- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഗാന്ധിക്കെതിരെ വിരൽചൂണ്ടിയാൽ പരിഹാരമാകില്ല; പാർട്ടിക്കുള്ളിൽ പരിഷ്കാരങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ കണ്ണാടിയിൽ നോക്കി ആത്മപരിശോധന നടത്തണം; കപിൽ സിബലും ഗുലാംനബിയും നേതൃത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോൾ രാഹുൽ പക്ഷത്തുറച്ച് അധിർ രഞ്ജൻ ചൗധരി
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റതിന് പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വത്തിനുള്ളിൽ പടലപ്പിണക്കങ്ങൾ കൂടുതൽ ശക്തിയായി. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ മുമ്പെങ്ങും ഇല്ലാത്ത വിധത്തിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്. കപിൽ സിബലും ഗുലാം നബിയും അടങ്ങുന്നവർ ഒരു വശത്തു നിന്നും യുദ്ധം നയിക്കുമ്പോൾ മറുവശത്ത് വെട്ടിനിരത്തലും ഒരു ഘട്ടത്തിൽ കഴിഞ്ഞു. ഇപ്പോൾ വീണ്ടും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി കാര്യങ്ങൾ മുന്നോട്ടു പോകുമ്പോൾ രാഹുൽ പക്ഷത്തോട് ചേർന്നു നിൽക്കുകയാണ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി.
പാർട്ടിക്കുള്ളിൽ പരിഷ്കാരങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ കണ്ണാടിയിൽ നോക്കി ആത്മപരിശോധന നടത്തണമെന്നാണ് പാർട്ടിയുടെ അധിർ രഞ്ജൻ ചൗധരി പറഞ്ഞത്. ഇത് രണ്ടാം തവണയാണ് പാർട്ടിയെ വിമർശിച്ച നേതാക്കൾക്കെതിരെ പരസ്യ വിമർശനവുമായി അധിർ രഞ്ജൻ രംഗത്തെത്തുന്നത്. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാർട്ടി ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞെന്നും ബിജെപിക്ക് കോൺഗ്രസ് ഒരു ബദലാവില്ലെന്നും കപിൽ സിബൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിമർശനമുന്നയിച്ചവർ തന്നെ ആത്മപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് അധിർ രഞ്ജൻ ചൗധരി എത്തിയത്.
കപിൽ സിബലിന് പുറമെ മുതിർന്ന കോൺഗ്രസ് നേതാവായ ഗുലാം നബി ആസാദും പാർട്ടിയുടെ തകർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ പുനരുജ്ജീവനത്തിന് ആഴത്തിലുള്ള ഘടനാപരമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഒരു കലാപവുമില്ലെന്ന് പറഞ്ഞ അദ്ദേഹം താഴെതട്ടുമുതൽ മുകൾതട്ടു വരെ നിൽക്കുന്ന പാർട്ടിയിലെ ഓരോ അംഗങ്ങളും അവരുടെ ഉത്തരവാദിത്തങ്ങൾ മനസിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പാർട്ടിയിലെ ചില നേതാക്കൾ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ പറയാതെ അത് മാധ്യമങ്ങൾക്ക് മുൻപിൽ വിളിച്ചു പറയുകയാണെന്നായിരുന്നു അധിർ രഞ്ജൻ വിമർശിച്ചത്. 'അവർക്ക് ബീഹാറിലെ തോൽവിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിൽ, അവർ അതിനുള്ള ശരിയായ സമയത്തിനായി കാത്തിരിക്കണം. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഴം കൂട്ടുന്ന തരത്തിലുള്ള ഇടപെടൽ ഒരു തരത്തിൽ അവസരവാദമാണ്. ചിലർ ഇത് ആസ്വദിച്ചേക്കാം', അധിർ രഞ്ജൻ പറഞ്ഞു.
കോൺഗ്രസ് പാർട്ടിക്ക് ഒരു സംസ്കാരമുണ്ടെന്നും നേതാക്കൾ അവരുടെ നിലപാടുകൾ പറഞ്ഞ് പാർട്ടിയുടെ സംസ്ക്കാരം ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുമായി നമ്മൾ സഖ്യത്തിലായിരുന്നു. അന്ന് അവരുടെ മറ്റ് സഖ്യകക്ഷികളേക്കാൻ മികച്ച പ്രകടനം കാഴ്ചവെക്കാൻ നമുക്കായി. എന്നാൽ ബീഹാറുമായോ മറ്റേതെങ്കിലും സംസ്ഥാനങ്ങളുമായോ ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ല. ഓരോ തോൽവിയിലും രാഹുൽ ഗാന്ധിക്ക് നേരെ വിരൽ ചൂണ്ടുന്നതും അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തുന്നതും പരിഹാരമല്ലെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
നേരത്തെയും കപിൽ സിബലിനെതിരെ രൂക്ഷ വിമർശനവുമായി അധിർ രഞ്ജൻ ചൗധരി രംഗത്തെത്തിയിരുന്നു. 'ബീഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തെ ഞങ്ങളാരും കണ്ടിട്ടില്ല', എന്നായിരുന്നു അധിർ രഞ്ജൻ ചൗധരി പറഞ്ഞത്. ഇതിന് മറുപടിയുമായി കപിൽ സിബൽ തന്നെ രംഗത്തെത്തുകയും ചെയ്തു. താരപ്രചാരകരുടെ ലിസ്റ്റിൽ താനില്ലായിരുന്നെന്നും പിന്നെങ്ങനെയാണ് തനിക്ക് പ്രചരണത്തിനെത്താനാകുകയെന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്.
'അധിർ തീർച്ചയായും മനസിലാക്കേണ്ടത് താരപ്രചാരകരുടെ ലിസ്റ്റ് എന്നൊന്നുണ്ട് എന്നതാണ്. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രചരണം നടത്താൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും ലിസ്റ്റിൽ പേരില്ലാതെ അതെങ്ങനെ സാധിക്കും. കോൺഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവിന് ഈ അടിസ്ഥാനകാര്യം പോലും അറിയില്ലേ?', എന്നായിരുന്നു സിബലിന്റെ ചോദ്യം. ഒരു വർഷത്തോളം നയിക്കാൻ ഒരു നേതാവില്ലാതെ ഒരു പാർട്ടിക്ക് എങ്ങിനെയാണ് പ്രവർത്തിക്കാൻ കഴിയുകയെന്നും എവിടെയാണ് പോകേണ്ടതെന്ന് അറിയാത്ത സ്ഥിതിയിലാണ് കോൺഗ്രസ് പ്രവർത്തകരെന്നും സിബൽ പറഞ്ഞിരുന്നു. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് നേരത്തെ കത്തെഴുതിയ നേതാക്കളിലും കപിൽ സിബൽ ഉണ്ടായിരുന്നു.
മറുനാടന് ഡെസ്ക്