പത്തനംതിട്ട: അതിദാരുണമായ ഒരു കാർ അപകടമാണ് ശനിയാഴ്ച പുലർച്ചെ ജില്ലാ സ്റ്റേഡിയത്തിന് സമീപം നടന്നത്. ഒരു യുവാവ് മരിച്ചു. കാറിലുണ്ടായിരുന്നവരും പിന്നാലെ വന്ന രണ്ട് ബൈക്ക് യാത്രികരും അടക്കം നാലു പേർക്ക് പരുക്കേറ്റു. ഓമല്ലൂർ പറയനാലി വല്യവീട്ടിൽ ഷിബിൻബാബു (26) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 12.30 നാണ് അപകടം നടന്നത്. സെന്റ് പീറ്റേഴ്സ് ജങ്ഷനിൽ നിന്നും പാഞ്ഞു വന്ന കാർ റിങ് റോഡിലെ പോസ്റ്റ് ഇടിച്ചു തകർത്ത് അരികിൽ നിന്ന വന്മരത്തിൽ ഇടിച്ച് താഴ്ചയിലുള്ള സ്റ്റേഡിയം റോഡിലേക്ക് മറിയുകയായിരുന്നു. കമ്പി പൊട്ടി വീണ ഉടൻ തന്നെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. എന്നാൽ ഒടിഞ്ഞ കമ്പി കാറിന് പിന്നാലെ വന്ന ബൈക്ക് യാത്രക്കാരുടെ ശരീരത്തിലേക്ക് അടിച്ചും തുളച്ചും കയറി.

കാറിൽ മൂന്നുപേരാണ് ഉണ്ടായിരുന്നത്. കുറുകെ ചാടിയ നായയെ കണ്ട് വെട്ടിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം എന്നാണ് കാറിലുണ്ടായിരുന്ന രണ്ടു പേരുടെ മൊഴി. കാർ നിശേഷം തകർന്നു. വലിയ ശബ്ദം കേട്ട് സ്റ്റേഡിയത്തിലെ സെക്യൂരിറ്റിയും സമീപത്ത് തെരഞ്ഞെടുപ്പ് പോസ്റ്റർ ഒട്ടിച്ചു നിന്നവരും ഓടി എത്തിയപ്പോഴാണ് അപകടം അറിയുന്നത്. ഉടൻ തന്നെ അവർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. കാറിന്റെ ചില്ല് പൊട്ടിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. കാർ ഓടിച്ചിരുന്നത് ഷിബിൻ ആയിരുന്നു. കാറിൽ കുടെയുണ്ടായിരുന്ന സുഹൃത്തുക്കളായ വാര്യാപുരം സ്വദേശികളായ അജിത്ത്, സന്ദീപ് എന്നിവരെ പരിക്കുകേളാടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പത്തനംതിട്ട ബിസ്മി ഷോറൂമിലെ ജീവനക്കാരനാണ് ഷിബിൻ. ഭാര്യയും മൂന്നര വയസുള്ള ഒരു കുട്ടിയുമുണ്ട്