- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിറയെ പച്ചമണ്ണുമായി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത് മറ്റൊന്നിന് പിന്നിൽ; തകർന്ന ക്യാബിനിൽ ഡ്രൈവർ കുരുങ്ങി കിടന്നത് രണ്ടര മണിക്കൂർ; ക്യാബിനിൽ കയറി ഡ്രിപ്പും പ്രഥമ ശുശ്രൂഷയും നൽകി മെയിൽ നഴ്സ്; ഡ്രൈവർ മനോജ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി
അടൂർ: നിറയെ പച്ചമണ്ണുമായി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത് എതിരേ വന്ന മറ്റൊന്നിന്റെ മധ്യഭാഗത്ത്. ക്യാബിൻ തകർന്ന് അതിനുള്ളിൽ അരയ്ക്ക് കീഴോട്ട് കുടുങ്ങിപ്പോയ ഡ്രൈവറെ രണ്ടര മണിക്കൂർ നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ രക്ഷിച്ച് പുറത്തെത്തിച്ചു. അപകടത്തിൽ മനോനില തകർന്നു പോയ ഡ്രൈവർക്ക് ഫയർഫോഴ്സ് ജീവനക്കാർ ക്യാബിനിൽ കയറി കൂട്ടിരുന്നു. 108 ആംബുലൻസിലെ മെയിൽ നഴ്സ് പ്രാഥമിക പരിചരണവും ഡ്രിപ്പും നൽകി.
കായംകുളം-പുനലൂർ റോഡിൽ മരുതിമൂട് ജങ്ഷനിൽ ബുധനാഴ്ച രാവിലെ 10.30 നായിരുന്നു അപകടം. ക്യാബിൻ വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തിയ ഡ്രൈവർ ചെങ്ങന്നൂർ വാഴാർമംഗലം വെട്ടുകാട്ടിൽ മനോജ് (34) പരുക്കുകളോടെ അടൂർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. ഇയാൾ അപകട നില തരണം ചെയ്തു. പുനലൂരിൽ നിന്ന് പച്ച മണ്ണുമായി മാവേലിക്കരയിലേക്ക് വന്ന ടോറസാണ് എതിരേ വന്ന ടോറിന്റെ ക്യാബിന് പിന്നിൽ മധ്യഭാഗത്തായി ഇടിച്ചു കയറിയത്.
നിറയെ ലോഡും സാമാന്യം വേഗവും ഉണ്ടായിരുന്നതിനാൽ ഡ്രൈവർ ക്യാബിൻ തവിടു പൊടിയായി. എതിരേ വന്ന ലോറിയിൽ കുടുങ്ങിക്കിടക്കുയും ചെയ്തു. അപകടം നടന്നതോടെ കെപി റോഡിൽ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും 108 ആംബുലൻസും പാഞ്ഞെത്തി. ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷിക്കാനുള്ള നീക്കമാണ് ആദ്യം നടന്നത്. ജെസിബി ഉപയോഗിച്ച് വാഹനങ്ങൾ വേർപെടുത്താൻ നോക്കിയപ്പോഴാണ് സംഗതി ഉദ്ദേശിച്ചതിലും സങ്കീർണമാണെന്ന് മനസിലായത്.
ക്യാബിനിൽ ഡ്രൈവർ കുടുങ്ങി കിടക്കുന്നതിനാൽ അത്ര എളുപ്പം നീക്കി മാറ്റാൻ കഴിയുമായിരുന്നില്ല. വാഹനം അനക്കുമ്പോൾ കുടുങ്ങിക്കിടക്കുന്ന ഡ്രൈവർക്ക് അത് ഭീഷണിയാകും. പരുക്കേറ്റ ഡ്രൈവർ മനോജ് ഇതിനകം അവശനിലയിലായി. കടുത്ത ചൂടും വേദനയും കാരണം തകർന്നു പോയ മനോജിന് ധൈര്യം പകർന്ന് ഫയർഫോഴ്സ് ജീവനക്കാർ ക്യാബിനുള്ളിൽ കടന്നു. 108 ആംബുലൻസിലെ മെയിൽ നഴ്സ് ജാക്സൺ പ്രാഥമിക ശൂശ്രൂഷ നൽകി. ക്ഷീണം മാറ്റാൻ ഡ്രിപ്പും നൽകി.
രക്ഷാപ്രവർത്തനം തുടന്നു. ഫയർഫോഴ്സ് ജീവനക്കാർ കൊരുത്തു കിടന്ന ഭാഗങ്ങൾ ഹൈഡ്രോളിക്ക് കട്ടർ കൊണ്ട് മുറിച്ചു നീക്കി. തുടർന്ന് രണ്ട് ക്രെയിനും ജെസിബിയും ഉപയോഗിച്ച് ഇരു ടോറസുകളും വേർപെടുത്തി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ജനറൽആശുപത്രിയിലേക്ക് മാറ്റി. കാലിന് ഒടിവും ചതവുമുള്ള ഡ്രൈവർ മനോജ് അപകട നില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടര മണിക്കൂർ കെപി റോഡിൽ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് വൻ ജനാവലി തന്നെ അപകട സ്ഥലത്ത് തടിച്ചു കൂടി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്