പന്തളം: നാലുവർഷം മുമ്പ് വിവാഹിതയായി കേരളത്തിൽ വന്ന ശ്രീലങ്കൻ സ്വദേശിനി സ്‌കൂട്ടർ മിനിലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ഭർതൃമാതാവിന് ഗുരുതരമായി പരുക്കേറ്റു. പൂഴിക്കാട് വടക്കേ കൊല്ലംപറമ്പിൽ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭർതൃമാതാവ് രാധാകുമാരി(58)യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


ബുധൻ വൈകിട്ട് അഞ്ചേകാലോടെ എംസി റോഡിൽ കുരമ്പാല ഹനുമത് ദേവീക്ഷേത്രത്തിനു സമീപമാണ് അപകടമുണ്ടായത്. കുരമ്പാല ഭാഗത്തേക്കു പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഓടയുടെ മൂടിക്കുള്ള സ്ലാബുമായി വന്ന മിനിലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ ദിവ്യ മരിച്ചു. നാലു വർഷം മുമ്പാണ് ബിനു വിവാഹം കഴിച്ചത്. മകൻ ദേവദത്തൻ (രണ്ടര വയസ്).