പത്തനംതിട്ട: ഡ്യൂട്ടി കഴിഞ്ഞ മകനൊപ്പം വീട്ടിലേക്ക് മടങ്ങിയ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരി ഷാൾ ബൈക്കിന്റെ പിൻചക്രത്തിൽ കുരുങ്ങി റോഡിലേക്ക് തലയിടിച്ചു വീണു മരിച്ചു. നരിയാപുരം വളവിൽ സോനുഭവനം കുഞ്ഞു കുഞ്ഞിന്റെ മകൾ വി.ആർ. സുജാത(52)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പന്തളം-പത്തനംതിട്ട റോഡിൽ കാക്കമുക്ക് പള്ളിക്ക് മുന്നിൽ വച്ചാണ് അപകടം. ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരിച്ചു.

കുളനട മൃഗാശുപത്രിയിൽ അറ്റൻഡറാണ് സുജാത. ലോക്ഡൗൺ പ്രമാണിച്ച് ഉച്ച വരെ മാത്രമായിരുന്നു സുജാതയ്ക്ക് ഡ്യൂട്ടി. അത് കഴിഞ്ഞ് മകൻ സോനുവിനൊപ്പം വരുമ്പോഴാണ് അപകടം. കേരള എൻ.ജി.ഒ സംഘ് മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സംസ്ഥാന വനിതാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും ആയിരുന്നു. ബിജെപിയുടെ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

സർക്കാർ ജോലി കിട്ടുന്നതിന് മുൻപ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്.മക്കൾ: സോനു, സോജൂ, സോജി. സംസ്‌കാരം ചൊവ്വാഴ്ച വീട്ടു വളപ്പിൽ.