- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏതോ ഒരു വൈകാരിക നിമിഷത്തിന്റെ പിഴ; വീട്ടിലേക്കുള്ള ഇടത്തേക്ക് തിരിയേണ്ട സ്ഥലം കഴിഞ്ഞെന്ന് പെട്ടെന്ന് ഓർത്തപ്പോൾ വലതു വശത്ത് നിന്നും ഇടത്തേക്ക് വേഗം തിരിച്ചു; ആ ചേച്ചിയോട് മാപ്പു പറയാം; പാലക്കാട് ടൗണിലെ ആ അപകടത്തിന് പിന്നിലെ 'വില്ലൻ' കുറ്റസമ്മതം നടത്തുമ്പോൾ
പാലക്കാട്: തന്റെ ഒരു നിമിഷത്തെ അശ്രദ്ധയാണ് സ്കൂട്ടർ യാത്രികയ്ക്ക് അപകടമുണ്ടാകാൻ കാരണമെന്നും അവരെ നേരിൽ കണ്ട് മാപ്പു പറയാൻ തയ്യാറാണെന്നും ആദർശ്. പാലക്കാട് ടൗണിൽ അശ്രദ്ധമായി സ്കൂട്ടറോടിച്ച് അപകടമുണ്ടാക്കിയ വിദ്യാർത്ഥി പരുത്തിപ്പുള്ളി ചേന്നംകോട് സ്വദേശി ആദർശ്(22) പൊലീസിന് മുൻപാകെയാണ് ഇക്കാര്യം പറഞ്ഞത്.
ബി.ടെക് വിദ്യാഭ്യാസത്തിന് ശേഷം ആറുമാസത്തെ മറ്റൊരു കോഴ്സിന് പഠിക്കാൻ പോയി വരുമ്പോഴായിരുന്നു അപകടം. അശ്രദ്ധമായി വാഹനം ഓടിച്ചത് അപ്പോഴുണ്ടായ ഏതോ ഒരു വൈകാരിക നിമിഷത്തിലാണ്. വീട്ടിലേക്ക് പോകാനായി ഇടത്തേക്ക് തിരിയേണ്ട സ്ഥലം കഴിഞ്ഞെന്ന് പെട്ടെന്ന് ഓർത്തപ്പോൾ വലതു വശത്ത് നിന്നും ഇടത്തേക്ക് വേഗം തിരിച്ചു. മറ്റൊരു സ്കൂട്ടറിൽ തട്ടിയെന്ന് മനസ്സിലായെങ്കിലും പേടിച്ചിട്ടാണ് നിർത്താതെ പോയത് എന്നും ആദർശ് പാലക്കാട് ട്രാഫിക് പൊലീസിന് മൊഴി നൽകി.
അപകടരമായി വാഹനം ഓടിച്ച് ജീവന് ഭീഷണിയുണ്ടാക്കിയതിന് ഐ.പി.സി 279 വകുപ്പ് പ്രകാരമാണ് ആദർശിനെതിരെ പൊലീസ് കേസെടുത്തത്. ഇയാൾ ഓടിച്ചിരുന്ന ആക്ടിവ സ്കൂട്ടർ പിടിച്ചെടുത്തിട്ടുണ്ടെന്നും നാളെ കോടതിയിൽ ഹാജരാക്കുമെന്നും ട്രാഫിക് എസ്.എച്ച്.ഒ എം.ഹംസ മറുനാടനോട് പറഞ്ഞു. അപകടത്തിൽപെട്ട സ്ത്രീ പരാതി നൽകിയിട്ടില്ല. ഇവർക്ക് പരുക്ക് പറ്റിയിട്ടില്ല എന്നാണ് അവിടെയുണ്ടായിരുന്നവർ പറഞ്ഞത്. അവർ ആരാണെന്ന് ഇതുവരെ കണ്ടെത്താനും കഴിഞ്ഞില്ല. കണ്ടെത്തിയാൽ അവരുടെ മൊഴി കൂടി രേഖപ്പെടുത്തുമെന്നും എസ്.എച്ച്.ഒ പറഞ്ഞു.
