പന്തളം: കാറിടിച്ചു നിയന്ത്രണം വിട്ട ബൈക്കിലുണ്ടായിരുന്ന യാത്രക്കാരൻ മിനി ലോറിയിൽ കുരുങ്ങി. ലോറി നിർത്താതെ മുന്നോട്ടു നീങ്ങിയപ്പോൾ ബൈക്ക് യാത്രക്കാരന് ദാരുണ മരണം. മുടിയൂർക്കോണം അങ്ങേവീട്ടിൽ പങ്കജാക്ഷന്റെയും രാധയുടെയും മകൻ പി. പ്രദീപാണ്(48)മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ എം.സി.റോഡിൽ സിഎം ആശുപത്രി ജങ്ഷന് സമീപമായിരുന്നു അപകടം. മെഡിക്കൽ മിഷൻ ജങ്ഷനിൽ നിന്നും പന്തളത്തേക്ക് വന്ന ബൈക്കിൽ ആദ്യം കാറിടിച്ചു. നിയന്ത്രണം വിട്ട ബൈക്കിൽ പിന്നാലെ വന്ന മിനിലോറിയും ഇടിച്ചു. വശത്ത് കുടുങ്ങിപ്പോയ പ്രദീപുമായി അൽപ്പ ദൂരം മുന്നോട്ടു ചെന്നാണ് ലോറി നിർത്തിയത്. നാട്ടുകാർ ഇടപെട്ട് പ്രദീപിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി പ്രഥമശുശ്രൂഷ നൽകി. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.

പ്രദീപിനെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ അപകടത്തിൽപ്പെട്ട ലോറിയുമായി ഡ്രൈവർ മുങ്ങി. പന്തളം പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ െചങ്ങന്നൂരിൽ നിന്ന് പൊലീസ് ലോറി കസ്റ്റഡിയിൽ എടുത്തു. വിദേശത്ത് ജോലി നോക്കിയിരുന്ന പ്രദീപ് നാട്ടിലെത്തി തടി വ്യാപാരം നടത്തിവരികയായിരുന്നു. ഭാര്യ: പ്രസീദ. മക്കൾ: പ്രിൻസ്, പവി, അവനി.