പത്തനംതിട്ട: കോൺഗ്രസിന്റെ ജില്ലയിലെ സ്ഥാനാർത്ഥികളുടെ പട്ടിക സംബന്ധിച്ച് അന്തിമ പട്ടിക പുറത്തു വരുമ്പോൾ അത്ഭുതമില്ല. കൃത്യമായി ഗ്രൂപ്പുകൾക്കുള്ള് വീതം വയ്പാണ് നടക്കുന്നത്. ജില്ലയിൽ കോൺഗ്രസിന് കിട്ടിയ നാലു സീറ്റുകളിൽ സ്ഥാനാർത്ഥികളായി. മൂന്ന് എ. ഒരു എക്സ് എ. എക്സ് എ കോന്നിയിൽ റോബിൻ പീറ്ററാണ്. ആറന്മുള-ശിവദാസൻ നായർ, അടൂർ-എംജി കണ്ണൻ, റാന്നി-റിങ്കു ചെറിയാൻ എന്നിവരാണ് സ്ഥാനാർത്ഥികൾ.

ആറന്മുള, റാന്നി എന്നിവിടങ്ങളിലേക്ക് ഉയർന്നു കേട്ട കെപിസിസി സെക്രട്ടറി പഴകുളം മധു, അംഗം ജോർജ് മാമൻ കൊണ്ടൂർ എന്നിവരെ അവസാന നിമിഷം ഗ്രൂപ്പുകൾ കൈവിട്ടു. കെസി വേണുഗോപാലിന്റെ അടുത്തയാൾക്കാർ എന്ന് വിശേഷിപ്പിക്കുന്ന ഇവർക്ക് സീറ്റില്ല. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരുമിച്ചതാണ് ഇവർക്ക വിനയായത്. എന്നാൽ കോന്നിയിൽ അടൂർ പ്രകാശിന്റെ സമ്മർദ്ദം വിജയിച്ചു.

കോന്നിയിൽ അടൂർപ്രകാശിന്റെ വിശ്വസ്തനായപ്പോഴും എ ഗ്രൂപ്പിൽ തുടർന്നയാളാണ് റോബിൻ പീറ്റർ. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാൻ വേണ്ടി മാത്രം ഐ ഗ്രൂപ്പുകാരനായി അവരോധിക്കപ്പെട്ടു. അടൂർ സീറ്റ് നേരത്തേ ഐ ഗ്രൂപ്പിനായിരുന്നു. ഇക്കുറി അടൂർ പ്രകാശ് റോബിന്റെ സീറ്റിന് വേണ്ടി മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അടൂരിൽ മറ്റൊരു വിശ്വസ്തനും ജില്ലാ പഞ്ചായത്തംഗവുമായ വിടി അജോമോന്റെ പേര് നൽകുകയും ചെയ്തു. സീറ്റിന് വേണ്ടി കൂടുതൽ പിടിച്ചതുമില്ല.

കോൺഗ്രസിന്റെ സീറ്റിൽ മൂന്നു പുതുമുഖങ്ങൾ ഉണ്ട്. അവർക്ക് വിജയസാധ്യതയുമുണ്ട്. എന്നാൽ, ആറന്മുളയിൽ കെ ശിവദാസൻ നായർ വിയർപ്പൊഴുക്കേണ്ടി വരും. ഓർത്തഡോക്സുകാരായ വീണയും ബിജെപിയിലെ ബിജു മാത്യുവും തമ്മിലുള്ള മത്സരത്തിൽ തനിക്ക് നായർ വോട്ട് കൊണ്ട് ജയിച്ചു കയറാമെന്നാണ് ശിവദാസൻ നായരുടെ വിചാരം.

യുവത്വത്തിന് പ്രാധന്യം നൽകിയുള്ള പട്ടികയാണ് ജില്ലയെ സംബന്ധിച്ചിടത്തോളം. റാന്നിയിൽ മത്സരിക്കുന്ന റിങ്കു ചെറിയാൻ മുൻ എംഎൽഎ എംസി ചെറിയാന്റെ മകനാണ്. കെപിസിസി സെക്രട്ടറിയുമാണ്. റോബിൻ പീറ്റർ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമാണ്.

എംജി കണ്ണൻ രണ്ടു വട്ടം ജില്ലാ പഞ്ചായത്തംഗമായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാണ്. അടൂരിൽ ചിറ്റയത്തിന് ഏറ്റവും യോജിച്ച എതിരാളിയായി കണ്ണൻ മാറും.