പത്തനംതിട്ട: സഹപ്രവർത്തകനായ പുരോഹിതന് വന്ന കൊറിയർ എത്തിച്ചു നൽകാൻ വേണ്ടി രാത്രിയിൽ ബൈക്കിൽ പുറപ്പെട്ട കായികാധ്യാപകന് മീൻ കയറ്റി വന്ന ആപ്പേ പെട്ടിഓട്ടോയുമായി കൂട്ടിയിടിച്ച് ദാരുണാന്ത്യം.

കുമ്പഴ മൗണ്ട് ബഥനി സ്‌കൂളിലെ അദ്ധ്യാപകൻ പത്തനംതിട്ട അഴൂർ കോയിപ്പുറത്ത് വീട്ടിൽ ശിവൻകുട്ടിയുടെയും ഉഷയുടെയും കെ.എസ്. ശരത് (35) ആണ് മരിച്ചത്. എം.സി റോഡിൽ കൊട്ടാരക്കരയ്ക്ക് സമീപം പുത്തൂരിൽ വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ശരത് വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. കൊട്ടാരക്കരയിലെ സുഹൃത്തിന് വന്ന കൊറിയർ നൽകാൻ പോവുകയായിരുന്നു. യാത്രയ്ക്കിടെ ശരത് ഉറങ്ങിപ്പോയതാണ് അപകട കാരണമായി പറയുന്നത്. ബൈക്ക് പാഞ്ഞു വരുന്നത് കണ്ട് ആപ്പേ ഡ്രൈവർ വാഹനം നിർത്തി. അതിൽ വന്ന് ഇടിച്ചു കയറുകയായിരുന്നുവെന്ന് പറയുന്നു.

അപകടത്തിൽ ശരത്തിന്റെ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരുക്കേറ്റു. കാലിനും കൈക്കും ഒടിവും സംഭവിച്ചു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. കരളിനും മറ്റ് ആന്തരികാവയവങ്ങൾക്കുമുണ്ടായ ഗുരുതരമായ പരുക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക സൂചന. ഭാര്യ ദിൽന. മൃതദേഹം ശനിയാഴ്ച വൈകിട്ട് മൂന്നിന് കുമ്പഴ മൗണ്ട് ബഥനി സ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കും. ഞായർ രാവിലെ 10.30 ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.