- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു യുവതിയെ വീട്ടിൽ വിവാഹം ചെയ്തു കൊണ്ടുവന്നു; ചോദ്യം ചെയ്ത ആദ്യ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി; മൊഴി ചൊല്ലലിനെതിരെ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവുമായി വീട്ടിൽ താമസിക്കാനെത്തി ഒന്നാം ഭാര്യ; വീട്ടിൽ കയറ്റാതെ ഭർത്താവും; അടിമാലിയിൽ നിന്നൊരു കുടുംബ കഥ
ഇടുക്കി: മുത്തലാക്ക് നിരോധനത്തിന് ശേഷം അടിമാലി കൊന്നത്തടിയിൽ രണ്ടാം ഭാര്യയെ കൂടെ താമസിപ്പിക്കുന്നതിനായി മുത്തലാക്ക് ചൊല്ലി ഒഴിവാക്കിയ ആദ്യഭാര്യ അനുകൂല കോടതി ഉത്തരവുമായി എത്തി. ഭർത്താവിന്റെ വീട്ടിൽ താമസം തുടങ്ങി. അടിമാലി കൊന്നത്തടി കണിച്ചാട്ട് ഖദീജയാണ് ഭർത്താവായ പരീതിന്റെ (കുഞ്ഞുമോൻ) വീട്ടിൽ നിയമ യുദ്ധത്തിനൊടുവിൽ പൊലീസ് ഒരുക്കിയ സൗകര്യത്തിൽ താമസം ആരംഭിച്ചിട്ടുള്ളത്.
ഭർത്താവ് രണ്ടാം ഭാര്യയുമൊത്ത് താമസിച്ചിരുന്ന വീട്ടിൽ പൊലീസ് സംരക്ഷണയിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും ഖദീജക്ക് അനുമതി നൽകി തൊടുപുഴ സെഷൻസ് കോടതി നേരത്തെ ഉത്തരവായിരുന്നു. ഈ വിധി നടപ്പിലാക്കികിട്ടാത്തതിനാൽ ഖദീജ വീണ്ടും അടിമാലി കോടതിയെ സമീപിക്കുകയും ജില്ലാ കോടതി ഉത്തരവ് നടപ്പാക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകുകയുമായിരുന്നു.
കോടതിവിധി നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഖദീജയുടെ മകൻ കമറുദ്ദീൻ കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. പരീതിനും രണ്ടാം ഭാര്യയ്ക്കും കോവിഡ് പിടിപെട്ടിട്ടുണ്ടെന്നുള്ള സംശയം ഉള്ളതിനാൽ നടപടി പൂർത്തിയാക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇന്ന് രാവിലെ സ്റ്റേഷനിലെത്താൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. ഇന്ന് സ്റ്റേഷനിലെത്തിയിട്ടും പൊലീസ് സംരക്ഷണമൊരുക്കാവൻ തയ്യാറായില്ല. ഇതെത്തുടർന്ന് രാവിലെ 11 മണിയോടെ ഖദീജയും മകനും കൂടി ഓട്ടോയിൽ പരീതിന്റെ വീട്ടിലെത്തുകയായിരുന്നു.
ഇവർ ഇരുവരും ഏറെനേരം വീടിന്റെ വരാന്തയിൽ ഇരുന്നെങ്കിലും പരീത് വീട് തുറന്നുകൊടുക്കാൻ തയ്യാറായില്ല. ഉച്ചയോടെ ഖദീജ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള നീക്കം ആരംഭിച്ചു. ഇവർ പരീതിന്റെ വീട്ടിലെത്തിയെന്ന് ബോദ്ധ്യമായപ്പോൾ ഉച്ചയ്ക്ക് 2.30 തോടെ പൊലീസ് സ്ഥലത്തെത്തി. പരീത് ഈ സമയത്തും വട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. തുടർന്ന് പൊലീസ് ഇടപെട്ട് വീടിന്റെ ഒരുമുറി ഖദീജയ്ക്ക് താമസിക്കുന്നതിനായി വീട്ടുനൽകുകയായിരുന്നു. അടുക്കളയടക്കം വീടിന്റെ മറ്റൊരുഭാഗത്തും പ്രവേശിക്കരുതെന്ന് ഉമ്മയോട് നിർദ്ദേശിച്ച പൊലീസ്, താൻ വീടിന്റെ പരിസരത്തെത്തുന്നതുപോലും വിലക്കിയിരിക്കുകയാണെന്നും മകൻ കമറുദ്ദീൻ മറുനാടനോട് വ്യക്തമാക്കി.
