അടൂർ: ഇതാണ് സിപിഎം നാഴികയ്ക്ക് നാൽപതു വട്ടം കൊട്ടിഘോഷിക്കുന്ന സ്ത്രീ ശാക്തീകരണം. അടൂർ നഗരസഭയിൽ വനിതാ ക്ലാർക്കിനെ സിപിഎമ്മിന്റെ കൗൺസിലർ മർദിച്ചു. ഏറെ നാളായി തുടരുന്ന അസഭ്യം വിളിയും മാനസിക പീഡനവുമാണ് മർദനത്തിൽ കലാശിച്ചത്. മർദനമേറ്റ ക്ലാർക്ക് പരാതി നൽകിയപ്പോൾ സ്വീകരിക്കാൻ കൂട്ടാക്കാതെ സെക്രട്ടറിയുടെ വിരട്ടൽ. തുണയാകുമെന്ന് കരുതിയ ഇടതുപക്ഷ സർവീസ് സംഘടനയും കൗൺസിലറുടെ വക്കാലത്ത് ഏറ്റെടുത്തു.

പ്രശ്നം ഒതുക്കി തീർക്കാൻ സിപിഎം ഏരിയാ സെക്രട്ടറിയും ഭീഷണിപ്പെടുത്തി. ഇതൊന്നും താനറിഞ്ഞില്ലെന്ന മട്ടിൽ പ്രതിമ പോലെ നിൽക്കുകയാണ് സിപിഐക്കാരനായ നഗരസഭാ ചെയർമാൻ. മൂന്നു ദിവസം മുൻപാണ് ക്ലാർക്കിനെ നഗരസഭാ കൗൺസിലർ ഷാജഹാൻ മർദിച്ചത്. ചട്ടം മറികടന്ന് ഇയാൾ പറയുന്നതൊന്നും ചെയ്യാൻ പറ്റില്ലെന്ന് ക്ലാർക്ക് പറഞ്ഞതാണ് കാരണം.

ഇതിന്റെ പേരിൽ ഏറെ നാളായി ഇയാൾ ജീവനക്കാരിയെ മാനസികമായി സമ്മർദത്തിലാക്കി വരികയായിരുന്നു. അസഭ്യം വിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥ വരുതിക്ക് വരുന്നില്ലെന്ന് കണ്ടപ്പോഴാണ് മർദിച്ചത്. യുവതിയുടെ കൈയ്ക്കാണ് മർദനമേറ്റത്. നഗരസഭാ ഓഫീസിൽ വച്ചു തന്നെയായിരുന്നു കൗൺസിലറുടെ കൈയാങ്കളി.

മാനസികമായി തകർന്ന യുവതി സെക്രട്ടറിക്ക് പരാതി നൽകി. തൊഴിലിടങ്ങളിലെ മാനസിക ശാരീരിക പീഡനങ്ങൾക്ക് മേലധികാരിക്ക് പരാതി നൽകുകയാണ് വേണ്ടത്. മേലധികാരി ഈ പരാതി പൊലീസിന് കൈമാറണം. എന്നാൽ, ഇവിടെ പരാതി പൊലീസിന് കൈമാറുന്നതിന് പകരം ജീവനക്കാരിയെ വിരട്ടാനാണത്രേ സെക്രട്ടറി ശ്രമിച്ചത്. പരാതി താൻ പൊലീസിന് കൈമാറാം. അതിന്റെ പേരിൽ വരുന്ന ഭവിഷ്യത്ത് അനുഭവിച്ചു കൊള്ളണമെന്നായിരുന്നു വിരട്ടൽ.

പൊലീസ് കേസും തുടർന്നുള്ള നടപടി ക്രമങ്ങളും ഒറ്റയ്ക്ക് നേരിട്ടു കൊള്ളണമെന്ന് കൂടി സെക്രട്ടറി പറഞ്ഞതോടെ യുവതി ഭയന്നു. വിവരം നഗരസഭാ ചെയർമാൻ ഡി. സജിയുടെ ശ്രദ്ധയിലുമെത്തി. എന്നാൽ, ഒരു നടപടിക്കും ചെയർമാൻ മുതിർന്നില്ല. സിപിഎമ്മിന്റെ അടൂർ ഏരിയാ സെക്രട്ടറി എസ് മനോജും യുവതിയെ വിരട്ടിയെന്ന് പറയുന്നു. പരാതിയുമായി മുന്നോട്ടു പോയാൽ ഭവിഷ്യത്ത് ഉണ്ടാകുമെന്നായിരുന്നു വിരട്ടൽ.

നഗരസഭ ചെയർമാൻ ഡി. സജി സിപിഐക്കാരനാണ്. എങ്കിലും സിപിഎം നേതാക്കളുടെ താളത്തിനൊപ്പിച്ച് തുള്ളുന്ന പാവയാണ് ഇദ്ദേഹമെന്നാണ് പൊതുവേയുള്ള ആരോപണം. യുവതിയെ കൗൺസിലർ ഷാജഹാൻ മർദിച്ച കാര്യം സജി സമ്മതിക്കുന്നുണ്ട്. എന്നാൽ, തനിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നാണ് സജിയുടെ പക്ഷം. സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറി വരയ്ക്കുന്ന വരയ്ക്കപ്പുറം കടക്കാൻ സജി തയാറല്ലെന്നാണ് പ്രതിപക്ഷമായ യുഡിഎഫ് പറയുന്നത്.

യുവതിയെ മർദിച്ച കൗൺസിലർ ഷാജഹാൻ സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെയും ഏരിയാ സെക്രട്ടറി മനോജിന്റെയും വലംകൈയാണ്. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. പട്ടികജാതിക്കാർക്ക് കൊടുക്കാനുള്ള ഭൂമി തട്ടിപ്പ് നടത്തി ലക്ഷങ്ങൾ അടിച്ചു മാറ്റിയതിന് ഇയാൾക്കെതിരേ കേസുണ്ട്. അന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഇയാളെ തിരികെ കൊണ്ടു വന്ന് സുപ്രധാന തസ്തിക നൽകിയത് ഉദയഭാനുവും മനോജും ചേർന്നാണ്.

തനിക്കൊപ്പം നിൽക്കുമെന്ന് ജീവനക്കാരി കരുതിയ ഇടതുപക്ഷ സർവീസ് സംഘടനയും കൈവിട്ടിരിക്കുകയാണ്. ഏരിയാ സെക്രട്ടറി പറയുന്നത് അനുസരിക്കാനാണ് ഇവർക്ക് കൊടുത്തിരിക്കുന്ന നിർദ്ദേശം. ജീവനക്കാരിയെ ഇവിടെ നിന്ന് വടക്കൻ ജില്ലയിലേക്ക് പറപ്പിക്കാനുള്ള നീക്കവും സജീവമായിട്ടുണ്ട്.