പത്തനംതിട്ട: എതിർക്കുന്നവരെ നാടുകടത്തുന്ന കൊളോണിയൽ ഭരണത്തിൽ നിന്നും ജനാധിപത്യ ഭരണത്തിലേക്ക് രാജ്യം മാറിയ വിവരം ആറാം വാർഡ് മെമ്പർക്ക് ബോധ്യമായിട്ടില്ല എന്ന കാര്യം ടിയാന്റെ പ്രവൃത്തിയിലുടെ കാണാവുന്നതാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതാണ് ആധുനിക കാലഘട്ടത്തിലെ സദ്ഭരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

സിപിഎം ഭരിക്കുന്ന കടമ്പനാട് പഞ്ചായത്ത് ആറാം വാർഡിലെ അംഗം ലിന്റോ യോഹന്നാനെതിരേ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓംബുഡ്സ്മാൻ സി. രാധാകൃഷ്ണൻ രേഖാമൂലം നടത്തിയ പരാമർശമാണിത്. സിപിഎം അംഗമായ ലിന്റോ തന്റെ വാർഡിൽ തന്നെയുള്ള, തന്നെ എതിർക്കുന്ന തൊഴിലുറപ്പ് തൊഴിലാളിയെ മറ്റൊരു വാർഡിലേക്ക് മാറ്റാൻ നടത്തിയ ഗൂഢാലോചനയ്ക്കുള്ള തിരിച്ചടിയാണ് ഓംബുഡ്സ്മാൻ ഉത്തരവ്. ഇതു സംബന്ധിച്ച് മണ്ണടി കൈലാസത്തിൽ സരള ലാൽ നൽകിയ പരാതി പരിഗണിച്ചാണ് ഓംബുഡ്സ്മാൻ ആറാം വാർഡ് മെമ്പർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരെ രൂക്ഷമായി വിമർശിച്ചത്. സരളയ്ക്ക് തൊഴിൽ നിഷേധിക്കാനും അവരെ കുറ്റക്കാരിയാക്കി ചിത്രീകരിക്കാനും പഞ്ചായത്ത് സെക്രട്ടറിയും വാർഡ് മെമ്പറും മറ്റ് തൊഴിലുറപ്പ് അംഗങ്ങളും ചേർന്ന് ചമച്ച കള്ളക്കഥകൾ പൊളിച്ചടുക്കി കൊണ്ടാണ് ഓംബുഡ്സ്മാൻ ഉത്തരവിട്ടിരിക്കുന്നത്. ഒരു പഞ്ചായത്തംഗം ഇത്രയും രൂക്ഷമായ വിമർശനം ഓംബുഡ്സ്മാനിൽ നിന്ന് നേരിടേണ്ടി വരുന്നത് ആദ്യ സംഭവമാണ്. പഞ്ചായത്ത് സെക്രട്ടറിയും കള്ളപ്പരാതി നൽകിയ തൊഴിലുറപ്പ് തൊഴിലാളികളും വിമർശന വിധേയരായി.

ആറാം വാർഡിലെ എഡിഎസ് പ്രസിഡന്റും തൊഴിലുറപ്പ് പദ്ധതി മേറ്റുമായിരുന്നു സരള. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ആറാം വാർഡിൽ നിന്ന് വിജയിച്ച ലിന്റോ യോഹന്നാൻ രാഷ്ട്രീയ വിരോധം നിമിത്തം മാനസികമായ പീഡിപ്പിക്കുന്നുവെന്നായിരുന്നു സരളയുടെ പരാതി. തൊഴിലുറപ്പ് മേറ്റിന്റെ സ്ഥാനത്ത് നിന്നും ഒഴിവാക്കിയ പഞ്ചായത്തംഗം ഇതേ വാർഡിൽ അവസരമുണ്ടായിട്ടും നൽകാതെ രണ്ടു വാർഡുകൾക്ക് അപ്പുറത്തേക്ക് മാറ്റി സരളയുടെ പേര് മസ്റ്റർ റോളിലാക്കി. സമൂഹമധ്യത്തിന്റെ തന്നെ അധിക്ഷേപിക്കാനും ദ്രോഹിക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഇതിൻ പ്രകാരം കഴിഞ്ഞ ജനുവരി 28 ന് പരാതിക്കാരിക്ക് അനുകൂലമായി ഓംബുഡ്സ്മാൻ വിധി പുറപ്പെടുവിച്ചു. എന്നാൽ, ഈ വിധി ദുർവ്യാഖ്യാനം ചെയ്ത് സരളയെ വീണ്ടും വാർഡ് കടത്താനുള്ള നീക്കമാണ് നടന്നത്.


