- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദിയെ പ്രസ്ഥാനം എന്ന് വിശേഷിപ്പിച്ചത് പലർക്കും സുഖിച്ചില്ല; കശ്മീരിലെ അസാധാരണ ഇടപെടൽ പറയാൻ പാടില്ലെന്ന് പറയുന്നത് ഫാസിസം; സ്വർണം പിടികൂടിയതും ട്രിപ്പിൾ ലോക്ക് ഡൗണും ഒരുമിച്ച് വന്നപ്പോൾ മകൾ അഹാന ഇട്ട പോസ്റ്റിനു നേർക്ക് വന്നതും ഓപ്പൺ സൈബർ ആക്രമണം; വില ചോദിപ്പ് സ്ഥിരം പരിപാടിയാക്കിയവർ വിളിക്കാൻ ഇനി ഒരു തെറിയും ബാക്കിയില്ല; എത്ര സൈബർ ആക്രമണം വന്നാലും സ്വതന്ത്ര അഭിപ്രായപ്രകടനങ്ങളിൽ നിന്ന് പിന്തിരിയില്ല; നടൻ കൃഷ്ണകുമാർ മറുനാടനോട്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ശ്രദ്ധേയമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയതിനെ തുടർന്ന് നടൻ കൃഷ്ണകുമാർ വിവാദത്തിരകളിലാണ്. ശക്തമായ സൈബർ ആക്രമണങ്ങളാണ് കൃഷ്ണകുമാറിനും കുടുംബത്തിനും നേരിടേണ്ടി വരുന്നത്. ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണനു ഒരുമിച്ചുള്ള അഭിമുഖത്തിൽ അസാധാരണ കാലത്തെ അസാധാരണ നേതാവ് എന്ന് മോദിക്ക് മുഖവുര നൽകിയതിനു കൃഷ്ണകുമാറിന് നേർക്കും തലസ്ഥാനത്ത് ട്രിപ്പിൾലോക് ഡൗൺ പ്രഖ്യാപനം വന്നപ്പോൾ അത് യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്തുമായി ചേർത്ത് വെച്ച് നടത്തിയ ഫേസ്ബുക്ക് ബുക്ക് പോസ്റ്റിനെ തുടർന്ന് മകൾ അഹാനയ്ക്ക് നേരെയുമാണ് സിപിഎം സൈബർ ഇടങ്ങളിൽ നിന്ന് ശക്തമായ ആക്രമണം വന്നത്. അഹാന വാർത്തയിലും വിവാദത്തിലും നിറഞ്ഞു നിന്നപ്പോൾ അഹാനയ്ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഫോൺ വിളി തന്നെ കൃഷ്ണകുമാറിനെ തേടിയെത്തി.
എ.എൻ.രാധാകൃഷ്ണൻ നടത്തിയ അഭിമുഖത്തിൽ നരേന്ദ്ര മോദി ഒരു വ്യക്തിയല്ല പ്രസ്ഥാനമാണ് എന്ന് പറഞ്ഞതിനും കശ്മീർ ഇപ്പോഴാണ് ഇന്ത്യയുടെ അവിഭാജ്യഭാഗമായത് എന്ന് കൃഷ്ണകുമാർ പറഞ്ഞതും സിപിഎം സൈബർ ഇടങ്ങളെ ചൊടിപ്പിച്ചു. അഹാനയ്ക്ക് നേരിട്ടതിലും രൂക്ഷമായ സൈബർ ആക്രമണങ്ങൾ കൃഷ്ണകുമാറിന് നേർക്ക് വന്നപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തന്നെ കൃഷ്ണകുമാറിന് പിന്തുണയുമായി രംഗത്തെത്തി. കണ്ണിലെ കൃഷ്ണമണിയെപ്പോലെ കൃഷ്ണകുമാറിനെ സംരക്ഷിക്കും എന്ന് പ്രാസം ചേർത്ത്വെച്ച് തന്നെ കെ.സുരേന്ദ്രൻ പ്രസ്താവനയിറക്കി. ഇതോടെ തന്നെ വിവാദ താരമായി കൃഷ്ണകുമാർ മാറുകയും ചെയ്തു. തനിക്കും മകൾക്കും നേരെ നടന്ന സൈബർ ആക്രമണം ഫാസിസ്റ്റ് പ്രവണതയെന്നാണ് കൃഷ്ണകുമാർ മറുനാടനോട് പറഞ്ഞത്.
