- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. ജയൻ സ്റ്റീഫനും അടൂർ ഹോളിക്രോസ് ആശുപത്രിക്കും ഇത് സ്ഥിരം പരിപാടി; ശർഭാശയം നീക്കാൻ ഉള്ള ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ ചെറുകുടൽ മുറിച്ചു നീക്കി; നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചപ്പോൾ കേസെടുത്ത് അടുർ പൊലീസും
അടൂർ: തൈറോയ്ഡ് ശസ്ത്രക്രിക്കിടെ കല എന്ന വില്ലേജ് ഓഫീസർ മരിക്കുന്നതു വരെ അടൂർ ഹോളിക്രോസ് ആശുപത്രിക്കെതിരേ ആർക്കും പരാതിയില്ലായിരുന്നു. കലയുടെ മരണത്തോടെയാണ് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർ ഇവിടെ മാസത്തിൽ രണ്ടു ദിവസമെത്തി ശസ്ത്രക്രിയ നടത്തുന്നുവെന്ന എല്ലാവർക്കും അറിയാവുന്ന രഹസ്യം പരസ്യമായത്. ഇതിന്റെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം അസി. പ്രഫസർ ഡോ. ജയൻ സ്റ്റീഫൻ സസ്പെൻഷനിലാവുകയും ചെയ്തു. ഇതിന് പിന്നാലെ ഹോളിക്രോസ് ആശുപത്രിയുടെയും ഡോ. ജയന്റെയും ചികിൽസാപ്പിഴവ് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നു വരികയാണ്. ഗർഭാശയം നീക്കാൻ ശസ്ത്രക്രിയയ്ക്ക് ചെന്ന വീട്ടമ്മയുടെ ചെറുകുടൽ മുറിച്ചു നീക്കിയെന്ന പരാതിയിൽ ഇന്ന് അടൂർ പൊലീസ് ആശുപത്രിക്കും ഡോക്ടർക്കുമെതിരേ കേസ് എടുത്തു.
പെരിങ്ങനാട് പുത്തൻചന്ത പോത്തടി ഗ്രേസ് വില്ലയിൽ ലീലാമ്മ(62) മാത്യുവാണ് പരാതിക്കാരി. കഴിഞ്ഞ വർഷം ഉണ്ടായ ചികിൽസാപ്പിഴവിന് ആദ്യം പരാതി നൽകിയപ്പോൾ നഷ്ടപരിഹാരം ആശുപത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അത് നൽകാതെ വന്നതോടെയാണ് ഇവർ വീണ്ടും പരാതി നൽകിയത്. ഡോ. ജയൻ സ്റ്റീഫനാണ് ശസ്ത്രക്രിയ നടത്തിയത് എന്നാണ് ഇവർ പറയുന്നത്. പക്ഷേ, ആശുപത്രി രേഖകളിൽ ഡോ. സുരേഷിന്റെ പേരാണുള്ളത്. അതു കൊണ്ടു തന്നെ കേസ് എടുത്താലും കൂടുതൽ നടപടി ഒന്നുമുണ്ടാകാൻ സാധ്യതയില്ല.
2020 സെപ്റ്റംബർ 11-നാണ് ലീലാമ്മ മാത്യൂഗർഭാശയം നീക്കാനുള്ള താക്കോൽദ്വാര ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. ഡോ.ജയൻ സ്റ്റീഫൻ ആയിരുന്നു ശസ്ത്രക്രിയ നടത്തിയത്. പിറ്റേന്ന് വാർഡിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ലീലാമ്മയുടെ ആരോഗ്യസ്ഥിതി വഷളായി. തുടർന്ന് ഹോളിക്രോസ് ആശുപത്രി അധികൃതർ തന്നെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു.