ഓംബുഡ്സ്മാന്റെ ആദ്യ വിധിയിലെ പ്രസക്തഭാഗം ഇങ്ങനെ:

പരാതിക്കാരിക്ക് ഏറ്റവും അടുത്ത സന്ദർഭത്തയിൽ ടിയാളുടെ താമസ സ്ഥലം സ്ഥിതി ചെയ്യുന്ന വാർഡിൽ അവിദഗ്ധ തൊഴിൽ ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നു. വിശദീകരിക്കാവുന്ന ഏതെങ്കിലും കാരണത്താൽ ടി വാർഡിൽ ജോലി നൽകാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ ഏറ്റവും അടുത്തുള്ള വാർഡിൽ/പ്രവർത്തിയിൽ ടിയാൾക്ക് അവസരം നൽകേണ്ടതാണ്.

ജനുവരി 28 ന് ഈ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ഇത് ദുർവ്യാഖ്യാനം ചെയ്യുകയാണ് പഞ്ചായത്ത് സെക്രട്ടറിയും വാർഡ് അംഗവും ചെയ്തത്. ഇതിനായി ഇവർ കള്ളപ്പരാതി ചമച്ചുവെന്ന് ഓംബുഡ്സ്മാൻ നിരീക്ഷിച്ചു. ഓംബുഡ്സ്മാൻ ഉത്തരവ് വന്ന് രണ്ടു നാൾ കഴിഞ്ഞപ്പോൾ ബി. ജയകുമാറും മറ്റ് 24 തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് വളരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് സരളയ്ക്കെതിരേ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുത്തു. ഈ പരാതി കണക്കിലെടുത്തും എന്നാൽ ഓംബുഡ്സ്മാന്റെ നിർദ്ദേശം പാലിക്കേണ്ടതു കൊണ്ടും സരളയ്ക്ക് ആറാം വാർഡിൽ തന്നെയുള്ള മറ്റൊരു സൈറ്റിൽ ഫെബ്രുവരി എട്ടു മുതൽ 23 വരെ തൊഴിൽ അനുവദിച്ചുവെന്ന് സെക്രട്ടറി നൽകിയ വിശദീകരണത്തിൽ പറയുന്നു.

