- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100 ദിവസങ്ങളിൽ സംഭവിച്ചത് 100 വർഷം അനുഭവിക്കാവുന്ന കാര്യങ്ങൾ; സമൂഹമാധ്യമങ്ങളിൽ നിന്നും അപ്രത്യക്ഷയായതിന്റെ കാരണങ്ങൾ തുറന്ന് പറഞ്ഞ് ഡിംപിൾ റോസ്; കുഞ്ഞ് ജനിച്ച് നൂറു ദിവസം കഴിഞ്ഞെങ്കിലും തന്റെ കയ്യിൽ കിട്ടിയത് ഒരാഴ്ച്ച മുന്നെ; വീഡിയോ
തിരുവനന്തപുരം: താൻ ഗർഭിണിയാണെന്ന വിവരം ഡിംപിൾ റോസ് തന്നെയാണ് തന്റെ വ്‌ലോഗിലുടെ പ്രേക്ഷകരെ അറിയിച്ചത്. തുടർന്നുള്ള ഒരോ വിശേഷങ്ങളും തന്റെ പേജിലുടെ പ്രേക്ഷകരുമായി പങ്കുവെക്കുമെന്നും അവർ അറിയിച്ചിരുന്നു.എന്നാൽ അതിനുശേഷം നടിയുടെതായി വീഡിയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയിലെ ആ അപ്രത്യക്ഷമാകലിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിംപിൾ റോസ്.
''ഞാൻ നിങ്ങളുടെ മുമ്പിൽനിന്നു മാഞ്ഞുപോയിട്ട് നാലു മാസമായി. ഇത്ര വലിയ ഇടവേള വരുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. ഗർഭിണി ആണെന്ന് അറിയിച്ചുള്ള വിഡിയോയിൽ, ഇനിയങ്ങോട്ടുള്ള എന്റെ എല്ലാ കാര്യവും നിങ്ങളെ അറിയിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെ ചെയ്യണമെന്നു ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ നമ്മൾ വിചാരിക്കുന്നതായിരിക്കില്ല ജീവിതത്തിൽ നടക്കുക. ദൈവത്തിന്റെ പദ്ധതി വ്യത്യസ്തമായിരിക്കും. എന്റെ ജീവിതത്തിൽ നടന്നത് അങ്ങനെ ഒരു സംഭവമാണ്. അതെങ്ങനെയാണ് നിങ്ങളോടു പറയേണ്ടതെന്ന് എനിക്കറിയില്ല. കാരണം അത്രയേറെ എനിക്ക് നിങ്ങളോട് പറയാനുണ്ട്. അതെല്ലാം നിങ്ങളോട് പങ്കുവയ്ക്കുക തന്നെ ചെയ്യും.
എന്നെ ഇഷ്ടപ്പെടുന്ന, എന്റെ വിഡിയോ കാണാൻ കാത്തിരിക്കുന്ന ഒരുപാട് ആളുകളുണ്ടെന്ന് ഈയൊരു ഇടവേള വന്നപ്പോഴാണു മനസ്സിലായത്. എനിക്ക് എന്തു പറ്റി എന്നറിയാൻ മമ്മിയുടെ നമ്പറിലേക്കും പലരും വിളിച്ചിരുന്നു.എന്റെ പ്രസവം കഴിഞ്ഞിട്ട് ഇന്നത്തേക്ക് 100 ദിവസമായി. പക്ഷേ സ്വസ്ഥമായി ഇരിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. ഈ 100 ദിവസങ്ങളിൽ 100 വർഷം അനുഭവിക്കാവുന്ന കാര്യങ്ങളാണ് സംഭവിച്ചത്.
ലോകത്ത് ഇങ്ങനെയെല്ലാം നടക്കുന്നുണ്ട് എന്നു പ്രസവിക്കുന്ന സമയം വരെ എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ഈ 100 ദിവസം കൊണ്ട് ഞാൻ പഠിച്ച പാഠങ്ങൾ, ഞാൻ കണ്ട ജീവിതം അത് ഒറ്റയടിക്ക് എങ്ങനെ നിങ്ങളിലേക്ക് എത്തിക്കുമെന്ന് അറിയില്ല. പക്ഷേ അത് എന്തായാലും എനിക്കു നിങ്ങളിലേക്ക് എത്തിക്കണം.പ്രെഗ്‌നൻസി സ്റ്റോറി യൂട്യൂബിലൂടെ പങ്കുവയ്ക്കുന്ന പലരും സിസേറിയൻ ചെയ്തതു വലിയ സങ്കടത്തോടെ പറയുന്നതു കാണാം. അതൊക്കെ വലിയ സംഭവം തന്നെയാണ്. പക്ഷേ നമ്മുടെ ജീവിതത്തിൽ വേറൊരു കാര്യം വരുമ്പോഴാണല്ലോ അതിലും സങ്കീർണവും ദുഃഖകരവുമായ കാര്യങ്ങൾ ഉണ്ടെന്നു മനസ്സിലാവുക.
നമ്മുടെ ചാനൽ ഗർഭിണികളും ഗർഭിണി ആകാൻ ആഗ്രഹിക്കുന്നവരും പ്രസവം കഴിഞ്ഞവരും കാണുന്നുണ്ടാകും. ചിലപ്പോൾ കുട്ടികളെ നഷ്ടപ്പെട്ട അമ്മമാരും കാണുന്നുണ്ടാകും. കാരണം ഒത്തിരിപ്പേർ ബന്ധപ്പെട്ടിരുന്നു എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. അതിൽ എന്നോട് കാര്യങ്ങൾ ചോദിച്ച 80 ശതമാനവും മാസം തികയാതെ പ്രസവിച്ചതിനാലും മറ്റു പ്രശ്‌നങ്ങൾ കാരണവും മക്കളെ നഷ്ടപ്പൈട്ട അമ്മമാരാണ്. ലോകത്ത് ഇങ്ങനെയുള്ള ഇത്രമാത്രം സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.
നമുക്ക് ഗർഭത്തിന്റെ നിറമുള്ള വശങ്ങൾ മാത്രമേ അറിയൂ. എന്റെ കാര്യത്തിൽ പ്രസവവും അതിനുശേഷമുള്ള കാര്യങ്ങളും അങ്ങനെ ആയിരുന്നില്ല. അതുകൊണ്ടാണ് ഇത്രയും നാൾ വിഡിയോ ചെയ്യാതിരുന്നത്. വിഡിയോ അപ്ലോഡ് ചെയ്യാൻ പോയിട്ട്, ഒരാളോടു സംസാരിക്കാൻ പോലും സാധിക്കുന്ന അവസ്ഥയിൽ ആയിരുന്നില്ല.
ഞാൻ അത്രയും തകർന്നു പോയിരുന്നു. നിങ്ങൾക്കൊന്നും ചിന്തിക്കാൻ പോലും സാധിക്കാത്ത രൂപത്തിലായിരുന്നു. കുഞ്ഞിനെ എന്റെ കയ്യിൽ കിട്ടിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ. എന്റെ കുഞ്ഞ് ചിരിക്കുന്നതു കണ്ടപ്പോഴാണ് അതിനു മുമ്പുള്ള ദിവസങ്ങളിൽ അനുഭവിച്ച വേദന കുറഞ്ഞത്. എല്ലാ കാര്യങ്ങളും പിന്നീട് വിശദമായി പറയാം''.ഡിപിംൾ റോസ് പറഞ്ഞു നിർത്തുന്നു
മറുനാടന് മലയാളി ബ്യൂറോ