തിരുവനന്തപുരം: ചലച്ചിത്ര നടൻ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയെ കാണാനാണ് എത്തിയതെന്ന് വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിന് അറസ്റ്റിലായ യുവാവ് പറയുമ്പോഴും വിശദ അന്വേഷണത്തിന് പൊലീസ്. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി ഫസിൽ ഉൾ അക്‌ബറാണ് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. സംഭവസമയത്ത് അഹാന വീട്ടിലുണ്ടായിരുന്നില്ല. അതിനിടെ പ്രതിയെ പൊലീസ് റിമാൻഡ് ചെയ്തു. ഇയാളെ കുറിച്ച് മലപ്പുറം സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് അന്വേഷിക്കും.

കൃഷ്ണകുമാറിന്റെ തിരുവനന്തപുരം മരുതൻകുഴിയിലുള്ള വീട്ടിൽ ഇന്നലെ രാത്രിയാണ് ആക്രമണശ്രമമുണ്ടായത്. രാത്രി ഒമ്പതരയോടെ ഗേറ്റ് ചാടിക്കടന്ന യുവാവ് വീട്ടിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. കൃഷ്ണകുമാറും കുടുംബവും നോക്കി നിൽക്കെയായിരുന്നു അതിക്രമം. പ്രതിയുടെ ബന്ധുക്കളുമായി സംസാരിച്ചെങ്കിലും ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ താൽപര്യമില്ലെന്ന് അറിയിച്ചെന്നാണ് പൊലീസ് പറയുന്നത്. മാനസിക അസ്വാസ്ഥ്യമോ ലഹരിക്കടിമയോ ആണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

തദേശ തിരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കിലും രാഷ്ട്രീയ വൈരാഗ്യമല്ല അതിക്രമ കാരണമെന്നും പൊലീസ് പറയുന്നു. എങ്കിലും മലപ്പുറത്ത് നിന്ന് ഇയാൾ തിരുവനന്തപുരത്ത് വന്നത് ദുരൂഹമാണ്. പൊലീസ് സ്‌റ്റേഷനിൽ മാനസിക അസ്വാസ്ഥ്യത്തോടെയാണ് പെരുമാറിയത്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്തുന്നത്. ഇയാളുടെ ബന്ധങ്ങളും കണ്ടെത്തും. പൊലീസിലെ നർകോട്ടിക് വിഭാഗവും ഇയാളെ ചോദ്യം ചെയ്തു.

ലഹരികൾ ഇയാൾ ഉപയോഗിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ വിശദ പരിശോധന നടത്തും. ഇതിന് കെമിക്കൽ പരിശോധന നടത്താനാണ് തീരുമാനം. ഇതിനൊപ്പം ഇയാളുടെ വിശദാംശങ്ങളും തേടും. അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തിയാൽ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. കൃഷ്ണ കുമാറിന്റെ വീട്ടിലെ അക്രമത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നാണ് പൊലീസിന്റെ ഇപ്പോഴുള്ള നിഗമനം. എങ്കിലും എല്ലാ സാധ്യതയും പരിശോധിക്കും.

കൃഷ്ണകുമാറിന്റെ വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറി അക്രമം നടത്താൻ ശ്രമിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. സംഭവം ഗൗരവതരമാണ്. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരുമുണ്ടാവുമെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രിയേയും ബിജെപിയേയും അനുകൂലിച്ചതിന്റെ പേരിൽ കൃഷ്ണകുമാറിനെതിരെ നേരത്തെ സോഷ്യൽമീഡിയയിൽ ചിലർ വധഭീഷണി മുഴക്കിയിരുന്നു. തീവ്രവാദ സ്വഭാവമുള്ള ചിലർ അദേഹത്തിനെതിരെ നിരന്തരം സൈബർ ആക്രമണം നടത്തുകയാണ്. ഇന്നലെ അദ്ദേഹത്തിന്റെ വീടിനു നേരെ ഉണ്ടായ അക്രമത്തിൽ തീവ്രവാദ ശക്തികൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും സുരേന്ദ്രൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇന്നലെ രാത്രി ഒമ്പതര മണിക്കാണ് തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിൽ യുവാവ് അതിക്രമിച്ചു കയറിയത്. ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും പിന്നീട് മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ ഫൈസലുള്ള അകബർ ആണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗേറ്റിനു സമീപം നിന്ന് ഇയാൾ ഗേറ്റ് തകർക്കാൻ നോക്കുകയും പിന്നീട് വീട്ടിലേക്ക് ചാടിക്കയറുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ കൃഷ്ണകുമാറും പെൺമക്കളും മൊബൈലിൽ പകർത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