മോദിയെക്കുറിച്ച് കേരളത്തിൽ പറയുമ്പോൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ പണി പാളും. പക്ഷെ നല്ലത് ചെയ്യുമ്പോൾ അത് നല്ലതായി പറയാൻ പാടില്ല എന്ന് പറയുന്നത് ഫാസിസ്റ്റ് രീതിയാണ്-കൃഷ്ണകുമാർ പറഞ്ഞു. വില ചോദിക്കുന്ന രീതിയിലാണ് സൈബർ ആക്രമണം നടക്കുന്നത്. ഈ ആക്രമണത്തിൽ ചൂളിപ്പോകില്ല. സിപിഎം ഇടങ്ങളിൽ നിന്നുള്ള സൈബർ ആക്രമണം ആയതിനാൽ പരാതി നൽകിയാൽ ഫലം കാണില്ലെന്നും അതുകൊണ്ട് തന്നെ പരാതി നൽകില്ലെന്നുമാണ് കൃഷ്ണകുമാർ പറയുന്നത്. വളരെ ശക്തമായ ശബ്ദത്തിലാണ് കൃഷ്ണകുമാർ തനിക്ക് നേരെയുള്ള സൈബർ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചത്. ആ പ്രതികരണം ഇങ്ങനെ:
സൈബർ പോരാളികൾക്ക് ഇപ്പോൾ ആരെയും ആക്രമിച്ചില്ലെങ്കിൽ ഒരു സുഖമില്ലാതായി തുടങ്ങി. കലയും രാഷ്ട്രീയവും എന്ന അഭിമുഖ പരിപാടിയിൽ ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണൻ ചോദിച്ച ഒരു ചോദ്യമാണ് കുഴപ്പമുണ്ടാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് എന്താണ് അഭിപ്രായം എന്നാണ് ചോദിച്ചത്. എ.എൻ.രാധാകൃഷ്ണന്റെ ഫെയ്സ് ബുക്ക് ലൈവ് ആയിരുന്നു ഈ പ്രോഗ്രാം. പ്രധാനമന്ത്രിയെക്കുറിച്ച് ചോദിച്ചു. കാശ്മീരിനെക്കുറിച്ച് ചോദിച്ചു. നമ്മുടെതായ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. അത് പക്ഷെ സ്വതന്ത്രമായ അഭിപ്രായമായിരുന്നു. എന്റെ മനസ്സിൽ പലതുമുണ്ട്. എനിക്കത് പറയാം. സ്വാഭാവികമായും സിനിമാ മേഖലയിൽ നിൽക്കുമ്പോൾ നമ്മൾ പലതും പറയരുത് എന്ന് കരുതും. ഇപ്പോൾ അഭിപ്രായപ്രകടനം നടത്തിയപ്പോൾ ഓപ്പൺ ആയുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. നിങ്ങൾക്ക് ഒരു പാർട്ടിയിൽ വിശ്വാസം കാണും. എനിക്കും ഒരു പാർട്ടിയിൽ വിശ്വാസം കാണും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. എനിക്ക് ഇറങ്ങിപ്പോകാം അല്ലെങ്കിൽ വിയോജിക്കാം. ചീത്ത പറയുക, ആക്രമണം നടത്തുക എന്നൊക്കെ പറഞ്ഞാൽ അത് ശരിയായ നടപടിയായി എനിക്ക് തോന്നുന്നില്ല.
