- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡോക്ടർ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു'; നിരവധി ആശുപത്രികളിൽ കാണിച്ചിട്ടും ഭേദമാകാത്ത അലോപ്പേഷ്യ രോഗം മോൻസൺ ചികിത്സിച്ച് സുഖമാക്കി; ഉണ്ടായിരുന്നത് പ്രൊഫഷണൽ ബന്ധം മാത്രം; ഡാൻസ് പരിപാടികൾക്ക് പേയ്മെന്റും കൃത്യം: നടി ശ്രുതി ലക്ഷ്മി പറയുന്നു
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നവരുടെ കൂട്ടത്തിലായിരുന്നു നടി ശ്രുതി ലക്ഷ്മിയും. മോൻസന്റെ വീട്ടിൽ ഡാൻസ് വരെ കളിച്ചിട്ടുള്ള താരം. മോൻസനൊപ്പമുള്ള നിരവധി ചിത്രങ്ങളും വിവാദത്തിന്റെ പശ്ചാത്തലത്തിൽ പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമ്പോൾ വിശദീകരണവുമായി നടി രംഗത്തുവന്നു.
മോൻസനുമായി തനിക്ക് ഉണ്ടായിരുന്നത് പ്രൊഫഷണൽ ബന്ധം മാത്രമായിരുന്നെന്നു എന്നാണ് ശ്രുതിലക്ഷ്മി പറയുന്നത്. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട ചില നൃത്തപരിപാടികളുമായി സഹകരിച്ചത് മാത്രമാണ് തനിക്ക് മോൻസണുമായുള്ള അടുപ്പമെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. ഒരു ഡോക്ടർ എന്ന നിലയിൽ മോൻസൺ തന്നെ ചികിത്സിച്ചിട്ടുണ്ടായിരുന്നെന്നും മോൻസണിന്റെ ചികിത്സാ തനിക്ക് ഏറെ പ്രയോജനം ചെയ്തതായും താരം വ്യക്തമാക്കി.
'അദ്ദേഹം ഒരു ഡോക്ടർ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചിൽ. അത് സാധാരണ മുടി കൊഴിച്ചിൽ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളിൽ ചികിൽസിച്ചിട്ടും മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോൾ മാറി.
ഡോക്ടർ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു,' ശ്രുതി ലക്ഷ്മി പറഞ്ഞു. എന്നാൽ മോൻസൺ ഒരു ഡോക്ടർ അല്ല എന്ന വാർത്ത ഞെട്ടലോടെയാണ് താൻ കേട്ടതെന്നും താരം പറഞ്ഞു.ഒരു പരിപാടിക്കിടെ തന്റെ അമ്മയും സഹോദരിയുമാണ് മോൻസണെ പരിചയപ്പെടുന്നത്. അതിനു ശേഷം പ്രവാസി മലയാളിയുടെ പരിപാടികളുടെ ഡാൻസ് പ്രോഗ്രാം തന്റെ ടീമിനെയാണ് ഏൽപിച്ചിരുന്നത്. അതിനു ശേഷം മോൻസണിന്റെ പിറന്നാൾ ആഘോഷത്തിനും വിളിച്ചു.
കോവിഡ് സമയം ആയിരുന്നതിനാൽ താനും ചേച്ചിയും ഉൾപ്പെടെ വളരെ കുറച്ചുപേരാണ് നൃത്തം ചെയ്തത്. ആ വിഡിയോ ആണ് ഇപ്പോൾ വളരെ മോശമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്ന് ശ്രുതി ലക്ഷ്മി വ്യക്തമാക്കി.എല്ലാവരോടും നല്ല രീതിയിൽ പെരുമാറിയിട്ടുള്ള വ്യക്തിയാണ് മോൻസൺ. പരിപാടികൾക്ക് പേയ്മെന്റ് കൃത്യമായി തരും. ആർട്ടിസ്റ്റുകൾ അതു മാത്രമേ നോക്കാറുള്ളൂ. താൻ പ്രതിഫലത്തേക്കാൾ കൂടുതൽ സുരക്ഷിതമായി തിരികെ വീട്ടിൽ എത്തുക എന്നുള്ളതിനാണ് മുൻഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടിയിരുന്നെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി.
