- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകരുടെ പ്രാർത്ഥനകൾക്കൊപ്പം ചികിത്സയും ഫലം കണ്ടു; ഹൃദയാഘാതം മൂലം ഗുരുതര അവസ്ഥയിലായ നടൻ കൈലാസ് നാഥിന്റെ നില ഭേദമായി; ഇന്ന് ആശുപത്രി വിടും; പരിപൂർണ്ണ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ; കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആരോഗ്യനില വീണ്ടെടുത്ത ശേഷം മാത്രം
കൊച്ചി: കരൾ രോഗത്തിനിടെ ഹൃദയാഘാതം വന്ന് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇന്ന് ആശുപത്രി വിടും. അപകട നില തരണം ചെയ്തുവെങ്കിലും 3 തവണ ഹൃദയാഘാതം വന്നതിനാൽ ഏറെ ശ്രദ്ധവേണമെന്ന നിർദ്ദേശത്തോടെയാണ് ആശുപത്രി അധികൃതർ ഇന്ന് ഡിസ്ചാർജ് നൽകിയത്. ഹൃദയാരോഗ്യം പൂർവ്വ സഥിതിയിലായാൽ മാത്രമേ കരൾ മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയ നടത്താനാവൂ. അതു വരെ വീട്ടിൽ പരിപൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. വൈകുന്നേരത്തോടു കൂടി തൃപ്പൂണിത്തുറയിലെ വീട്ടിലെത്തുമെന്നാണ് മകൾ ധന്യാ കൈലാസ് മറുനാടനോട് പറഞ്ഞത്.
കഴിഞ്ഞ 7 നാണ് കൈലാസ് നാഥിനെ പാലാരിവട്ടത്തെ റെനൈ മെഡിസിസിറ്റിയിൽ പ്രവേശിപ്പിച്ചത്. ഏതാണ്ട് 25 വർഷക്കാലത്തോളമായി പ്രമേഹവും ഹൃദയസംബന്ധമായ അസുഖവുമൊക്കെയായി കൈലാസ് ചികിത്സയിലായിരുന്നു. കുറച്ച് നാൾ മുൻപ് ഒരു സർജ്ജറി വേണ്ടിവന്നു. അതിനുവേണ്ടി പരിശോധന നടത്തിയപ്പോഴാണ് ലിവറിന്റെതുൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അറിയുന്നത്. പക്ഷെ അപ്പോഴേക്കും അതിന്റെ സ്റ്റേജ് കുറച്ച് കടന്നിരുന്നു. കരൾ മാറ്റിവെക്കൽ മാത്രമാണ് പരിഹാരമെന്നായിരുന്നു ഡോക്ടർമാർ നിർദ്ദേശിച്ചത്. ചികിത്സയിലൂടെ മാറ്റാൻ പറ്റുന്ന ഘട്ടം കഴിഞ്ഞെന്നുമായിരുന്നു ഡോക്ടറുടെ വിശദീകരണം.
ഇതിനിടയിലാണ് ആന്തരിക രക്തസ്രാവം ഉണ്ടാകുന്നത്. ഇതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായി ഹൃദയത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുകയും കാർഡിയാക് അറസ്റ്റിലേക്ക് വഴിവെക്കുകയും ചെയ്തു. പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ഇതിനിടയിൽ സാമ്പത്തികസ്ഥിതി മോശമായതോടെ മകൾ ധന്യ സഹായം അഭ്യർത്ഥിച്ചെത്തിയിരുന്നു. 20 ദിവസത്തിന് ശേഷം ഹൃദയ സംബന്ധമായ രോഗത്തിന് ശമനം ഉണ്ടായതിനെ തുടർന്നാണ് ഇന്ന് ആശുപത്രി വിടാൻ ഡോക്ടർമാർ അനുവാദം നൽകിയത്.
കരൾ മാറ്റിവെക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥ വച്ച് എന്താകുമെന്ന് പറയാനാകില്ല. കാരണം ഹൃദയത്തിന്റെ അസുഖത്തിനുള്ള മരുന്ന് നൽകുമ്പോൾ അത് കരളിന് പറ്റുന്നില്ല. അപ്പോഴാണ് ആന്തരിക രക്തസ്രാവമുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ രീതിയിൽ ആയതിനു ശേഷം മാത്രമെ കരൾ ചികിത്സയെക്കുറിച്ച് ഇനി ചിന്തിക്കാനാകു. ഡോണറെക്കുറിച്ച് അന്വേഷിച്ച് തുടങ്ങുമ്പോഴായിരുന്നു ഈ പ്രതിസന്ധിയെന്നും ധന്യ പറഞ്ഞു.
കൈലാസ് നാഥും ഭാര്യയും തിരുവനന്തപുരത്തായിരുന്നു താമസം. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഈ മാസം അഞ്ചിന് എറണാകുളത്തേക്ക് മാറുകയായിരുന്നു. മരുന്നിന് മാത്രം ഒരുമാസം പതിനയ്യായിരം രൂപവരെയാണ് ആവശ്യമായി വരുന്നത്. കരൾ മാറ്റിവയ്ക്കുന്നതിനായി ഡോക്ടർമാർ പറയുന്നത് 40 ലക്ഷം രൂപവരെയാകുമെന്നാണ്. വർഷങ്ങളായി രോഗങ്ങൾ ഉള്ളതുകൊണ്ട് ആരോഗ്യ ഇൻഷൂറൻസ് പോലെ ഒന്നും പ്രായോഗികവുമല്ല. അതിനാലാണ് സഹായം അഭ്യർത്ഥിച്ച് കുടുംബം രംഗത്ത് വന്നത്. ആശുപത്രി വിട്ടെങ്കിലും ഇനി കരൾമാറ്റ ശസ്ത്രക്രിയക്കായുള്ള ഒരുക്കത്തിലാണ്. അതിന് ഇനിയും പണം ആവശ്യമായി വരും. ആരെങ്കിലും സഹായത്തിനെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.
45 വർഷക്കാലമായി അഭിനയ രംഗത്തുള്ള ആളാണ് കൈലാസ് നാഥ്. വിടരുന്ന മൊട്ടുകൾ എന്ന സിനിമയിൽക്കൂടിയാണ് രംഗത്തേക്ക് വരുന്നത്. കൂടാതെ ശ്രീകുമാരൻ തമ്പിയുടെ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. രണ്ട് സിനിമകൾ സംവിധാനം ചെയ്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ സിനിമകളിലുംഅഭിനയിച്ചു. നാലായിരത്തോളം സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ഫിലീം ചേമ്പറിൽ രജനീകാന്ത്,ചിരഞ്ജീവി, ശങ്കർ, ശ്രീനിവാസൻ എന്നിവർക്കൊപ്പം പഠിച്ചിട്ടുണ്ട്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.