തൊട്ടുപിന്നാലെ ഫെബ്രുവരി ആറിന് ആറാം വാർഡ് മെമ്പർ സരളയ്ക്കെതിരേ കത്ത് നൽകുന്നു. ഫെബ്രുവരി 23 ന് ടി.കെ മുരളീധരനും മറ്റ് 24 പേരും ചേർന്ന് ഇവർക്കെതിരേ മറ്റൊരു പരാതിയും നൽകുന്നു. ഇതെല്ലാം പരിഗണിച്ച് പഞ്ചായത്ത് സെക്രട്ടറി മാർച്ച് അഞ്ചു മുതൽ 20 വരെ ഏഴാം വാർഡിലെ തൊഴിൽ അനുവദിച്ചു കൊണ്ട് ഉത്തരവിടുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സരള രണ്ടാമതും ഓംബുഡ്സ്മാനെ സമീപിച്ചത്. പരാതിയിൽ ഏപ്രിൽ 19 ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഹിയറിങ് നടന്നു. സരളയ്ക്കെതിരേ വന്ന തുടർ പരാതികളിൽ എന്ത് അന്വേഷണമാണ് നടന്നത് എന്ന ഓംബുഡ്സ്മാന്റെ ചോദ്യത്തിന് മുന്നിൽ സെക്രട്ടറി വിയർത്തു. അസി. സെക്രട്ടറിയും ഓവർസിയറുമാണ് അന്വേഷണം നടത്തിയത് എന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ഇതിനായി അവരെ രേഖാമൂലം ചുമതലപ്പെടുത്തിയില്ലെന്നും വാക്കാൽ നിർദ്ദേശിക്കുകയുമായിരുന്നുവെന്നും സെക്രട്ടറി അറിയിച്ചു. വളരെ ഉത്തരവാദിത്തമുള്ള ഒരു ഉദ്യോഗസ്ഥനിൽ നിന്നും ഇപ്രകാരം വളരെ ലാഘവത്തോടെയുള്ള ഒരു സമീപനം പ്രതീക്ഷിതമല്ലെന്ന് ഓംബുഡ്സ്മാൻ വിമർശിച്ചു. സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയിലുണ്ടായിരുന്നത്. ഒരു പരാതിയിലും അന്വേഷണം നടത്തിയില്ല. പരാതി അന്വേഷിക്കാതെയും അതിൽ പറയുന്ന കാര്യങ്ങൾ വാസ്തവമാണോ എന്നറിയുന്നതിന് സ്വതന്ത്ര അന്വേഷണത്തിന് വിധേയമാക്കാതെയും പദ്ധതി നിർവഹണത്തിലെ മേറ്റുമാരിൽ നിന്നും കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ഓവർസിയറിൽ നിന്നും റിപ്പോർട്ട വാങ്ങിക്കുകയും അതനുസരിച്ച് സെക്രട്ടറി പ്രവർത്തിക്കുകയും ചെയ്തതായി ഓംബുഡ്സ്മാന് ബോധ്യപ്പെട്ടു. പരാതികൾ എല്ലാം തന്നെ ബാഹ്യപ്രേരണയാൽ ലഭിച്ചിട്ടുള്ളതാണെന്നും ഓംബുഡ്സ്മാന്റെ ആദ്യ ഉത്തരവ് മറികടക്കുന്നതിന് ആസൂത്രണം ചെയ്ത് തയാറാക്കിയിട്ടുള്ളതാണെന്നും പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെടുന്നുവെന്ന് ഓംബുഡ്സ്മാൻ നിരീക്ഷിച്ചു. ഓംബുഡ്സ്മാന്റെ ഉത്തരവ് വന്ന് രണ്ടു നാളുകൾക്കകം പ്രത്യക്ഷപ്പെട്ടു തുടങ്ങിയ പരാതികൾ എല്ലാം സംശയിക്കപ്പെടുന്നു. ഇതെല്ലാം സരളാ ലാലിന്റെ വാർഡിൽ തന്നെ ജോലി നൽകിയതിന് പിന്നാലെ തയാറാക്കിയിട്ടുള്ളതാണ്. സരള ആദ്യം നൽകിയ പരാതിയിൽ കടമ്പനാട് പഞ്ചായത്തിൽ തന്നെ വിചാരണ നടക്കുമ്പോഴോ പരാതി നൽകിയ തൊഴിലാളികൾ സന്നിഹിതരായിരുന്ന വർക്ക് സൈറ്റ് സന്ദർശിച്ച വേളയിലോ ഓംബുഡ്സ്മാന്റെ ശ്രദ്ധയിൽപ്പെടുത്തുകയോ പരാതി രേഖാമൂലം നൽകുകയോ ചെയ്തിട്ടില്ലെന്ന് ഓംബുഡ്സ്മാൻ നിരീക്ഷിച്ചു. പരാതിക്കാരിക്ക് തന്റെ ഭാഗം ന്യായീകരിക്കുന്നതിന് അവസരം നൽകാതെ സ്വാഭാവിക നീതി നിഷേധം നടത്തിയെന്ന് പറഞ്ഞ ഓംബുഡ്സ്മാൻ ഏപ്രിൽ 19 ന് നടന്ന വിചാരണയിൽ പരാതിക്കാരിൽ ആരെങ്കിലും ഹാജരായി തങ്ങളുടെ പരാതിയുടെ നിജസ്ഥിതി ഓംബുഡ്സ്മാൻ മുമ്പാകെ ബോധ്യപ്പെടുത്തുകയോ കേസിൽ തങ്ങളെക്കൂടി കക്ഷിചേർക്കുകയോ തങ്ങളെ കേൾക്കാൻ അവസരം ആവശ്യപ്പെടുകയോ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി. പരാതിയുള്ളവർക്ക് അപ്രകാരം ചെയ്യാമെന്ന് പഞ്ചായത്ത് സെക്രട്ടറിയും വാർഡ് മെമ്പറും അവരോട് നിർദ്ദേശിച്ചിട്ടുമില്ല.

