കൊച്ചി: വധഗൂഢാലോചനക്കേസിൽ, പ്രതി ദിലീപിന്റെ ഫോണിൽനിന്നു സൈബർ വിദഗ്ധൻ സായ്ശങ്കർ നീക്കം ചെയ്ത ഡിജിറ്റൽ ഫയലുകൾ വീണ്ടെടുത്ത് അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം. ചോദ്യം ചെയ്യലിനിടെ സായ്ശങ്കർ തന്നെയാണ് ദിലീപിന്റെ ഫോണുകളിൽ നിന്നുള്ള ചാറ്റ് ഉൾപ്പെടെയുള്ള 10 ഫയലുകൾ വീണ്ടെടുത്ത് അന്വേഷണ സംഘത്തിനു കൈമാറിയത്. തിങ്കളാഴ്ച ചോദ്യംചെയ്യലിനു ഹാജരായപ്പോഴാണ് അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം തെളിവുകൾ കണ്ടെടുത്തത്.

ഫൊറൻസിക് ലാബിൽനിന്നു വീണ്ടെടുക്കാൻ സാധിക്കാതെ പോയ നിർണായക വിവരങ്ങളാണ് വീണ്ടെടുത്തിരിക്കുന്നതെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. കേസിൽ ഏഴാം പ്രതിയായ സായ് ശങ്കർ തിങ്കളാഴ്ച രണ്ടുമണിയോടെയാണ് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുൻപാകെ ഹാജരായത്. വൈകിട്ടോടെ ചോദ്യം ചെയ്യൽ പൂർത്തിയായി. രണ്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലാണ് അവസാനിച്ചത്.

ദിലീപിന്റെ മൊബൈൽ ഫോണിന്റെ ടൂളിൽ നിന്നും എട്ട് ചാറ്റുകൾ വീണ്ടെടുത്തുകൊടുത്തു. മാസ്‌ക് ചെയ്ത ഫോട്ടോ അൺമാസ്‌ക് ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടെടുത്തുകൊടുത്ത എട്ട് ചാറ്റുകളിൽ ഒരു ചാറ്റ് ഒരു ഫോറൻസിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതാണെന്നാണ് വിവരം. ഫോറൻസിക് ലാബിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയുമായുള്ള ചാറ്റ് കേസിൽ വളരെ പ്രാധാന്യമുള്ളതാവും.

അതേ സമയം ദിലീപിന്റെ സഹോദരൻ അനൂപിനോടും സഹോദരീ ഭർത്താവ് സുരാജിനോടും ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കാവ്യാ മാധവനോടു വീണ്ടും ഹാജരാകാൻ നിർദേശിക്കുക. നേരത്തേ സാക്ഷിയായി ചോദ്യം ചെയ്യാൻ ഹാജരാകാത്ത സാഹചര്യത്തിൽ വീണ്ടും നോട്ടിസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം, ഗൂഢാലോചനക്കേസ് എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ചൊവ്വാഴ്ച ഹൈക്കോടതി വിധി പറയും. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉച്ചയ്ക്ക് 1.45നാണ് വിധി പറയുക. കോടതി വിധി കേസിന്റെ തുടരന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.കേസ് റദ്ദാക്കുകയോ അല്ലെങ്കിൽ അന്വേഷണം സിബിഐക്ക് വിടണമെന്നും ആണ് ദിലീപിന്റെ ആവശ്യം.

ഡിവൈഎസ്‌പി ബൈജു പൗലോസ്, നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ എന്നിവർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപ് കോടതിയിൽ ഉയർത്തിയ വാദം. തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ല. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും ദിലീപ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊപ്പമാണ് എഫ്ഐആർ റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് വിടണമെന്നും ദിലീപ് ആവശ്യപ്പെട്ടത്.

എഴ് പേരാണ് നിലവിൽ വധ ഗൂഢാലോചന കേസിൽ പ്രതികളായിട്ടുള്ളത്. ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ. തുടക്കത്തിൽ ആറ് പേരെ പ്രതികളാക്കിയായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ദിലീപിന്റെ ഫോണുകളിൽ നിന്ന നിർണായക വിവരങ്ങൾ നീക്കം ചെയ്തു എന്ന് വെളിപ്പെടുത്തിയ ഐടി വിദഗ്ദൻ സായ് ശങ്കറിനെയും കേസിൽ പ്രതിചേർക്കുകയായിരുന്നു.
ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, വിഐപി എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യവസായി ശരത്ത് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പൊലീസ് ദിലീപിനെതിരേ പുതിയ കേസും രജിസ്റ്റർ ചെയ്തത്.