തിരുവല്ല: തലച്ചോറ് ചിന്നിച്ചിതറിയ നിലയിൽ യുവാവിന്റെ മൃതശരീരം നഗരമധ്യത്തിലെ റോഡരികിൽ കാണപ്പെട്ടു. കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശം പുത്തൂപറമ്പിൽ പരേതനായ വർഗീസ് തോമസിന്റെ മകൻ നെവിൻ തോമസ് (35) ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ എം സി റോഡരികിൽ കാണപ്പെട്ടത്.

ഹോട്ടൽ തിലകിലേക്ക് കയറുന്ന ഭാഗത്ത് ഇടതു വശത്തായാണ് മൃതദേഹം കാണപ്പെട്ടത്. തിലകിനടുത്തുള്ള പാഴ്സൽ കമ്പനിയിലേക്ക് വന്ന ലോറിയുടെ പിൻചക്രങ്ങൾക്കിടയിൽ നിന്നും മൽഗാഡിനിടയിൽ നിന്നും ശരീര അവശിഷ്ടങ്ങൾ കണ്ടെടുത്തതായി പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. ഈ ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ താൻ ഒന്നും കണ്ടിട്ടില്ലന്ന് ഡ്രൈവർ പറയുന്നു.

വ്യാഴാഴ്ച രാത്രി 11 മണിക്ക് യുവാവ് വീട്ടിൽ നിന്ന് പോയതാണെന്ന് വീട്ടുകാർ പറയുന്നു. ബാർ ഹോട്ടലിന് മുന്നിൽ യുവാവിന്റെ ബൈക്ക് ഇരിപ്പുണ്ട്. തിരിച്ചറിയൽ കാർഡും ലൈസൻസും അടങ്ങിയ പേഴ്സ് ബാർ ഹോട്ടലിന് സമീപത്തുള്ള റോഡിലെ വളർന്ന് നിൽക്കുന്ന പുല്ലിനിടയിൽ നിന്നും പൊലീസ് കണ്ടെടുത്തു. രാത്രി അമിതമായി മദ്യപിച്ചിരുന്ന യുവാവിനെ ബാറിൽ നിന്നും ഇറക്കി വിട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കിടക്കുന്നത് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി വിശദമായ പരിശോധന നടത്തി എട്ട് മണിയോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ശനിയാഴ്ച കോവിഡ് പരിശോധനാ ഫലം വന്ന ശേഷം പോസ്റ്റ്മോർട്ടം നടത്തും.സംസ്‌കാരം പിന്നീട്. അമ്മ: അന്നമ്മ തോമസ് (ലില്ലികൂട്ടിസെന്റ് ജോർജ് ബേക്കറി). നെവിന് ഒരു മകളുണ്ട്.

അതേ സമയം ചില ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി കാണിച്ച് നെവിന്റെ അമ്മ ലില്ലികുട്ടി കഴിഞ്ഞ ദിവസം സി ഐ ക്ക് പരാതി നൽകിയിരുന്നു. ആരെങ്കിലും അപായപ്പെടുത്തി ഇട്ടതാണോ അതോ അപകട മരണമാണോ എന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട് .