പിണറായി വിജയൻ കേരളം ഭരിക്കുന്നു. അദ്ദേഹം ചെയ്ത നല്ല കാര്യങ്ങൾ ഞാൻ വിളിച്ചു പറയുന്നു. അത് മറ്റൊരു പാർട്ടിക്കാർ എതിർക്കുക എന്ന് പറഞ്ഞാൽ. നിങ്ങളെന്തിനാണ് പിണറായി വിജയനെക്കുറിച്ച് നല്ലത് പറയുന്നത്. പിണറായി ചെയ്യുന്നത് ശരിയല്ല എന്ന് പറയാൻ പറ്റില്ലല്ലോ. ഇതാണ് ഫാസിസം എന്ന് പറയുന്നത്. ഇതേ എന്റെ ഇഷ്ടമാണ്. നിങ്ങൾ പറയുന്നത് നിങ്ങൾക്ക് പറയാൻ പാടില്ല. ഞാൻ പറയുന്നതിനോടു നിങ്ങൾ യോജിക്കണം എന്ന് പറയുന്നിടത്താണ് കുഴപ്പം വരുന്നത്. പ്രാധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആരും ആയിക്കോട്ടെ. ഇവരെല്ലാം തിരഞ്ഞെടുക്കപ്പെട്ടവരാണ്. അല്ലാതെ ഓടു പൊളിച്ച് അകത്ത് കയറിയവരല്ല. ഇതാണ് ഇതിനകത്തെ പ്രശ്നം. മോദി എന്ന ഒരു പേര് കേരളത്തിൽ പറയുമ്പോൾ അതിനു ബുദ്ധിമുട്ടുണ്ട്. ഇതാണ് ഇതിന്നകത്തെ പ്രശ്നം. നമ്മൾ ഭാരതീയരാണ്. ഭാരതത്തിൽ നമ്മൾ ജീവിക്കുമ്പോൾ ഹിന്ദുക്കൾ ആണ്. ഹിന്ദു എന്നതിന് ഒരു വിശദീകരണം ഞാൻ എപ്പോഴും പറയാറുണ്ട്.
ഹിമാലയം മുതൽ ഇന്തോനേഷ്യ വരെയുള്ള പ്രദേശത്തെ ജനങ്ങളെ ഹിന്ദുക്കുഷ് എന്നാണ് പറഞ്ഞിരുന്നത്. ഈ ഹിന്ദുക്കുഷിൽ ജനിച്ച് വളർന്നു ജീവിക്കുന്നവരെ ഹിന്ദുക്കൾ എന്ന് പറഞ്ഞിരുന്നു. അറബി നാടുകളിൽ ജനിച്ചവരെ അറബികൾ എന്ന് പറയുന്നു. അമേരിക്കയിൽ ജനിച്ചവരെ അമേരിക്കക്കാർ എന്നും ഇറ്റലിക്കാരെ ഇറ്റലിക്കാർ എന്നും വിളിക്കുന്നു. അതേ രീതിയിൽ ഹിന്ദുസ്ഥാനിൽ ജനിച്ച് ജീവിച്ച് വളർന്നവരെ ഹിന്ദുക്കൾ എന്ന് പറഞ്ഞിരുന്നു. അവർക്ക് ഏത് മതത്തിലും വിശ്വസിക്കാം. ഹിന്ദുവോ,ക്രിസ്ത്യനോ മുസ്ലിമോ ആകാം. ഇത്രയേയുള്ളൂ ഹിന്ദു എന്ന് പറയുന്നത്. വിശ്വാസങ്ങൾ തമ്മിൽ അടിമുടി വ്യത്യാസം കാണും. പക്ഷെ ഒരാളുടെ വിശ്വാസം തെറ്റെന്നു പറയാനുള്ള അവകാശം നമുക്കില്ല. എന്റെ വിശ്വാസമാണ് ശരി എന്ന് എനിക്ക് പറയാം. പക്ഷെ നിങ്ങളുടെ വിശ്വാസം തെറ്റാണെന്ന് പറയാൻ എനിക്ക് അവകാശമില്ല.
