അടൂർ: എംസി റോഡിൽ ഏനാത്ത് പുതുശേരി ഭാഗത്ത് മാരുതി കാറുകൾ നേർക്കു നേരെ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. അഞ്ചു പേർക്ക് പരുക്ക്. മടവൂർ വലംപിരിപിള്ളി മഠത്തിൽ രാജശേഖരൻ ഭട്ടതിരി(66), ഭാര്യ ശോഭ (62), എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ നിഖിൽ രാജ്(32), ചടയമംഗലം അനസ്സ് മൻസിൽ, അനസ്സ് (26) മേലേതിൽ വീട്ടിൽ ജിതിൻ (26), അജാസ് മൻസിൽ അജാസ് (25) , പുനക്കുളത്ത് വീട്ടിൽ അഹമ്മദ് (23) എന്നിവർക്കാണ് പരുക്ക്.

മടവൂർ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന സെലിറിയോ കാറും എതിർദിശയിൽ നിന്ന് വന്ന മാരുതി ബ്രസ കാറുമാണ് ഇന്ന് രാവിലെ ആറു മണിയോടെ കൂട്ടിയിടിച്ചത്. സെലേറിയോ കാറിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിഖിൽ രാജിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരിട്ടുള്ള ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും ഏറെക്കുറെ പൂർണമായും തകർന്നു.

സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അടൂർ ഫയർ ഫോഴ്സും കൊട്ടാരക്കര ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു. അപകടം നടന്നയുടനെ അപകടത്തിൽ പെട്ടവരെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നു. തുടർന്ന് വാഹനം വശങ്ങളിലേക്ക് മാറ്റി റോഡിൽ ചിതറി കിടന്ന ചില്ലുകൾ വെള്ളം പമ്പ് ചെയ്ത് നീക്കി ഫയർ ഫോഴ്സ് റോഡ് ഗതാഗത യോഗ്യമാക്കി.

ഗ്രേഡ് അസ്സി: സ്റ്റേഷൻ ഓഫീസർ ആർ രാമചന്ദ്രൻ, ഫയർ ആൻ റെസ്‌ക്യൂ ഓഫീസർമാരായ സാനിഷ്, സാബു, ദീപേഷ് , സന്തോഷ് ജോർജ്, സൂരജ് , സുരേഷ് കുമാർ, രാജേഷ് എൻ , എച്ച് ജി , സജിമോൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.