മാരാരിക്കുളം: ബൈക്കിൽ പിന്നാലെ വന്ന സുഹൃത്തിനെ കാണാതിരുന്നപ്പോൾ തിരഞ്ഞു പോയവർ കണ്ടത് ദാരുണ രംഗം. സഹപ്രവർത്തകനെ കാണാത്തതിനെ തുടർന്ന് തിരഞ്ഞുപോയ കലവൂർ കെ.എസ്.ഡി.പി ജീവനക്കാരനാണ് സഹപ്രവർത്തകൻ ലോറിയിടിച്ച് ചോരവാർന്ന് റോഡിൽ കിടക്കുന്നത് കണ്ട്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചേർത്തല മണവേലി പാലം പറമ്പിൽ (വിഷ്ണുഭവനം) പി.ജെ. സത്യന്റെ മകൻ വിഷ്ണു (24) ആണ് മരിച്ചത്. കലവൂർ കെ.എസ്.ഡി.പിയിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറിന് തിരുവിഴ കവലയിൽ ആയിരുന്നു അപകടം. ജോലി സ്ഥലത്തേക്ക് പോകുമ്പോൾ വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെവന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു ഏറെ നേരം റോഡിൽ കിടന്നു.

മറ്റൊരു ബൈക്കിൽ മുന്നേ പോയ സഹപ്രവർത്തകൻ വിഷ്ണുവിനെ കാണാതായതിനെത്തുടർന്ന് തിരികെ വന്നപ്പോഴാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. രാധികയാണ് വിഷ്ണുവിന്റെ മാതാവ്. സഹോദരി: വൈഷ്ണവി.