കൊച്ചി: വാഹനാപകടത്തിൽ മരിച്ച യുവതിയെ ആശുപത്രിയിൽ എത്തിച്ച് തിരികെ വന്ന ഓട്ടോ ഡ്രൈവർ മറ്റൊരു അപകടത്തിൽ മരിച്ചു. ജോമോൾ, തമ്പി എന്നിവരാണ് ഇന്ന് രാവിലെ തൃപ്പൂണിത്തുറയിൽ നടന്ന വ്യത്യസ്ത അപകടങ്ങളിൽ ദാരുണമായി മരണപ്പെട്ടത്.

രാവിലെ 6.45ഓടെ പേട്ട ഗാന്ധി സ്‌ക്വയറിന് സമീപം മിനി ബൈപ്പാസിലാണ് ആദ്യ അപകടമുണ്ടായത്. തൃശൂർ രജിസ്ട്രേഷനിലുള്ള കാറും എതിരെ വന്ന ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു. സഹോദരങ്ങളായ ജോമോൾ, സാൻജോ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇതിൽ കാറിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുമ്പോഴേ യുവതി ചലനമറ്റിരുന്നതായി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഇവരെ ഉടനെ തന്നെ തമ്പിയുടെ ഓട്ടോയിൽ ലേക്ക്ഷോർ ആശുപത്രിയിലേക്ക് അയച്ചു.

യുവതിയെ ആശുപത്രിയിലാക്കി തിരികെ വരവേ മരട് കൊട്ടാരം ജങ്ഷനിൽ വെച്ച് നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിലേക്ക് ഇടിച്ചു കയറുകയറിയാണ് തമ്പി മരണമടഞ്ഞത്. തൃപ്പൂണിത്തുറ സ്വദേശിയാണ് ഇദ്ദേഹം. കാറപകടത്തിൽ പരിക്കേറ്റ സാൻജോ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.