ഇക്കാരണം കൊണ്ട് തന്നെ മറ്റുള്ളവരുടെ പരാതികൾ ബാഹ്യപ്രേരണയോടെ തയാറാകകിയിട്ടുള്ളതാണെന്ന് ബോധ്യപ്പെട്ടതായി ഓംബുഡ്സ്മാൻ അറിയിച്ചു. ജനുവരി 28 ലെ ഓംബുഡ്സ്മാൻ ഉത്തരവ് ഏതുവിധേനെയും അതിലംഘിക്കണം എന്ന ദുരുദ്ദേശ്യത്തോടെ പഞ്ചായത്ത് സെക്രട്ടറിയും വാർഡ് മെമ്പറും കൂട്ടായി ആസൂത്രണം ചെയ്ത പദ്ധതിയാണ് ഇതെന്ന് വ്യക്തമായതായി ഓംബുഡ്സ്മാൻ കണ്ടെത്തി.
സരളയെ ആറാം വാർഡിന് പുറത്തുള്ള പ്രവൃത്തിയിൽ നിയോഗിച്ചു കൊണ്ടുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ അറിയിപ്പ് ഓംബുഡ്സ്മാൻ അസ്ഥിരപ്പെടുത്തി. പരാതിക്കാരിയെ വാർഡു കടത്തമെന്ന രീതിയിൽ സെക്രട്ടറിയോട് നിർദ്ദേശിച്ച് കത്തു നൽകിയ ആറാം വാർഡ് മെമ്പറുടെ നടപടി സദുദ്ദേശ്യ പരമല്ലെന്നും ഓംബുഡ്സ്മാൻ പറഞ്ഞു. കടമ്പനാട് പഞ്ചായത്തിൽ മേറ്റുമാരുടെ നിയമനവും മാറ്റവും സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി 15 ദിവസത്തിനകം സമർപ്പിക്കാനും ഓംബുഡ്സ്മാൻ ഉത്തരവിട്ടു.

സിപിഎം ഏരിയാ സെക്രട്ടറിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഭരണം നടക്കുന്ന പഞ്ചായത്താണ് കടമ്പനാട്. പ്രസിഡന്റിനും സിപിഎമ്മിലെ ചില അംഗങ്ങൾക്കുമെതിരേ നിരവധി പരാതികളാണ് ഇവിടെയുള്ളത്. തികച്ചും സ്വേച്ഛാധിപത്യപരമായ തീരുമാനങ്ങളാണ് പ്രസിഡന്റിന്റേത്. വാർഡ് കുടുംബശ്രീ തെരഞ്ഞെടുപ്പിൽ അടക്കം ചട്ടം മറികടക്കാനുള്ള പ്രസിഡന്റിന്റെ ശ്രമം ഹൈക്കോടതി തടഞ്ഞിരുന്നു.