അഹാനാ കൃഷ്ണകുമാറിനോടുള്ള ആരാധന മൂത്താണ് നടൻ കൃഷ്ണകുമാറിന്റെ വീട്ടിലെ ഗേറ്റ് ചാടിക്കടന്നതെന്ന് ഫസിലുള്ള അക്‌ബറിന്റെ മൊഴി. ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും പിന്നീട് മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ ഫൈസൽ ഉുൾ അകബർ ആണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഹാനയോടുള്ള ആരാധന മൂത്ത് താരത്തെ കാണാൻ വീട്ടിൽ എത്തിയെന്നും ഗൂഗിൾ മാപ്പാണ് വഴി കാട്ടിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. അഹാനയ്ക്ക് കോവിഡ് ബാധിച്ചത് പത്രങ്ങളിൽ വാർത്തായയിരുന്നു. നടിയായ അഹാനയോട് ആരാധനയാണ്. അസുഖമെന്ന് അറിഞ്ഞതോടെ മനസ്സ് വേദനിച്ചു. നടിയെ കാണാൻ മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്ക് എത്തി-ഇതാണ് കുറ്റസമ്മത മൊഴി.

ആദ്യം കോളിങ് ബെൽ അടിച്ചു. എന്നാൽ ആരും ഗേറ്റ് തുറന്നില്ല. അഹാനയെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ കാണാൻ പറ്റില്ലെന്ന് പറഞ്ഞു. കാണാതെ പോവില്ലെന്ന് പറഞ്ഞിട്ടും പറഞ്ഞിട്ടും ഗേറ്റ് തുറന്നില്ല. അതേ തുടർന്നാണ് ഗേറ്റ് ചാടിയതെന്നാണ് ഇയാളുടെ മൊഴി. നാടകീയമായിട്ടായിരുന്നു ഇയാളുടെ ഇടപെടലുകൾ. ഗേറ്റിൽ ബഹളം കേട്ട് പുറത്തെത്തിയ കൃഷ്ണകുമാർ കണ്ടത് അസഭ്യം പറയുന്ന ചെറുപ്പക്കാരനെയാണ്. ഗേറ്റിൽ മുട്ടി ശബ്ദമുണ്ടാക്കി. വീട്ടിലേക്ക് ചാടിക്കയറാനും ശ്രമിച്ചു. അകത്തേക്ക് കടക്കാനുള്ള ശ്രമം കൃഷ്ണകുമാർ തടഞ്ഞു. എന്നാൽ യുവാവ് ബല പ്രയോഗത്തിന് മുതിർന്നു. ഇതോടെ പൊലീസിനെ വിളിച്ചു. അതിവേഗം പൊലീസ് എത്തി. ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

വീട്ടിലെ ബഹളം തുടർന്നതോടെ കൃഷ്ണകുമാറും കുടുംബവും വീട്ടിന് മുകളിലത്തെ നിലയിലെത്തി. ഇയാളോട് എവിടെ നിന്നാണെന്ന് ചോദിക്കുകയും ചെയ്തു. ഇതിനോട് ചാവി എടുക്കില്ലേ എന്നായിരുന്നു മറു ചോദ്യം. അതവിടെ നിൽക്കിട്ടെ എന്ന് പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ടു തന്നെ ഇയാൾ ഗേറ്റ് ചാടിക്കടക്കുകയായിരുന്നു. ഇതോടെയാണ് ആദ്യം എല്ലാം തമാശയോടെ കണ്ട കൃഷ്ണ കുമാർ പൊലീസിനെ വിളിച്ചത്. സമീപത്തുള്ള ആരോ തമാശ കാട്ടുന്നതെന്നായിരുന്നു കൃഷ്ണകുമാർ കരുതിയത്. പൊലീസ് എത്തിയപ്പോഴാണ് മലപ്പുറത്തു നിന്നാണ് ഇയാൾ എത്തിയതെന്ന് മനസ്സിലായത്. കൂടെ ആരുമില്ലെന്നും ഒറ്റയ്ക്കാണ് വന്നതെന്നും ഇയാൾ പറയുന്നു.