അടൂർ: വാട്സാപ്പ് ഗ്രൂപ്പിലെ തർക്കത്തെ തുടർന്നുണ്ടായ അടിപിടിക്കിടെ തലയ്ക്ക് പരുക്കേറ്റ് പത്രം ഏജന്റ് മരിച്ചത് തക്ക സമയത്ത് ചികിൽസ കിട്ടാതെ. മാരൂർ രണജിത്ത് ഭവനിൽ രണജിത്താ(43)ണ് കൊല്ലപ്പെട്ടത്. മാർച്ച് 27 ന് രാത്രി അയൽവാസിയായ അനീഷ് ഭവനിൽ അനിൽകുമാറുമായുണ്ടായ സംഘട്ടനത്തിനിടെയാണ് രണജിത്തിന് തലയ്ക്ക് പരുക്കേറ്റത്.

ചങ്ങാതിക്കൂട്ടം വാട്സാപ്പ് ഗ്രൂപ്പിലെ വ്യക്തിപരമായ പരാമർശമാണ് സംഘട്ടനത്തിൽ കലാശിച്ചത്. തുടർന്ന് ഫോണിലൂടെ അനിൽ രണജിത്തിനെ വെല്ലുവിളിച്ചു. രണജിത്ത് വെല്ലുവിളി ഏറ്റെടുത്ത് അനിലിന്റെ വീട്ടിലേക്ക് ചെന്നു. തുടർന്നാണ് സംഘട്ടനം നടന്നത്. ഇതിനിടെ രണജിത്ത് വീണു. സമീപത്തുള്ള കല്ലിൽ തലയിടിച്ചാണ് വീണത്. അനിലിന്റെ നേതൃത്വത്തിൽ തന്നെ രണജിത്തിനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ബൈക്കിൽ നിന്ന് വീണുവെന്നാണ് രണജിത്ത് ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. കുറേ സമയത്തെ നിരീക്ഷണത്തിനും പ്രാഥമിക ശുശ്രൂഷയ്ക്കും ശേഷം രണജിത്തിനെ വിട്ടയച്ചു. എന്നാൽ, വീട്ടിൽ മടങ്ങിയെത്തി അധികം വൈകാതെ ഇയാൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഒന്നു രണ്ടു തവണ ഛർദിക്കുകയും ചെയ്തു. ഇതോടെ പുനലൂരിലെ ആശുപത്രിയിലേക്ക് രണജിത്തിനെ കൊണ്ടുപോയി. അവിടെയും ബൈക്കിൽ നിന്ന് വീണുവെന്നായിരുന്നു മൊഴി.

സിടി സ്‌കാൻ എടുത്തു നോക്കിയപ്പോഴാണ് തലച്ചോറിൽ ക്ഷതം സംഭവിച്ചുവെന്ന് മനസിലാക്കുന്നത്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. മാർഗമധ്യേ ബോധം നഷ്ടമായി. മെഡിക്കൽ കോളജിലെത്തിക്കുമ്പോഴേക്കും അവസ്ഥ അതീവ ഗുരുതരമായിരുന്നു. നേരെ വെന്റിലേറ്ററിലേക്ക് മാറ്റിയ രണജിത്ത് ശനിയാഴ്ച രാവിലെ മരിച്ചു.

സംഭവത്തിന് ദൃക്സാക്ഷികളില്ല. രണജിത്തിന്റെ ഭാര്യ സജിനിയുടെ പരാതി പ്രകാരം അനിൽകുമാറിനെ കസ്റ്റഡിയിൽ എടുത്ത പൊലീസ് പിന്നീട് വിട്ടയച്ചു. രണജിത്തിന്റെ മരണ മൊഴി ബൈക്കിൽ നിന്നു വീണുവെന്നായിരുന്നു. ഇതു കാരണമാണ് ഇയാളെ വിട്ടയച്ചത്.