- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാളയാറിൽ നിർത്തിയിട്ട കണ്ടെയ്‌നർ ലോറിക്ക് പുറകിൽ ഇന്നോവ കാർ ഇടിച്ചു കയറി; രണ്ട് പേർ മരിച്ചു
പാലക്കാട്: വാളയാർ ആർടിഒ ഇൻ ചെക്ക്‌പോസ്റ്റിന് സമീപം നിർത്തിയിട്ട കണ്ടെയ്‌നർ ലോറിക്ക് പുറകിൽ ഇന്നോവ കാർ ഇടിച്ചു കയറി രണ്ട് പേർ മരിച്ചു. തമിഴ്‌നാട് കൂത്തമ്പാളയം പിരിവ് അണ്ണാനഗർ നോർത്ത് സ്വദേശികളായ ബാലാജി(49), മുരുകേശൻ(40) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് ബദറുദ്ദീൻ (40), ഡ്രൈവർ മൈനുദീൻ (38) എന്നിവർക്ക് പരിക്കേറ്റു.
വ്യാഴം പുലർച്ചെ 4.45 നാണു അപകടമുണ്ടായത്. തിരുപ്പൂരിലെ ബനിയൻ കമ്പനി ഉടമകളായ ബാലാജിയും മുരുകേശനും വ്യാപാര ആവശ്യത്തിനായി എത്തിയ വിദേശികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രയാക്കാൻ പോയി മടങ്ങവെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. അപകടത്തിൽ കാർ പൂർണമായും തകർന്നു.
കഞ്ചിക്കോട് അഗ്‌നിശമന സേന, വാളയാർ പൊലീസ് എന്നിവർ സംഭവ സ്ഥലത്തെത്തി കാറിന്റെ ഡോർ, ബോണറ്റ് എന്നിവ മുറിച്ച് മാറ്റിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റവരെ ആദ്യം വാളയാറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലേക്കും മാറ്റി.
കഞ്ചിക്കോട് അഗ്‌നിശമന ഗ്രേഡ് അസി സ്റ്റേഷൻ ഓഫിസർ എം രമേഷ്‌കുമാർ, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ എസ് സുഭാഷ്, മുഹമ്മദ് ഷഹദാസ്, ഡി സജിത്ത്, കെ ആർ സുബിൻ, എസ് വിപിൻ, എസ് ഷാജി, ഹോംഗാർഡ്മാരായ സി രാജൻ, ആർ നാഗദാസൻ, സി കരുണാകരൻ, സി അബ്ദുൽ റസാഖ് വാളയാർ എസ് ഐ ആർ രാജേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. സംഭവത്തിൽ വാളയാർ പൊലീസ് കേസെടുത്തു.
മറുനാടന് മലയാളി ബ്യൂറോ