(37) ആംബുലൻസ് ഡ്രൈവർ ഒ.വി നിധിൻരാജ്(40) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബിജോയുടെ സുഹൃത്ത് ബെന്നിയെന്നയാൾക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്‌ച്ച പുലർച്ചെ പയ്യാവൂർ വാതിൽമട ഭൂതവാതിൽമടയിൽ നിന്നും വരികയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

അപകടം നടന്നയുടൻ നാട്ടുകാരെത്തിയെങ്കിലും മുൻവശം പൂർണമായും തകർന്നതിനാൽ ആംബുലൻസിനുള്ളിലുള്ളവരെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ കണ്ണൂരിൽ നിന്നുമെത്തിയ ഫയർ ഫോഴ്സ് മുൻവശം കുത്തിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പയ്യാവൂർ മേഴ്സി ആശുപത്രിയിൽ നിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരുംവഴിയാണ് അപകടമുണ്ടായത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

ചന്ദനക്കാംപാറ സ്വദേശികളായ ബിജോ, രജിന എന്നിവർ ഏറെക്കാലമായി ചുണ്ടപ്പറമ്പിൽ വാടകവീടെടുത്ത് താമസിച്ചുവരികയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇവരുടെ കുടുംബസുഹൃത്ത് ബെന്നി ഗുരുതരവാസ്ഥയിൽ ചികിത്സയിലാണ്. കണ്ണൂർ-മട്ടന്നൂർ സംസ്ഥാന പാതയിലെ എളയാവൂരാണ് അപകടമുണ്ടായത്. അമിതവേഗതയിൽ സഞ്ചരിക്കുകയായിരുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് റോഡരികിലെ ആൽ മരത്തിൽ ഇടിക്കുകയായിരുന്നു. പയ്യാവൂർ വാതിൽ മട ഭൂതത്താൻ കോളനിയിലെ ആംബുലൻസാണ് അപകടത്തിൽപെട്ടത്.

പയ്യാവൂർ മേഴ്സി ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ബിജോയുടെ ജീവൻ രക്ഷിക്കാനുള്ള പരക്കം പാച്ചിലാണ് മരണത്തിന്റെ രൂപത്തിൽ ഇവരെ തേടിയെത്തിയത്. മലയോരത്ത് വിദഗ്ദ്ധ ചികിത്സ തേടാൻ ആശുപത്രികളില്ലാത്തതിനെ തുടർന്നാണ് ഇവർക്ക് കണ്ണൂർ നഗരത്തിലെ ആശുപത്രിയിലേക്ക് വരേണ്ടി വന്നത്.