കണ്ണൂർ: കണ്ണൂരിൽ കാൾടെക്‌സ് ജംങ്ഷനിലെ സിഗ്‌നലിൽ സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ബുധനാഴ്ച ഉച്ചക്ക് 2.45നാണ് അപകടം. സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന ലോറികൾക്കിടയിൽ കുടുങ്ങിയാണ് അപകടം.

സിഗ്‌നലിൽ കണ്ടെയ്‌നർ ലോറിയുടെയും ടിപ്പറിന്റെയും ഇടയിൽ നിർത്തിയ സ്‌കൂട്ടർ രണ്ടുവാഹനങ്ങളുടെയും ഇടയിൽ കുടുങ്ങുകയായിരുന്നു. തലയിലൂടെ കണ്ടെയ്‌നർ ലോറി കയറിയിറങ്ങിയതിനാൽ ആളെ തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണ്.

സ്ഥലത്തെത്തിയ കണ്ണൂർ ഫയർഫോഴ്‌സ് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് അൽപനേരം ഗതാഗതം മുടങ്ങി. ഒരുമാസം മുമ്പ് ഇതേസ്ഥലത്ത് സ്‌കൂട്ടർ യാത്രക്കാരി ലോറി കയറി മരിച്ചിരുന്നു.