- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവാസികളെ വീടുകയറി ആക്രമിച്ചു; പിടികൂടാനെത്തിയ പൊലീസ് സംഘത്തിനെ ഓടുമുറി കൊണ്ട് തുരുതുരാ എറിഞ്ഞ് പ്രതിരോധിച്ചു: ഏറുകൊണ്ട് എസ്എച്ച്ഒയും എസ്ഐയും എഎസ്ഐയും വീണപ്പോൾ പൊലീസ് പിന്മാറി; ഇന്ന് രാവിലെ കസ്റ്റഡിയിൽ എടുക്കാൻ ചെന്നപ്പോൾ കണ്ടത് തൂങ്ങിയാടുന്ന മൃതദേഹം: പത്തനംതിട്ട കോയിപ്രത്ത് മരിച്ചത് ക്രിമിനൽ കേസുകളിൽ പ്രതിയായ സാബു ഡാനിയൽ
പത്തനംതിട്ട: അയൽവാസികളെ ആക്രമിച്ചെന്ന കേസിൽ പിടികൂടാൻ വന്ന പൊലീസ സംഘത്തെ ക്രിമിനൽ കേസ് പ്രതി എറിഞ്ഞു വീഴ്‌ത്തി. പരുക്കേറ്റു വീണ പൊലീസുകാരെ ആശുപത്രിയിൽ എത്തിച്ച് മടങ്ങി വന്ന പൊലീസുകാർ കണ്ടത് തൂങ്ങി മരിച്ചു നിൽക്കുന്ന പ്രതിയെ. കോയിപ്രം സ്റ്റേഷൻ പരിധിയിൽ ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമായി നടന്ന സംഭവ വികാസങ്ങൾക്കൊടുവിൽ തൂങ്ങി മരിച്ചത് കോയിപ്രം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം കാഞ്ഞിരത്തറ കിഴക്ക് സാബു ഡാനിയലാണ് (45). വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളിൽ പ്രതിയാണ് സാബു.
ചൊവ്വാഴ്ച രാത്രിയാണ് അയൽപക്കത്തെ വീട് അടിച്ചു തകർത്ത കേസിൽ ഇയാളെ അന്വേഷിച്ച് പൊലീസ് എത്തിയത്. എസ്എച്ച്ഓ അടങ്ങുന്ന സംഘത്തിന് നേരെ മേച്ചിൽ ഓടിന്റെ കഷണം കൊണ്ട് സാബു തുരുതുരാ എറിഞ്ഞു. ഏറു കൊണ്ട് നെറ്റിക്ക് പരുക്കേറ്റ് എസ്ഐ ഹുമയൂൺ വീണു. പൊലീസ് ഇൻസ്പെക്ടർ വി ജോഷിക്കും എഎസ്ഐ മോഹനനും കാലിന് പരുക്കേറ്റു. ഇതോടെ പൊലീസ് പ്രതിയെ വിട്ട് സഹപ്രവർത്തകനെ രക്ഷിക്കാൻ പാഞ്ഞു. സബ് ഇൻസ്പെക്ടർ ഹുമയൂണിന്റെ ഇടത് പുരികത്തിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. ഹുമയൂണിനെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഇന്ന് രാവിലെ കസ്റ്റഡിയിലെടുക്കാൻ സാബുവിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് തൂങ്ങി നിൽക്കുന്ന മൃതദേഹം കണ്ടത്. വീടിന് ചുറ്റും കാടുപിടിച്ചു കിടക്കുകയാണ്. ലഹരിക്ക് അടിമപ്പെട്ട ഇയാൾ അയൽവാസികളുമായി പലപ്പോഴും സംഘർഷത്തിലേർപ്പെടാറുണ്ട്. ഇക്കാരണത്താൽത്തന്നെ ധാരാളം കേസുകളുമുണ്ട്. കോയിപ്രം സ്റ്റേഷനിൽത്തന്നെ 26 കേസുകളിൽ പ്രതിയായിരുന്നു. ആറന്മുള, ചെങ്ങന്നൂർ, തൃശൂർ, വിയ്യൂർ പൊലീസ്‌സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ വേറെയും കേസുകളുണ്ട്.
തിരുവല്ല സബ് കലക്ടർ ചേതൻ കുമാർ മീണ, തഹസിൽദാർ ജോൺ വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും പൊലീസ് ഫോറൻസിക് വിഭാഗവും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനായ സാബു ഡാനിയൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. സഹോദരിയുടെ ഭർത്താവുൾപ്പെടെയുള്ള ബന്ധുക്കളാണ് ഇൻക്വസ്റ്റ് നടപടികൾക്ക് പൊലീസുമായി സഹകരിച്ചത്. സാബുവിന്റെ പ്രാഥമിക കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവാണ്. എന്നാൽ സ്രവം പരിശോധനാ ഫലം വന്ന ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്