13-ന് തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ നടന്ന പരിശോധനയിൽ ഹോളിക്രോസിൽ നടന്ന ശസ്ത്രക്രിയയിൽ ലീലാമ്മയുടെ ചെറുകുടൽ മുറിഞ്ഞുവെന്നും ഇതിന്റെ ഫലമായി അണുബാധ ഉണ്ടായെന്നും അവിടെയുള്ള ഡോക്ടർമാർ പറഞ്ഞു. കരൾ, മറ്റ് ആന്തരിക അവയവങ്ങൾ എന്നിവിടങ്ങളിലേക്കും അണുബാധ വ്യാപിച്ചു. ജീവൻ രക്ഷിക്കാൻ അടിയന്തിരമായി മറ്റൊരു ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർ അറിയിച്ചു. തുടർന്ന് ഒരു ശസ്ത്രക്രിയ കൂടി നടത്തി. 40 ദിവസത്തെ ചികിൽസയ്ക്ക് ശേഷമാണ് വിടുതൽ കിട്ടിയത്. ഈ ശസ്ത്രക്രിയക്കു മാത്രം 13,78,768 ലക്ഷം രൂപ ചെലവായതായി ലീലാമ്മയുടെ ഭർത്താവ് മാത്യു പറഞ്ഞു. തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സ നടക്കുമ്പോൾ തന്നെ ലീലാമ്മയുടെ ചികിത്സാ പിഴവിലെ അപാകത ചൂണ്ടിക്കാട്ടി മാത്യു അടൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് ഡോ.ജയൻ സ്റ്റീഫൻ ഉൾപ്പെടെയുള്ള ആശുപത്രി അധികൃതർ സ്റ്റേഷനിലെത്തി നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചു.
പക്ഷെ പിന്നീട് ഈ വാഗ്ദാനത്തിൽ നിന്നും ഹോളീക്രോസ് ആശുപത്രി അധികൃതർ മാറി. തുടർന്ന് നടന്ന അനുരഞ്ജന ചർച്ചയിൽ ഏഴ് ലക്ഷം നൽകാമെന്നു പറഞ്ഞെങ്കിലും അതും നൽകിയില്ല. പണം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ മാത്യുവിനോടും കൂടെ ചെന്നവരോടും ആശുപത്രി അധികൃതർ മോശമായി പെരുമാറിയതായും മാത്യു പറയുന്നു. എന്നാൽ, വിദഗ്ധ ചികിൽസയ്ക്ക് ഡീലക്സ് സൗകര്യങ്ങളാണ് ലീലാമ്മ പ്രയോജനപ്പെടുത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട ഭാരിച്ച ചെലവ് വഹിക്കാൻ കഴിയുമായിരുന്നില്ലെന്നുമാണ് ഹോളി ക്രോസ് ആശുപത്രി അധികൃതരുടെ പ്രതികരണം.
ഡോ. ജയൻ സ്റ്റീഫൻ ഹോളിക്രോസ് ആശുപത്രിയിൽ നടത്തുന്ന ഏത് ശസ്ത്രക്രിയയുടെയും ഉത്തരവാദിത്തം ഡോ. സുരേഷിന്റെ തലയിലാണ്. ജയൻ സർക്കാർ ഡോക്ടർ ആയതിനാൽലാണ് രേഖകളിൽ സുരേഷിന്റെ പേര് വയ്ക്കുന്നത്. വയറ്റിലെ ശസ്ത്രക്രിയയ്ക്ക് ചെന്ന വീട്ടമ്മയുടെ ഗർഭ പാത്രം നീക്കിയ സംഭവം ഇവിടെ ഉണ്ടായി. ബന്ധുക്കൾ പരാതിയുമായി പോയില്ല. വാഹനാപകടത്തിൽ കാലിന്റെ ഉപ്പൂറ്റി തകർന്ന യുവാവിന്റെ ശസ്ത്രക്രിയയും പരാജയപ്പെട്ടു. പരുക്കില്ലാത്ത കാലിൽ നിന്ന് മാംസം ഗ്രാഫ്ട് ചെയ്ത് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടു. കാൽ മുറിച്ചു നീക്കേണ്ടി വന്നു. മാംസമെടുത്ത കാലിനും പഴുപ്പ് കയറി. ഈ സംഭവമൊന്നും പരാതിയായി എത്തിയിരുന്നില്ല. വില്ലേജ് ഓഫീസറുടെ മരണം വിവാദമായതോടെയാണ് എല്ലാം സംഭവങ്ങളും പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്