- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് ടെസ്റ്റില്ലാതെ ലൈസൻസ് നേടാൻ അത്ര എളുപ്പമല്ല; അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ രാജ്യത്ത് തന്നെ എണ്ണത്തിൽ കുറവ്; കേരളത്തിലെ ഏക കേന്ദ്രം എടപ്പാളിൽ; കാലാവസ്ഥാ വ്യതിയാനങ്ങളിലെ ഡ്രൈവിങ് അടക്കം പരിശീലനം ശാസ്ത്രീയമായ രീതിയിൽ; ഒപ്പം ഓൺ റോഡ്, ഓഫ് റോഡ് പരിശീലനവും
എടപ്പാൾ: നിരത്തുകളിൽ വാഹനങ്ങൾ ഏറുന്നതിനൊപ്പം അപകടങ്ങളുടെ എണ്ണം കൂടിവരുന്നതാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ അനുഭവങ്ങൾ. ഇവയിൽ ഏറെയും അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന അപകടങ്ങളാണ്. എന്നാൽ മാറുന്ന കാലത്തിന് അനുസരിച്ച് അപകടങ്ങൾക്ക് തടയിടാനും മികച്ച ഡ്രൈവിങ് സംസ്‌കാരം വാർത്തെടുക്കുന്നതിനുമായി ശാസ്ത്രീയമായ പരിശീലനത്തിന് രാജ്യത്ത് തുടക്കമായിക്കഴിഞ്ഞു. ആധുനിക സംവിധാനങ്ങളെല്ലാം ഒരുക്കിയുള്ള അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ തന്നെയാണ് ഇതിനുള്ള പാഠശാല.
അക്രഡിറ്റഡ് ഡ്രൈവിങ് സ്‌കൂളിൽ പഠിച്ചവർക്ക് ഇനി റോഡ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് ലഭിക്കുമെന്ന വാർത്ത വന്നതോടെ ഇത്തരം അക്രഡിറ്റഡ് കേന്ദ്രങ്ങൾ എവിടെയുണ്ടെന്നു തിരഞ്ഞുതുടങ്ങിയിരുന്നു ആളുകൾ. കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെങ്കിലും നിലവിൽ വളരെ കുറച്ചുകേന്ദ്രങ്ങളേ രാജ്യത്തുള്ളൂ. ഒരു സംസ്ഥാനത്ത് ഒന്ന് എന്ന നിലയിലാണ് ഇപ്പോൾ മാതൃകാ കേന്ദ്രങ്ങളുള്ളത്. കേരളത്തിലെ മാതൃകാകേന്ദ്രം മലപ്പുറം ജില്ലയിലെ എടപ്പാൾ കണ്ടനകത്താണ്.
2014ൽ ആണ് എടപ്പാൾ കണ്ടനകത്തെ കെഎസ്ആർടിസിയുടെ 13 ഏക്കർ സ്ഥലം 30 വർഷത്തേക്ക് പാട്ടത്തിന് എടുത്ത് ഇവിടെ ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച് സെന്ററിന് തുടക്കമിടുന്നത്. 17 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഓഫിസ്, കന്റീൻ, പരിശീലന കേന്ദ്രം, ക്ലാസ് മുറികൾ, ഹോസ്റ്റൽ, ഡ്രൈവിങ് ട്രാക്ക് എന്നിവയെല്ലാം സജ്ജീകരിച്ചു. ട്രാക്ക് നിർമ്മാണവും അനുബന്ധ സംവിധാനങ്ങളും ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്.
റോഡിൽ വാഹനവുമായിറങ്ങുന്ന ഒരു ഡ്രൈവർ നേരിടേണ്ടിവരുന്നത് എന്തെല്ലാമാണോ അതെല്ലാം അക്രഡിറ്റഡ് കേന്ദ്രത്തിൽ കൃത്രിമമായി നിർമ്മിച്ച് അവിടെയാണു പരിശീലനം നൽകുന്നത്. റോഡിലെ കയറ്റം, ഇറക്കം, വളവ്, ഗർത്തം, രാത്രി സമയങ്ങളിലെ വെളിച്ച വിന്യാസം തുടങ്ങിയവയെല്ലാം അതേപടി ഒരുക്കിയുള്ള ട്രാക്ക് ആണ് സജ്ജീകരിക്കുക.
