പത്തനംതിട്ട: ജില്ലയ്ക്കിത് കറുത്ത ഞായർ. മണിമല, അച്ചൻകോവിൽ നദികളിലായി ഒഴുക്കിൽപ്പെട്ട് മൂന്നുപേർ മുങ്ങി മരിച്ചു. ഒരാളെ കാണാതായി.

തമിഴ്‌നാട് തെങ്കാശി തിരുനൽവേലി സ്വദേശികളായ 2 കുട്ടികളാണ് മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ മുങ്ങിമരിച്ചത്. മൃതദേഹങ്ങൾ കിട്ടി. തിരുനൽവേലി സ്വദേശി കാർത്തിക് (16), തെങ്കാശി തിരുനൽവേലി പനവടലി സത്രത്തിൽ ശബരി (15) എന്നിവരാണ് ഇന്ന് വൈകിട്ട് മൂന്നോടെ മല്ലപ്പള്ളിയിൽ മണിമലയാറ്റിലെ വടക്കൻ കടവിൽ മുങ്ങി മരിച്ചത്. മല്ലപ്പള്ളിയിൽ ബന്ധുവീട്ടിൽ വന്നവരാണ്. വടക്കൻ കടവിലെ കയത്തിലാണ് ഒഴുക്കിൽപ്പെട്ടത്. ഇവരുടെ കുടുംബം തൃശൂർ കൊടകരയിൽ താമസിക്കുകയാണ്.

ഇതിന് പിന്നാലെ വൈകിട്ട് നാലു മണിയോടെയാണ് അച്ചൻകോവിലാറ്റിൽ യുവാക്കൾ ഒഴുക്കിൽപ്പെട്ടത്. കൈപ്പട്ടൂർ-പന്തളം റോഡരുകിൽ പരുമല കുരിശടിക്ക് സമീപമാണ് ഏനാത്ത്, ഏഴംകുളം സ്വദേശികളായ സുധീഷ്, വിശാഖ് എന്നിവർ അപകടത്തിൽ പെട്ടത്. സുധീഷിന്റെ അപ്പച്ചിയുടെ മകൻ അരുണിന് ഒപ്പം ആണ് ഇവർ കുളിക്കാനായി പോയത്. ഇവർ മുങ്ങിത്താഴുന്നത് കണ്ടു അരുൺ ബഹളം വച്ചത് കേട്ട് തൊട്ടടുത്ത കടവിൽ കുളിച്ചുകൊണ്ടിരുന്ന സമീപവാസിയായ ഒരാൾ രക്ഷിക്കുവാൻ ശ്രമിച്ചുവെങ്കിലും ഇവർ മുങ്ങി താഴുകയായിരുന്നു. ഒരാളുടെ മൃതദേഹം കണ്ടെടുത്തു.