മറ്റൊരു യുവതിയെ വിവാഹം കഴിച്ച് വീട്ടിൽകൊണ്ടു വരികയും ഇത് ചോദ്യം ചെയ്തപ്പോൾ തന്നെ മാനസീകമായും ശാരീകമായും ഉപദ്രവിച്ചെന്നും തുടർന്ന് മുത്തലാക്ക് ചൊല്ലി വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നുമായിരുന്നു ഖദീജ കോടതിയിൽ സമർപ്പിച്ചിരുന്ന ഹർജ്ജിയിലെ പ്രധാന ആരോപണം. മുത്തലാക്ക് ചൊല്ലിയതിനെ ന്യായികരിക്കാനാവില്ലന്നും അതിനാൽ ഭർത്താവിന്റെ വീട്ടിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് അടിമാലി കോടതിയിലാണ് ഖദീജ ആദ്യം ഹർജി നൽകിയിത്. പൊലീസ് സംരക്ഷണയിൽ വീട്ടിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും കോടതി ഉത്തരവായി.
ഇതിനിടയിൽ പരീത് വീടും സ്ഥലവും സ്വന്തം ഉമ്മയുടെ പേരിലേയ്ക്ക് മാറ്റുകയും നിയമ വഴിയിൽ ഖദീജയുടെ പ്രവേശനം വിലക്കി കോടതി ഉത്തരവ് സംബാദിക്കുകയുമായിരുന്നു.ഖദീജ പൊലീസ് സംരക്ഷണയിൽ താമസിച്ചുവരവെയാണ് പരീത് ഇഞ്ചക്ഷൻ ഓർഡർ തരപ്പെടുത്തിയത്. ഖദീജയോട് വീടകവീട്ടിലേയ്ക്ക് മാറാനും ഈ ഉത്തരവിൽ കോടതി നിർദ്ദേശിച്ചിരുന്നു.
ഇതിനെതിരെ വീണ്ടും അടിമാലിയെ കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല.തുടർന്നാണ് തൊടുപുഴ സെഷൻസ് കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയുമായിരുന്നു.കോടതി ഉത്തരവ് സംബന്ധിച്ചുള്ള വിവരങ്ങൾ ഖദീജ പൊലീസിനെ രേഖാമൂലം അറിയിക്കുകയും വിധി പകർപ്പ് കൈമാറുകയും ചെയ്തിരുന്നു.
ഇതിനിടെ വീട്ടിൽ താമസിച്ചുവരുന്ന രണ്ടാം ഭാര്യയ്ക്ക് കോവിഡ് ബാധിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പരീത് ഖദീജ വീട്ടിൽ പ്രവേശിക്കുന്നത്് തടയാൻ ചരടുവലികൾ നടത്തിവരികയാണെന്നുള്ള വിവരവും പുറത്തുവരുന്നിരുന്നുഇതിന്റെ ഭാഗമാണ് കോടതി ഉത്തരവുനടപ്പിലാക്കാൻ പൊലീസ് മടിച്ചതെന്നാണ് സൂചന. ഒറ്റ മുറിയിൽ മാത്രം കഴിയണമെന്ന നിബന്ധന വലിയ വിഷമതകളാണ് സൃഷ്ടിക്കുന്നതെന്നും ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കും വീട്ടിൽ സൗകര്യമേർപ്പെടുത്തണമെന്നും ഖദീജയും കമറുദ്ദീനും ആവശ്യപ്പെടുന്നു.
മറുനാടന് മലയാളി ലേഖകന്.