ആദർശ് ഫ്രീക്കന്മാരെ പോലെ അപടകരമായി വാഹനം ഓടിക്കുന്ന ആളല്ല എന്ന് അന്വേഷണത്തിൽ നിന്നും ബോദ്ധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അപകടകരമായി വാഹനം ഓടിക്കുകയും മറ്റൊരു വാഹനം ഇടിച്ചിട്ടതിനാലും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ആർ.ടി.ഒയ്ക്ക് ശുപാർശ നൽകി. ഇന്നലെ വൈകിട്ട് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ട്രാഫിക് പൊലീസ് അറിയിച്ചു.
ഫ്രീക്ക് സ്റ്റൈലിൽ ബസ്സിനെപ്പോലും കൂസാതെ വളഞ്ഞു പുളഞ്ഞ് പോകുന്നതും സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിടുന്നതുമൊക്കെ കൃത്യമായി ക്യാമറയിൽ പകർത്തിയത് യുവാവിനെ പിൻതുടർന്ന് വന്ന കാറിലെ യാത്രക്കാരായിരുന്നു. ഇവർ ഇത് ട്രോൾ പാലക്കാട് എന്ന ഗ്രൂപ്പിന് കൈമാറി. പിന്നീട് ഇയാളുടെ വാഹനനമ്പറടക്കം വച്ചാണ് ട്രോളുകളും വീഡിയോയും അപ്ലോഡ് ചെയ്തതും. വെള്ളിയാഴ്ച വൈകുന്നേരം 5.15-ന് പാലക്കാട് എസ്.ബി.ഐ. ജങ്ഷൻ സിഗ്നലിനടുത്ത് കുട്ടികളുടെ പാർക്കിന് സമീപത്തെ റോഡിലാണ് അപകടമുണ്ടായത്.
പാലക്കാട് ഭാഗത്തേക്ക് റോഡിന്റെ വലതുവശത്തുകൂടിവന്ന സ്കൂട്ടർ സിഗ്നൽനൽകാതെ ഇടത്തോട്ട് തിരിച്ച് ഇടതുഭാഗത്തുള്ള കെ.എസ്.ആർ.ടി.സി. റോഡിലേക്ക് പോവുകയായിരുന്നു. ഇടത്തോട്ട് തിരിക്കുന്നതിനിടെ സ്കൂട്ടറിന്റെ പിൻഭാഗം തൊട്ടുപിന്നിലുണ്ടായിരുന്ന സ്ത്രീ ഓടിച്ചിരുന്ന സ്കൂട്ടറിന്റെ മുൻവശത്തെ ചക്രത്തിൽത്തട്ടി. ഇതോടെ സ്ത്രീ ഓടിച്ച സ്കൂട്ടർ റോഡിൽവീണു. അപകടം കണ്ട് ഓടിയെത്തിയ ഓട്ടോറിക്ഷാത്തൊഴിലാളികളും പിന്നിലെത്തിയ യാത്രക്കാരും ചേർന്നാണ് റോഡിൽവീണ ഇവരെ താങ്ങി എഴുന്നേൽപ്പിച്ചത്. അപകടമുണ്ടായിക്കിയ സ്കൂട്ടർ നിർത്താതെ പോവുകയും ചെയ്തു.
തൊട്ടു പിന്നാലെ പാലക്കാട് ട്രോൾഗ്രൂപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെ പരാതിപ്രവാഹമായി. സ്കൂട്ടറിൽനിന്നുവീണ സ്ത്രീക്ക് സാരമായ പരിക്കുണ്ടായിരുന്നില്ല. ഇവർ പരാതി നൽകാത്ത സാഹചര്യത്തിൽ അപകടംനടന്ന സ്ഥലത്തുള്ളവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് പൊലീസ് കേസെടുക്കയായിരുന്നു.