അതേസമയം മോൻസൺ മാവുങ്കൽ തട്ടിപ്പിന്റെ ഉസ്താദ് മാത്രമല്ല, സ്ത്രീകളെ വലയിലാക്കുന്നതിൽ ഹരം കണ്ടിരുന്ന ആളുമായിരുന്നു എന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. മൂന്നുവർഷത്തെ പ്രണയത്തിന് ഒടുവിലാണ് മോൻസൺ വിവാഹിതനെന്ന വിവരവും മറ്റ് സ്ത്രീകളുമായുള്ള ബന്ധവും പ്രണയിനി മനസ്സിലാക്കിയത്. ഇതോടെ അവർക്ക് പകയായി. ആ പകയിൽ എരിഞ്ഞ് കേസിൽ കുടുങ്ങി അകത്താകുന്നത് വരെ മോൻസൺ വിലസിയത് തന്റെ വീടിന്റെ മുന്നിൽ ചാർത്തിയ മേൽവിലാസങ്ങളിൽ ഒന്നായ കോസ്മറ്റോളജിസ്റ്റ് എന്ന പേരിലായിരുന്നു.
മോൻസൺ സ്ത്രീകളെ പാട്ടിലാക്കിയിരുന്നത് സൗന്ദര്യവർധക വസ്തുക്കൾ നൽകിയായിരുന്നു. 'കോസ്മറ്റോളജിസ്റ്റ്' എന്ന വിലാസം ഇതിന് മറയാവുകയും ചെയ്തു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ സൗന്ദര്യവർധക വസ്തുക്കളായിരുന്നു ചികിൽസയുടെ ഭാഗമായി നൽകിയിരുന്നത്. ബുദ്ധിമാനായ മോൻസണ് അറിയാം, സാധനങ്ങളുടെ ഗുണം കൊണ്ട് തന്നെ മുഖത്തെ പാടും കൺപോളകൾക്ക് താഴെയുള്ള കറുപ്പും എല്ലാം അപ്രത്യക്ഷമാകുമെന്ന്.
അങ്ങനെ ഒരുസിനിമ വിജയിക്കും പോലെ, മോൻൺസന്റെ കോസ്മെറ്റിക് ബിസിനസ് മൗത്ത് പബ്ലിസ്റ്റിയിലൂടെ വളർന്നു. ചില ഉന്നതരുടെ ഭാര്യമാരും സൗന്ദര്യചികിത്സ തേടി എത്തിയിരുന്നതായാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. വിദേശത്തുനിന്ന് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്ന വനിതയെ സാരി ഉടുക്കാൻ പഠിപ്പിച്ചാണ് മോൻസൻ വലയിൽ 'വീഴ്ത്തി'യത്. ഇവരോട് പ്രധാന ചടങ്ങുകളിൽ സാരി ധരിച്ച് വരാൻ നിർദ്ദേശിച്ചു. സാരി ഉടുക്കാൻ മോൻസൻ പഠിപ്പിക്കുകയും ചെയ്തു.
കോസ്മറ്റോളജിസ്റ്റ് എന്നു സ്വയം വിശേഷിപ്പിച്ചു ചികിത്സ നടത്തിയാണ് ഇയാൾ സ്ത്രീകളെ വലയിൽ വീഴ്ത്തിയിരുന്നത്. സ്ത്രീകളുടെ കണ്ണിനു താഴെയും മുഖത്തും ഉണ്ടാകുന്ന പാടുകൾക്ക് ഇയാളുടെ പക്കൽ മികച്ച ചികിത്സ ഉണ്ടായിരുന്നത്രെ. പലരും ഇയാളെ കണ്ടശേഷം സൗന്ദര്യം വർധിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്നതും പതിവായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