- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14 വർഷമായി ഒപ്പം താമസിക്കുന്ന കുടുംബത്തിലെ മകൾക്ക് സ്വന്തം വീടും പറമ്പും ഇഷ്ടദാനം ചെയ്ത് ചന്ദ്രമതിയമ്മ; ജീവിതം വഴിമുട്ടിയ പൊന്നുവിനും അമ്മയ്ക്കും ചന്ദ്രമതി നൽകിയത് പുതു ജീവൻ; ഇനിയുള്ള ജീവിതം ചന്ദ്രമതി മുത്തശിക്ക് വേണ്ടിയെന്ന് പൊന്നു; അടൂരിൽ നിന്ന് ഒരു അപൂർവ ജീവിതകഥ
അടൂർ: സ്വന്തം വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന നിർധന കുടുംബത്തിലെ അമ്മയ്ക്കും മകൾക്കും ഏഴു സെന്റ് സ്ഥലവും വീടും ഇഷ്ടദാനം ചെയ്ത് ഉറവ വറ്റാത്ത സ്നേഹത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് മണ്ണടി മുഖമുറി ചൂരക്കാട് വീട്ടിൽ ചന്ദ്രമതിയമ്മ(77).
അവിവാഹിതയായ ചന്ദ്രമതിയുടെ വീട്ടിൽ 14 വർഷം മുൻപ് വാടകയ്ക്ക് താമസിക്കാനെത്തിയ മണ്ണടി പടിഞ്ഞാറേകുന്നത്തേത്ത് സരസ്വതിഅമ്മാൾ, മകൾ പൊന്നു എന്നിവരാണ് ഈ മുത്തശിയുടെ കാരുണ്യത്തിന് പാത്രമാകുന്നത്. 500 രൂപ വാടകയ്ക്ക് ചന്ദ്രമതിക്കൊപ്പം താമസിക്കാൻ വരുമ്പോൾ സരസ്വതിയുടെ ഭർത്താവ് എറണാകുളം സ്വദേശി ജോസഫുമുണ്ടായിരുന്നു. പക്ഷാഘാതം പിടിപെട്ട് കിടപ്പിലായ ജോസഫ് പൊന്നു പത്താം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ചു.
ചന്ദ്രമതിയമ്മയ്ക്ക് പൊന്നുവിനെ ജീവനായിരുന്നു. കരാർ തൊഴിലാളിയായ ജോസഫിന്റെ സ്നേഹവും സാമ്പത്തിക ബുദ്ധിമുട്ടും മനസിലാക്കിയ ചന്ദ്രമതിയമ്മ വാടക വാങ്ങുന്നത് വർഷങ്ങൾക്ക് മുൻപ് നിർത്തിയിരുന്നു. 2015 ലാണ് ജോസഫ് തളർന്നു വീഴുന്നത്. സഹായത്തിന് ആരോരുമില്ലാതെ പറക്കമുറ്റാത്ത പെൺകുഞ്ഞിനെ കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന സരസ്വതി അമ്മാളും ചന്ദ്രമതിയും പകച്ചു നിന്നു പോയി.
ഏഴാം ക്ലാസിലായിരുന്ന പൊന്നുവിനെ ബുദ്ധിമുട്ട് അറിയിക്കാതെ അവർ പഠിപ്പിച്ചു. 2018 ജനുവരി 18 നാണ് ജോസഫ് മരിച്ചത്. പ്രായമായ മകളെയും കൊണ്ട് ഏത് നിമിഷവും തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന് ഓർത്ത് പിന്നീട് സരസ്വതിയമ്മാൾ ഉറങ്ങിയിട്ടില്ല. ഇവരെ എന്തിന് ഇനിയും ഇവിടെ താമസിപ്പിച്ചിരിക്കുന്നത് ഇറക്കി വിട്ടൂടെ എന്ന് നാട്ടുകാരിൽ ചിലരുടെ ചോദ്യം ചന്ദ്രമതിയമ്മ മുഖവിലയ്ക്കെടുക്കാതെ ചിരിച്ചു തള്ളി.
പ്ലസ്ടുവിന് ഉന്നത വിജയം നേടി ഉപരിപഠനത്തിന് കാത്തിരിക്കുന്ന പൊന്നുവിനേയും അമ്മയേയും നാട്ടുകാരെയും ഞെട്ടിച്ചു കൊണ്ടാണ് ചന്ദ്രമതിയമ്മ കുടുംബസ്വത്തായി കിട്ടിയ തന്റെ ഏഴു സെന്റും വീടും സകല സ്വത്തുക്കളും കഴിഞ്ഞ ദിവസം പൊന്നുവിന്റെ പേരിൽ പ്രമാണം രജിസ്റ്റർ ചെയ്തു കൊടുത്തത്. തന്റെ കണ്ണ് അടയും മുമ്പേ പൊന്നുവിനെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണമെന്നാണ് ഇപ്പോൾ ചന്ദ്രമതിയുടെ ഏക ആഗ്രഹം. അത് സാധിച്ചുകൊടുക്കുമെന്ന് വാശിയിലാണ് പൊന്നുവും.
ഏഴു സെന്റ് സ്ഥലവും വീടും ഒപ്പം താമസിക്കുന്നവർക്ക് ഇഷ്ടദാനമായി നൽകിയ ചന്ദ്രമതിയമ്മയെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനയായ എംഫർട്ട് മണ്ണടിയുടെ നേതൃത്വത്തിൽ ആദരിച്ചു. സെക്രട്ടറി അവിനാഷ് പള്ളീനഴികത്ത്, പ്രസിഡന്റ് ശോഭാമണി, ട്രഷറർ അരുൺ കുമാർ, ഉപദേശക സമിതി അംഗം എ.ആർ എ.ആർ മോഹൻകുമാർ, രാമചന്ദ്രൻപിള്ള ,കെ.ബി ഋഷാദ് എന്നിവർ സംബന്ധിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്