പത്തനംതിട്ട: അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ ദമ്പതികളിൽ ഭർത്താവ് പിന്നാലെ വന്ന തടിലോറി കയറി മരിച്ചു. പേഴുംപാറ പത്താം ബ്ലോക്ക് കടവുപുരയ്ക്കൽ ദേവസ്യ ആന്റണി (57 )ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെ വടശേരിക്കര-ചിറ്റാർ റോഡിൽ വടശേരിക്കര മലങ്കര കത്തോലിക്കാ പള്ളിക്ക് സമീപമാണ് അപകടം.

അമിത വേഗത്തിലെത്തിയ ഓട്ടോറിക്ഷ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ റോഡിലേക്ക് ഇടിച്ചിടുകയായിരുന്നു. പിന്നാലെയെത്തിയ തടി കയറ്റി വന്ന ലോറിയുടെ ചക്രങ്ങൾ തലയിൽ കയറിയിറങ്ങി ദേവസ്യ തൽക്ഷണം മരിച്ചു. ഭാര്യ ആശ ജോർജ് ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം അത്ഭുതകരമായി രക്ഷപെട്ടു. സ്‌കൂട്ടറിലിടിച്ച ഓട്ടോറിക്ഷ നിർത്താതെ പോയി. ബൗണ്ടറി മേഖലയിലെ ചുമട്, കയറ്റിറക്ക് തൊഴിലാളിയായ ദേവസ്യ ജോലി കഴിഞ്ഞു വീട്ടുസാധനങ്ങൾ വാങ്ങാനായി ഭാര്യയോടൊത്ത് വടശേരിക്കരയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പെരുനാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.