മഴ, മഞ്ഞ് എന്നീ കാലാവസ്ഥാ വ്യതിയാനങ്ങളിലെ ഡ്രൈവിങ് സംബന്ധിച്ചും അവബോധം നൽകും. ഓൺ റോഡ്, ഓഫ് റോഡ് പരിശീലനവും ലഭിക്കും. ഡ്രൈവിങ് സീറ്റിലിരുന്ന് ക്ലച്ചും ഗിയറും ആക്‌സിലറേറ്ററും ഉപയോഗിക്കാൻ മാത്രം പഠിക്കുന്നതിനു പകരം, വാഹനത്തിന്റെ ഡോർ തുറക്കുന്നതു മുതൽ ഓയിലും വെള്ളത്തിന്റെ തോതും പരിശോധിക്കുക, കണ്ണാടികളുടെ പ്രവർത്തനം നിരീക്ഷിക്കുക, സീറ്റ് ബെൽറ്റ് ഉപയോഗം, സിഗ്‌നലുകളുടെ പ്രവർത്തനം, കയറ്റത്തിലും ഇറക്കത്തിലും നിർത്തിയ ശേഷം വാഹനം എടുക്കുന്നത്, പാർക്കിങ് സമയത്ത് പാലിക്കേണ്ട നിയമങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ഇവിടെ കൃത്യമായി പഠിപ്പിക്കും.
ഡ്രൈവിങ് ലൈസൻസിന് അപേക്ഷിച്ചവർക്കുള്ള ക്ലാസുകളും നൽകുന്നണ്ട്.ചെറിയ വാഹനങ്ങൾക്ക് പുറമേ ഭാരവാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്കും പരിശീലനമുണ്ട്. അശ്രദ്ധമായി ഡ്രൈവിങ് നടത്തി പിഴയൊടുക്കുന്നവർക്കുള്ള പരിശീലന ക്ലാസുകളാണ് നിലവിൽ ഇവിടെ നടക്കുന്നത്. അപകടത്തിൽപെടുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കും ഇവിടെ നിശ്ചിത ദിവസം നിർബന്ധിത പരിശീലനം നൽകുന്നുണ്ട്. ഇതിനു പുറമേ പുതിയതായി ലൈസൻസിന് അപേക്ഷിക്കുന്നവർ ഇവിടത്തെ ക്ലാസിൽ പങ്കെടുത്തതായി തെളിയിക്കുന്ന രേഖയും സമർപ്പിക്കണം. ഇവിടെ ഒരുക്കിയ പുതിയ സംവിധാനം വഴി പരിശീലകർക്കും പുതിയ കാലത്തെ ഡ്രൈവിങ് വൈദഗ്ധ്യവും രീതികളും സ്വായത്തമാക്കാനാകും.
നിലവിൽ ഡ്രൈവിങ് സ്‌കൂളുകളിൽ പരിശീലനം നേടി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വാഹനം ഓടിച്ച് മികവ് തെളിയിക്കുന്നവർക്കാണ് ലൈസൻസ് ലഭിക്കുക. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ഇത്തരം അക്രഡിറ്റഡ് കേന്ദ്രങ്ങളിൽ പഠിച്ച ശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ എംവിഐമാർ ലൈസൻസ് അനുവദിക്കുകയാണ് ചെയ്യുക. നിലവിലെ സാഹചര്യത്തിൽ ഡ്രൈവിങ് സ്‌കൂളുകളിൽ പഠനം നടത്തി എംവിഐമാർ ലൈസൻസ് നൽകുന്ന രീതി തുടരും.
രാജ്യത്ത് പുതിയതായി അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതോടെ നിലവിലെ ഡ്രൈവിങ് രീതി തന്നെ മാറും. സ്വകാര്യ പങ്കാളിത്തത്തിൽ ഇത്തരം കേന്ദ്രങ്ങൾക്കാണ് ഇനി തുടക്കമാവുക. ഇതിനായി 3 ഏക്കർ സ്ഥലം, വർക്ഷോപ്, ഡ്രൈവിങ് സിമുലേറ്റർ, ടെസ്റ്റ് ട്രാക്ക് എന്നിവയെല്ലാം ഒരുക്കണം. നിശ്ചിത ഫീസ് ഇതിനായി ഈടാക്കും.
നിലവിൽ പഴയ പടി മോട്ടർ വാഹന വകുപ്പ് ലൈസൻസ് നൽകുന്ന രീതി മാറി കാലക്രമേണ ഇത്തരം കേന്ദ്രങ്ങളിൽ പഠിച്ചിറങ്ങുന്നവർക്ക് ലൈസൻസ് ലഭിക്കുന്ന രീതിയിലേക്ക് ഡ്രൈവിങ് രംഗം മാറുമെന്നാണ് അധികൃതർ പറയുന്നത്. മാറിയ കാലത്തിന് അനുസരിച്ച് അപകടങ്ങൾക്ക് തടയിടാനും മികച്ച ഡ്രൈവിങ് സംസ്‌കാരം വാർത്തെടുക്കാനും ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഗുണകരമാകുമെന്ന് കണ്ടനകം ഐഡിടിആർ മുൻ ഡയറക്ടർ എം.എൻ.പ്രഭാകരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