ഒരു പ്രസ്ഥാനം എന്ന് മോദിയെ വിശേഷിപ്പിച്ചത് പലർക്കും സുഖിച്ചില്ല. കാശ്മീരിനെക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഒരു അസാധാരണ നേതാവിനോ ഭരണകൂടത്തിനോ ചെയ്യാൻ കഴിയാത്തതാണ് കശ്മീരിൽ മോദി ചെയ്തിരിക്കുന്നത്. അസാധാരണമായ കഴിവാണ് മോദി കശ്മീരിൽ പ്രദർശിപ്പിച്ചത് എന്നാണ് ഞാൻ പറഞ്ഞത്. എന്റെ വിശ്വാസമാണ് ചർച്ചയിൽ ഞാൻ പറഞ്ഞത്. നിങ്ങൾക്ക് എതിർക്കാം. ഇപ്പോഴാണ് കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമായത്. മോദിയെ പുകഴ്ത്തിപ്പറഞ്ഞപ്പോൾ കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. മോദിയെക്കുറിച്ച് പറഞ്ഞതിന്റെ പേരിൽ എല്ലാ മുസ്ലിങ്ങളും എന്നെ എതിർക്കുന്നു എന്ന് ഞാൻ പറയുന്നില്ല. എന്റെ മകൾ അഹാനയ്ക്ക് എതിരായ വന്ന സൈബർ ആക്രമണത്തിന്റെ രണ്ടാം പതിപ്പാണ് എനിക്ക് നേരിടേണ്ടി വന്നത്. ആദ്യം മകൾക്കെതിരെയാണ് സൈബർ ആക്രമണം രൂക്ഷമായത്. അവൾ നടത്തിയ ഒരു ഫെയ്സ് ബുക്ക് പോസ്റ്റിനെ തുടർന്നാണ് അവൾക്ക് എതിരെ ആക്രമണം രൂക്ഷമായത്.
മകൾക്ക് ഷൂട്ടിങ് കോട്ടയത്ത്. പെട്ടെന്നാണ് തിരുവനന്തപുരത്ത് ട്രിപ്പിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. കോട്ടയത്ത് നിന്ന് ഷൂട്ട് കഴിഞ്ഞു ഇവിടെ എത്തേണ്ടതുണ്ട്. വളരെ ബുദ്ധിമുട്ടിയാണ് അവൾ തിരുവനന്തപുരത്ത് എത്തിയത്. യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണം വ്യാഴാഴ്ച പിടികൂടുന്നു. വെള്ളിയാഴ്ച ഒരു ട്രിപ്പിൾ ലോക്ക് ഡൗൺ. എന്നിട്ട് ചിരിക്കുന്ന ഒരു ചിത്രവും പോസ്റ്റ് ചെയ്തു. ഇതേ ചെയ്തുള്ളൂ. ഒരു ചാനലിലെ മാധ്യമ പ്രവർത്തകൻ അതിനു താഴെ ഇല്ലാത്ത പച്ചക്കള്ളം എഴുതി ചേർത്തു. ആരോഗ്യപ്രവർത്തകരെ മോശമാക്കി അഹാന ചിത്രീകരിച്ചു എന്നും പറഞ്ഞു, അഹാന ഒന്നും പറഞ്ഞിട്ടില്ല. കമന്റ് ഒന്നും രേഖപ്പെടുത്തിയില്ല. ആരെക്കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെക്കുറിച്ചും ഒന്നും പറഞ്ഞില്ല. ഒരു സ്വതന്ത്ര പൗരനു അവകാശപ്പെട്ട കാര്യങ്ങൾ മാത്രമേ അഹാന പറഞ്ഞിട്ടുള്ളൂ. എന്റെ നാല് മക്കൾക്ക് നേരെയും നിരന്തരം സൈബർ ആക്രമണങ്ങൾ നടക്കുകയാണ്. വില ചോദിപ്പാണ് സ്ഥിരം പരിപാടി. വിളിക്കാൻ ഇനി ഒരു തെറിയും ബാക്കിയില്ല. ഇതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല. ശക്തി കൂട്ടുക മാത്രമേ ചെയ്യുന്നുള്ളൂ.
