എരുമേലി: ബുളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ യാത്രക്കാരൻ മരിച്ചു. എരുമേലി -മുണ്ടക്കയം റോഡിൽ ചരളയ്ക്ക് സമീപം വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. ബുള്ളറ്റിൽ യാത്ര ചെയ്ത മക്കപ്പുഴ ലതാസദനം സന്തോഷ് കുമാർ (46) ആണ് മരിച്ചത്.

സ്‌കൂട്ടർ ഓടിച്ചിരുന്ന മണപ്പുറം ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനായ പമ്പാവാലി സ്വദേശി ജോമോനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരപ്പണിക്കാരനായ സന്തോഷ് ജോലിക്കായി ഇരുമ്പൂന്നിക്കരയിലേയ്ക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ഇരുവരും അപകടത്തിൽപ്പെട്ട് വഴിയിൽ കിടക്കുന്നത് കണ്ട് എരുമേലി പനച്ചിയിൽ ഷാമോൻ, വൃന്ദാവനം രാജീവ് എന്നിവരാണ് ഷാമോന്റെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്.

പരുക്കേറ്റവരെയുമായി ആദ്യം എരുമേലി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാരും ജീവനക്കാരുമില്ലാതിരുന്നതിനാൽ പിന്നീട് സോണി ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും സന്തോഷ് കുമാർ മരിച്ചു. എരുമേലി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.