അടൂർ: ബൈക്കിൽ സഹപാഠിയുമൊത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് പോയി മടങ്ങിയ പതിനാറുകാരൻ അപകടത്തിൽ മരിച്ചു. നിയന്ത്രണം വിട്ട് ബൈക്ക് കെ.എസ്ആർടിസി ബസിലിടിച്ചാണ് അപകടം. വയല നന്ദനത്തിൽ രാധാകൃഷ്ണനുണ്ണിത്താന്റെയും ലക്ഷ്മിയുടെയും മകൻ യദുകൃഷ്ണൻ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി പരുത്തിപ്പാറ സ്വദേശി അജ്മലി(16)നെ പരുക്കുകളോടെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് നാലിന് കെ.പി റോഡിൽ പറക്കോടിനു സമീപം വച്ചാണ് സംഭവം. പറക്കോട് അമൃത ബോയ്സ് സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടം. ബസ് അടൂർ ഭാഗത്തും നിന്നും പത്തനാപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. യദുകൃഷ്ണന്റെ സഹോദരന്റേതാണ് ബൈക്ക്. യദുവാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സഹോദരൻ: നന്ദു കൃഷ്ണൻ.