- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചെന്നപ്പോൾ പ്ലാസ്റ്ററിട്ടു: പ്ലാസ്റ്റർ നീക്കിയപ്പോൾ കണങ്കാലിന് വേദനയും വളവും: അത് മാറിക്കോളുമെന്ന് അലസ മറുപടിയും: മറ്റൊരു ആശുപത്രി ശസ്ത്രക്രിയ ചെയ്ത് നേരെയാക്കി: അടൂർ മരിയ ആശുപത്രി 1.60 ലക്ഷം നഷ്ടപരിഹാരം നൽകണം
പത്തനംതിട്ട: കാലിന് പരുക്കേറ്റ രോഗിയുടെ ചികിസാ പിഴവുണ്ടായതിന് നഷ്ടപരിഹാരമായി അടൂർ മരിയ ആശുപത്രി 1.60 ലക്ഷം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി. ആശുപത്രിക്കും ഡോ. ജിനു തോമസിനുമെതിരെയാണ് ഉത്തരവ്.
പറക്കോട് - പുതുമല കാഞ്ഞിരവിളയിൽ വീട്ടിൽ സാനു ഡേവിഡ് ആണ് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽ ഇതു സംബന്ധിച്ച് കേസ് ഫയൽ ചെയ്തത്. 1,50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നൽകാനാണ് വിധി.
സാനു ഡേവിഡിന് 2014 സെപ്റ്റംബറിൽ പത്തനംതിട്ടയ്ക്കടുത്തു വച്ചാണ് അപകടത്തിൽ പരുക്കേറ്റത്. ചികിൽസയ്ക്ക് വേണ്ടി അടൂർ മരിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർ ജിനു തോമസാണ് സാനു ഡേവിഡിനെ പരിശോധിച്ചത്. അദ്ദേഹത്തിന്റെ ഇടതു കണങ്കാലിന്റെ ജോയിന്റ് തെറ്റിയിട്ടുണ്ടെന്നും കാലിനു പൊട്ടലുണ്ടെന്നും പറഞ്ഞ് പ്ലാസ്റ്റർ ഇട്ട് വിടുകയും ചെയ്തു.
ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഒരാഴ്ച കഴിഞ്ഞ് ആശുപത്രിയിൽ ചെന്ന് പഴയ പ്ലാസ്റ്റർ നീക്കം ചെയ്ത് പുതിയത് ഇടുകയും ചെയ്തു. ഒരു മാസം കഴിഞ്ഞ് സാനു ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ടു. പ്ലാസ്റ്ററും നീക്കം ചെയ്തു. ഒരു മാസം നടന്നു കഴിയുമ്പോൾ കാലിന്റെ വളവ് നിവരുമെന്നും വേദന കുറയുമെന്നും ഡോക്ടർ ഉറപ്പു നൽകി.
ഒരു മാസം കഴിഞ്ഞിട്ടും കാലിന്റെ വേദനയും വളവും മാറാത്ത കാര്യം ഡോക്ടറെ അറിയിച്ചപ്പോൾ എല്ലാം ശരിയായി കൊള്ളുമെന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നുവത്രേ. ഡോക്ടറുടെ ചികിത്സയിൽ സംശയം തോന്നിയ സാനു തിരുവനന്തപുരം എസ്‌പി ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടി. കാലിന് ഓപ്പറേഷൻ ചെയ്യുകയും ചെയ്തു. ഇതിന് 1,44,000 രൂപയോളം ചെലവായി.
മാസങ്ങളോളം ഇങ്ങനെ ചികിത്സിച്ചു നടന്നതു കൊണ്ട് തനിക്കുണ്ടായിരുന്ന താത്കാലിക ജോലി നഷ്ടപ്പെട്ടുവെന്നും പരാതിയിലുണ്ടായിരുന്നു. മരിയ ആശുപത്രിയിൽ ശരിയായ രീതിയിൽ കാലിനു പ്ലാസ്റ്റർ ഇട്ടിരുന്നുവെങ്കിൽ പിന്നീട് ഓപ്പറേഷൻ ചെയ്യേണ്ടി വരില്ലായിരുന്നുവെന്നാണ് സാനു പറയുന്നത്. ആശുപത്രിയുടെയും ചികിത്സിച്ച ഡോക്ടറുടെയും പിഴവു കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് സാനു കോടതിയിൽ മൊഴി നൽകി.
വാദങ്ങളും തെളിവു രേഖകളും പരിശോധിച്ച കമ്മിഷൻ സാനുവിന്റെ പരാതി ശരിയാണെന്ന് കണ്ടെത്തി എതിർകക്ഷികൾ നഷ്ടപരിഹാരം കൊടുക്കാൻ വിധിക്കുകയായിരുന്നു. ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്