പാഡുകൾ ഒരു രൂപ കണക്കാക്കി പത്ത് പാഡുകൾ പത്ത് രൂപയിൽ എത്തിക്കും എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്തത് കുഴപ്പമുണ്ടാക്കി. എന്തായാലും സൈബർ ആക്രമണത്തെ ഭയപ്പെടില്ല. നമുക്ക് ഒരു തീരുമാനം എടുക്കണമെങ്കിൽ മാരകമായ അടികൾ ലഭിക്കണം. ഞാനിത് ഒരു പ്രഹരമായി കാണുന്നില്ല. എന്റെ തീരുമാനങ്ങൾ മാറ്റാനും എടുക്കാനും പ്രചോദനം തരുന്ന ഒരു ആക്രമണമായാണ് സൈബർ ആക്രമണത്തെ കാണുന്നത്. വെട്ടിത്തുറന്നു അഭിപ്രായപ്രകടനം നടത്താത്ത വ്യക്തിയാണ് ഞാൻ. വെട്ടിത്തുറന്നു പറയാൻ അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല. എന്റെ അഭിപ്രായങ്ങൾ ഞാൻ എപ്പോഴും എന്നോടു ചേർത്ത് വയ്ക്കും. അഹാനയ്ക്ക് എതിരെ സൈബർ ആക്രമണം രൂക്ഷമായപ്പോൾ കേന്ദ്രമന്ത്രി വി.മുരളീധരൻ വിളിച്ചു. ഒരു സ്ക്രീൻ ഷോട്സ് ലഭിച്ചു എന്താണ് യഥാർത്ഥ വിഷയം എന്നാണ് ചോദിച്ചത്. എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും അടുത്ത സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുക. പരാതിയുടെ കോപ്പി അയക്കുക. എന്ത് സഹായം വേണമെങ്കിലും ചെയ്യാം എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. അത് എനിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് എനിക്ക് വേണ്ടി പ്രസ്താവന ഇറക്കിയത്. എനിക്ക് മാത്രമല്ല ധാരാളം ആളുകൾക്ക് ധൈര്യം പകരുന്ന സന്ദേശമാണിത്. ഇത്തരം ഘട്ടങ്ങളിൽ രാഷ്ട്രീയ നേതൃത്വം പിന്തുണയുമായി മുന്നോട്ട് വരുന്നത് നല്ല കാര്യമാണ്. ഞാൻ പറഞ്ഞത് പ്രധാനമന്ത്രിയെക്കുറിച്ചാണ്. അദ്ദേഹം ബിജെപിയാണ്. സ്വാഭാവികമായും അതിനു രണ്ടു വശങ്ങൾ വരും. സംഘിയാണോ എന്ന് ചോദിച്ചാൽ സംഘിയാണ്. തീർന്നല്ലോ. ബിജെപി രാഷ്ട്രീയത്തിലേക്ക് ഞാൻ നീങ്ങുകയാണോ എന്നൊന്നും എനിക്ക് അറിയില്ല. ഞാൻ രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയം വേറൊരു ലെവൽ ആണ്. ഞാൻ അടിസ്ഥാനപരമായി കലാകാരനാണ്. രാഷ്ട്രീയം വലിയ മേഖലയാണ്. എനിക്ക് അതെക്കുറിച്ച് അറിയില്ല. ഞാൻ സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്തി. അത് മാത്രമാണ് നടന്നത്. എന്നോടു അഭിപ്രായം ചോദിച്ചാൽ ഞാൻ അത് ഇനിയും പറയും.
ഇതുവരെ രാഷ്ട്രീയ കാര്യങ്ങളിൽ ഒരഭിപ്രായപ്രകടനം ഞാൻ നടത്തിയിട്ടില്ല. എ.എൻ.രാധാകൃഷ്ണൻ ചോദിച്ചപ്പോൾ അഭിപ്രായം പറഞ്ഞു. അതിൽ തന്നെ ഉറച്ച് നിൽക്കുന്നു. അതൊരിക്കലും മാറ്റിപ്പറയില്ല. സൈബർ ആക്രമണങ്ങൾക്ക് എതിരെ ഒരു പരാതിയും നൽകില്ല. പരാതി കൊടുത്തിട്ട് കാര്യമില്ല. സർക്കാരിനെ ഒന്നടങ്കം കുറ്റപ്പെടുത്തി പറയാൻ കഴിയില്ല. പരാതി കൊടുക്കേണ്ട എന്ന് തീരുമാനിച്ചു-കൃഷ്ണകുമാർ പറയുന്നു.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.