കോന്നി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ടൗൺ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ

മാങ്കുളം പാറേപ്പള്ളിക്ക് സമീപം സുധീർ മൻസിലിൽ അബ്ദുൽ കരീ(67)മാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 11.45 ഓടെ കോന്നി-കുമ്പഴ റോഡിൽ ചാങ്കൂർ ജങ്ഷനിലെ കാത്തിരുപ്പ് കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. കോന്നിയിൽ നിന്നും അട്ടച്ചാക്കലിലേക്ക് ഓട്ടം പോയി മടങ്ങി വരവേയാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്.

തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ കരീമിന്റെ വാരിയെല്ല് തകർന്ന് ശ്വാസനാളിയിൽ തറച്ചു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഓട്ടോയിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ഇവർ പരുക്കുകളില്ലാതെ രക്ഷപെട്ടു. ഡ്രൈവിങിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് ഓട്ടോ നിയന്ത്രണം വിടാൻ കാരണമായതെന്നും പറയപ്പെടുന്നു. കോന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം കോന്നി ടൗൺ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടത്തി. ഭാര്യ: സുബൈദാ ബീവി. മക്കൾ: സുധീർ, സുനീർ, സുധീന. മരുമക്കൾ: നിഷ, ആഷിദ, റഷീദ് (കാര്യറ).