ന്യൂഡൽഹി: മാതൃരാജ്യത്തെ സേവിക്കാൻ ജീവിതം തെരഞ്ഞെടുത്ത വ്യക്തിയാണ് തിരുവനന്തപുരം പട്ടത്തെ ആർ ഹരികുമാർ. ഇന്ന് അദ്ദേഹം ഇന്ത്യൻ നാവിക സേനയിലെ മലയാളിക്കരുത്തിന്റെ പ്രതീകമാണ്. നാവികസേനാ മേധാവിയായി എത്തുന്ന ആദ്യ മലയാളിയായി ആർ ഹരികുമാർ കഴിഞ്ഞ ദിവസം സേനയുടെ നേതൃത്വം ഏറ്റെടുത്തു.

അമ്മ ബി.വിജയലക്ഷ്മിയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയാണ് നാവികസേനയുടെ മേധാവിയായി മലയാളിയായ അഡ്‌മിറൽ ആർ.ഹരികുമാർ സ്ഥാനമേറ്റത്. സ്ഥാനമൊഴിഞ്ഞ അഡ്‌മിറൽ കരംബീർ സിങ്ങിൽനിന്നു സേനയുടെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തു.
തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ സേനയുടെ 25ാം മേധാവിയാണ്. മന്ത്രാലയം സ്ഥിതിചെയ്യുന്ന വിജയ് ചൗക്കിലെ സൗത്ത് ബ്ലോക്കിൽ രാവിലെ നടന്ന ചടങ്ങിൽ നാവികസേനയുടെ ഗാർഡ് ഓഫ് ഓണർ അദ്ദേഹം പരിശോധിച്ചു. അമ്മ വിജയലക്ഷ്മിയും ഭാര്യ കലാ നായരും ചടങ്ങിനു സാക്ഷിയായി. സേനയുടെ അധിപനായി സ്ഥാനമേറ്റ മകനെ വിജയലക്ഷ്മി കെട്ടിപ്പുണർന്നു. അമ്മയെയും ഭാര്യയെയും ചേർത്തുപിടിച്ച് പുതിയ ദൗത്യത്തിലേക്ക് ഹരികുമാർ പ്രവേശിച്ചു.

സേനാ മേധാവിയായി ചുമതലയേറ്റെടുത്തതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2024 വരെയാണു സേവനകാലാവധി. മുംബൈ ആസ്ഥാനമായുള്ള പടിഞ്ഞാറൻ നാവികസേനാ കമാൻഡിന്റെ മേധാവിയായി വൈസ് അഡ്‌മിറൽ അജേന്ദ്ര ബഹാദുർ സിങ് ചുമതലയേറ്റു. ഹരികുമാറിന്റെ പിൻഗാമിയായാണു നിയമനം.

നാവികസേനയുടെ മേധാവിയായി തനിക്ക് നിയമനം ലഭിച്ചത് വലിയ അംഗീകാരമാണെന്ന് പിന്നീട് ആർ ഹരികുമാർ പ്രതികരിച്ചു. പോരാട്ട വീര്യമുള്ള ആധുനിക സേനയാണ് നാവികസേന. സേനയുടെ മാനവശേഷി പരമാവധി വിനിയോഗിക്കാനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കും. കപ്പലുകൾ, മുങ്ങിക്കപ്പലുകൾ, ഹെലികോപ്റ്ററുകൾ എന്നിവ തദ്ദേശീയമായി വികസിപ്പിക്കാൻ കഴിഞ്ഞത് അഭിമാനാർഹമാണ്. അവ കൂടുതലായി നിർമ്മിക്കാനുള്ള ശ്രമം തുടരും. ഇന്ത്യ പസിഫിക് ഉൾപ്പെടെയുള്ള സമുദ്ര മേഖലകൾ സ്വതന്ത്രവും സമാധാനപരവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സമുദ്രത്തിൽ 2008 മുതൽ ചൈനയുടെ സാന്നിധ്യമുണ്ട്. കടൽക്കൊള്ളയ്‌ക്കെതിരായ നടപടികളുടെ ഭാഗമായി 3 ചൈനീസ് നാവികസേനാ കപ്പലുകൾ സ്ഥിരമായി അവിടെയുണ്ട്. ചൈനീസ് മുങ്ങിക്കപ്പലുകളുടെ സാന്നിധ്യവും മേഖലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ സമുദ്രത്തിലെ നീക്കങ്ങളെ സഹായിക്കാൻ കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടിയിൽ സേനാതാവളവും മേഖലയിലുൾപ്പെടുന്ന രാജ്യങ്ങളിൽ തുറമുഖങ്ങളും മറ്റും അവർ വികസിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ നാവികസേനയ്ക്കു ചൈന കപ്പലുകളും ആയുധങ്ങളും നൽകുന്നു. ഇവയെക്കുറിച്ചെല്ലാം നമുക്കു വ്യക്തമായ ബോധ്യമുണ്ട്. സമുദ്രമേഖലയിൽ നമ്മുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയും വിധമുള്ള സന്നാഹങ്ങൾ ഉറപ്പാക്കുമെന്നും അഡ്‌മിറൽ ഹരികുമാർ പറഞ്ഞു.

