റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഉതിമൂട് ജങ്ഷനിൽ സ്‌കോർപിയോ വാൻ ടയർപൊട്ടി ക്രാഷ് ബാരിയറിൽ ഇടിച്ചു മറിഞ്ഞ് രണ്ടു യുവാക്കൾ മരിച്ചു. ഈട്ടിച്ചുവട് മാലിപ്പറമ്പിൽ സിജോ (18), അയൽവാസിയും റാന്നി സ്റ്റേഷൻ എഎസ്ഐയുമായ കൃഷ്ണൻകുട്ടിയുടെ മകൻ ഈട്ടിച്ചുവട് മരോട്ടി പതാലിൽ യദുകൃഷ്ണൻ(18) എന്നിവരാണ് മരിച്ചത്.

അഞ്ചു പേർക്ക് പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. പത്തനംതിട്ടയിൽ ഒരു ചടങ്ങിൽ പെങ്കടുക്കുന്നതിന് വേണ്ടി പോവുകയായിരുന്ന സുഹൃത്തുക്കൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പിൻസീറ്റിലിരുന്ന സിജോയും യദുവും വാഹനത്തിന്റെ ചില്ല് തകർന്ന് തെറിച്ച് സമീപത്തെ പറമ്പിൽ വീണു.

വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് രണ്ടു പേർ കൂടി അപകടത്തിൽപ്പെട്ടുവെന്ന് മനസിലായത്. ഇവരെ ഉടൻ തന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടി ഉപരി പഠനത്തിന് തയ്യാറെടുത്തിരിക്കുകയായിരുന്നു യദു കൃഷ്്ണൻ.