- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴക്കൂട്ടം - ചെങ്ങന്നൂർ സുരക്ഷാ ഇടനാഴിയുടെ ഭാഗമായ അടൂർ ബൈപ്പാസിന്റെ വശങ്ങൾ രാഷ്ട്രീയക്കാർ വിറ്റു കാശാക്കി; അനധികൃത വഴിയോര കച്ചവടം കാരണം ഒരു വർഷത്തിനിടെ ഉണ്ടായത് എഴുപതോളം അപകടങ്ങൾ; ഒടുവിലായി മരിച്ചത് പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ
അടൂർ: കഴക്കൂട്ടം-ചെങ്ങന്നൂർ സുരക്ഷാ ഇടനാഴിയുടെ ഭാഗമായ അടൂർ നെല്ലിമൂട്ടിൽപ്പടി മുതൽ ഹൈസ്കൂൾ ജങ്ഷൻ വരെയുള്ള പാത അപകടക്കെണി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവിടെയുണ്ടായത് എഴുപതോളം അപകടങ്ങളാണ്. പത്തു പേർ മരിച്ചു. കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ അജ്ഞാത വാഹനം ഇടിച്ച് മരിച്ചതാണ് ഏറ്റവുമൊടുവിലായി ഉണ്ടായ അപകടം. അടൂർ മൂന്നാളം മനുവില്ലയിൽ എം.കെ. നെൽസൺ (62) പ്രഭാത സവാരി നടത്തുന്നതിനെ പുലർച്ചെ 4.45 നാണ് വാഹനം ഇടിച്ച് മരിച്ചത്. അടൂർ ജനറൽ ആശുപത്രി എത്തിച്ചെങ്കിലും മരിച്ചു.
ഇത്രയുമൊക്കെയായിട്ടും അപകട കാരണം പഠിക്കാനോ പരിഹാരം കണ്ടെത്താനോ ഭരണാധികാരികളോ കെഎസ്ടിപിയോ ശ്രമിക്കുന്നില്ല. നെല്ലിമൂട്ടിപ്പടി മുതൽ ഹൈസ്കൂൾ ജങ്ഷൻ വരെ റോഡിന് ഇരുവശവും അനധികൃത കച്ചവടത്തിന് ഒത്താശ ചെയ്യുന്ന രാഷ്ട്രീയക്കാരാണ് ഈ അപകടാവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
വൻ തുക പടിവാങ്ങിയാണ് ഇവിടെ കച്ചവടം നടത്താൻ അനുവാദം നൽകിയിരിക്കുന്നത്. ഭരണപ്പാർട്ടിയുടെ ജില്ലാ, ഏരിയാ നേതാക്കളാണ് ഈ കച്ചവടത്തിന് പിന്നിൽ എന്നാണ് അറിയുന്നത്.
ഇവരെ ഒഴിപ്പിക്കാൻ പല തവണ പൊലീസും റവന്യൂ അധികൃതരും ശ്രമിച്ചിരുന്നു. എന്നാൽ നേതാക്കൾ എത്തി കണ്ണുരുട്ടിയതോടെ ഇവർക്ക് പിന്മാറേണ്ടി വന്നു. ഭരണതലത്തിൽ അനധികൃത നിർമ്മാണത്തിനും കൈയേറ്റത്തിനും വേണ്ടി ഏറ്റവുമധികം ശിപാർശയും ഭിഷണിയും ഉണ്ടാകുന്ന സ്ഥലമാണ് അടൂർ. ബൈപ്പാസിന്റെ ഇരുവശങ്ങളിലും നടപ്പാത കൈയേറി നടത്തുന്ന വഴിയോര കച്ചവടം ഒഴിപ്പിക്കാൻ നഗരസഭയും തയാറാകുന്നില്ല. ഭരണാധികാരികൾക്ക് ഇവർ കൃത്യമായി മാസപ്പടി നൽകുന്നുവെന്നാണ് ആരോപണം. ഭരണ നതേൃത്വവുമായി ബന്ധപ്പെട്ട വട്ടിപ്പലിശക്കാർ ദിവസപലിശയ്ക്ക് പണം നൽകിയാണ് ഇത്തരം വ്യാപാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. രണ്ടു തരത്തിലാണ് നേതാക്കൾക്ക് പടി കിട്ടുന്നത്. വഴിയോര കച്ചവടക്കാരും അവർക്ക് പണം നൽകുന്ന വട്ടിപ്പലിശക്കാരുമാണ് പടി നൽകുന്നത്.
വികസന മുരടിപ്പിന് ഏറെ പഴിദോഷം കേൾക്കുന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ഈ വിഷയത്തിൽ ഇടപെടുന്നില്ല. ഭരണപക്ഷത്തെ നേതാക്കൾ ഇത്തരം കച്ചവടങ്ങൾക്ക് ഒത്താശ ചെയ്യുമ്പോൾ പ്രതിപക്ഷമായ ബിജെപിയും കോൺഗ്രസും മിണ്ടാൻ ഒരുക്കമല്ല. സുരക്ഷാ ഇടനാഴി എന്ന പേരിന് പോലും നാണക്കേടുണ്ടാക്കുന്ന തരത്തിലാണ് അടൂരിലെ ഈ അപകടമേഖല. വഴിയോരക്കച്ചവടം ഒഴിപ്പിച്ച് സിഗ്നലും സൂചനാ ബോർഡുകളും കൃത്യമായി സ്ഥാപിച്ചാൽ ഈ അപകട പരമ്പര ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്