തിരുവനന്തപുരം നീറമൺകര മന്നം മെമോറിയൽ റെസിഡൻഷ്യൽ സ്‌കൂളിലും തിരുവനന്തപുരം ആർട്സ് കോളേജിലും പഠിച്ച അദ്ദേഹം 1979-ലാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേരുന്നത്. 1983 ജനുവരി ഒന്നിനാണ് നാവികസേനയിൽ നിയമിതനാകുന്നത്. സ്ത്യുത്യർഹ സേവനത്തിന് വിശിഷ്ടസേവാ മെഡൽ (2010), അതിവിശിഷ്ട സേവാ മെഡൽ (2016), പരമവിശിഷ്ട സേവാ മെഡൽ (2021) എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഐ.എൻ.എസ്. വിരാട് ഉൾപ്പെടെ അഞ്ച് പടക്കപ്പലുകളുടെ തലവനായി പ്രവർത്തിച്ചു. ഭാര്യ: കല നായർ. മകൾ: അഞ്ജന നായർ.

1962 ഏപ്രിൽ 12ന് തിരുവനന്തപുരത്തെ പട്ടത്താണ് ഹരികുമാറിന്റെ ജനനം. തിരുവനന്തപുരത്ത് മന്നം മെമോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ആർട്‌സ് കോളേജിൽ പഠനം. 1979 ലാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന് സൈനിക വിദ്യാഭ്യാസത്തിലേക്ക് ചുവടുമാറുന്നത്. പഠനത്തിനുശേഷം 1983 ൽ എക്‌സിക്യൂട്ടീവ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇതിനിടെ തന്നെ മുംബൈ സർവകലാശാലയിലും അമേരിക്കയിലെ നേവൽ വാർ കോളേജിലും ലണ്ടനിലെ കിങ്‌സ് കോളേജിലുമായി ഉപരിപഠനം പൂർത്തിയാക്കി.

21 മത്തെ വയസ്സിൽ നാവികസേനയിലെ ഔദ്യോഗിക ജീവിതം ആരംഭിച്ച ഈ തിരുവനന്തപുരത്തുകാരനെ തേടി നിരവധി പദവികൾ എത്തി. ഐഎൻഎസ് വിരാട് എന്ന വിമാനവാഹിനി യുദ്ധക്കപ്പലിന്റെ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്. അതിനുപുറമേ ഐഎൻഎസ് നിഷാങ്ക്, ഐഎൻഎസ് രൺവീർ, ഐഎൻഎസ് കോറ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ തലവനുമായിരുന്നു അദ്ദേഹം. ആഫ്രിക്കൻ രാജ്യമായ സെയ്‌ച്ചെല്ലേസിലെ നാവിക സേന ഉപദേഷ്ടാവ്, ഐഎൻഎസ് ദ്രോണാചാര്യയിൽ ട്രെയിനിങ് കമാൻഡ്, വെസ്റ്റേൺ നാവികസേനാ ആസ്ഥാനത്തെ കമാൻഡ് ഗണ്ണറി ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം 1992 ഡിസംബർ മുതൽ 1993 ജൂൺ മാസം വരെ സൊമാലിയയിൽ ഐക്യരാഷ്ട്രസഭയുടെ സിവിൽ മിലിറ്ററി ഓപ്പറേഷനുകളിൽ ഭാഗമായിരുന്നു.