- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സോളാർ ലൈറ്റ് സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് രാത്രി വിശ്രമിച്ച ശേഷം വീട്ടിലേക്ക് മടക്കം; മാരുതി വാനിൽ ബൈക്ക് ഇടിച്ചത് ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ; തൽക്ഷണം മരണം; കുമ്പനാട്ടെ ബൈക്ക് അപകടത്തിൽ മരിച്ച യുവാക്കളുടെ വിയോഗത്തിൽ തേങ്ങി നാട്
കോഴഞ്ചേരി: കുമ്പനാട് ജങ്ഷനിൽ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ മരിച്ച യുവാക്കളുടെ വിയോഗത്തിൽ നാട് വിതുമ്പുന്നു. കുടുംബം പുലർത്താൻ വേണ്ടി ജോലിക്ക് പോയി മടങ്ങുമ്പോഴുണ്ടായ അപകടത്തിൽ ഇലന്തൂർ കൈമോണിമണ്ണിൽ ഷാജിയുടെയും കുഞ്ഞുമോളുടെയും മകൻ കലേഷ് (23), ഇടപ്പരിയാരം ചെമ്പിനേത്ത് മേൽമുറിയിൽ ബാബുവിന്റെയും ഷിബയുടെയും മകൻ നിമേഷ് (ശ്രീക്കുട്ടൻ17) എന്നിവരാണ് മരിച്ചത്.
കുമ്പനാട് കവലയ്ക്ക് സമീപം രാവിലെ എട്ട് മണിയോടെയാണ് അപകടം. മാരുതി വാനിൽ യാത്ര ചെയ്തിരുന്ന പുല്ലാട് കുറവൻകുഴി വള്ളിപറമ്പിൽ ശാന്തമ്മ (70) ചെറുമകൻ സജയൻ (29) എന്നിവർക്ക് പരുക്കേറ്റു. തലയ്ക്ക് പരിക്കറ്റ ശാന്തമ്മയും കൈയ്ക്ക് പരിക്കേറ്റ സജയനും പുഷ്പഗിരി ആശുപത്രിയിൽ ചികിത്സ തേടി. ഇതേ ആശുപത്രിയിലേക്ക് ചെക്കപ്പിന് പോവുകയായിരുന്നു ഇവർ.
പണിമുടക്കായതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. ഓതറയിലുള്ള സോളാർ ലൈറ്റ് സ്ഥാപനത്തിന്റെ ജോലിക്കായി പോയ കമേലഷും നിമേഷും ഇന്നലെ രാത്രിയോടെ ജോലി കഴിഞ്ഞ് വിശ്രമിച്ച ശേഷം രാവിലെ ഏഴരയോടെ ഇലന്തൂരിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. കലേഷാണ് വാഹനം ഓടിച്ചിരുന്നത്.
മുൻപിൽ പോയ കാറിനെ മറി കടക്കുന്നതിനിടയിൽ എതിരെ വന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്കും വാനിന്റെ മുൻവശവും പൂർണമായും തകർന്നു. റോഡിൽ തെറിച്ചു വീണ് ചോര വാർന്ന ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ഫെലോഷിപ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബ്രേക്കിട്ട വാൻ എതിർ ദിശയിലേക്ക് തിരിഞ്ഞാണ് നിന്നത്. കാറിന്റെ മുൻ ഭാഗം പൂർണമായി തകരുകയും ഇടതു വശത്തെ മുൻസീറ്റ് ഇളകിപ്പോവുകയും ചെയ്തു.
ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ മരണത്തോടെ കുടുംബങ്ങളുടെ അത്താണി കൂടിയാണ് നഷ്ടമായത്.