തിരുവനന്തപുരം: സംസ്ഥാനത്തെ 132 എം എൽ എമാരിൽ 57 പേരും കോടിപതികളെന്ന് റിപ്പോർട്ട്. ഏറ്റവും കൂടുതൽ കോടിപതികൾ ഉള്ളത് സിപിഎമ്മിലാണ്. 15 കോടിപതികൾ. മുസ്ലിം ലീഗാണ് രണ്ടാം സ്ഥാനത്ത് 14 പേർ. 86 എംഎൽഎമാർക്കെതിരെ ക്രിമിനൽ കേസുണ്ട്. ഇതിൽ രണ്ട് പേർക്കെതിരെ ചുമത്തിയിരിക്കുന്നതു കൊലക്കുറ്റമാണ്.

അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസും കേരള ഇലക്ഷൻ വാച്ചും 132 എംഎൽഎമാരുടെ സത്യവാങ്മൂലം വിശകലനം ചെയ്തപ്പോഴാണ് ഈ കണ്ടെത്തൽ. സഭയിലെ 4 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 4 പേരുടെ വിവരം ലഭ്യമായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിലെ എംഎൽഎമാരിൽ 57 എംഎൽഎമാരുടെ പ്രഖ്യാപിത ആസ്തി ഒരു കോടി രൂപയിലേറെയാണ്. സിപിഎമ്മിലെ ആകെയുള്ള 56 എംഎൽഎമാരിൽ 15 പേർ കോടിപതികളാണ്. മുസ്ലിം ലീഗ് 18 പേരിൽ 14 പേർക്കും ഒരു കോടിയിലേറെ സ്വത്ത് വകകളുണ്ട്.

20 കോൺഗ്രസ് എംഎൽഎമാരിൽ 12 പേർ, കേരള കോൺഗ്രസിലെ ആകെയുള്ള നാല് പേർ, സ്വതന്ത്രന്മാരായ മൂന്ന് എംഎൽഎമാർ എന്നിവരാണ് കോടിപതികളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 2014 - 16 കാലത്തെ ആദായനികുതി റിട്ടേണുകൾ പ്രകാരമാണ് ഈ കണക്കുകൾ.

ലീഗ് എംഎൽഎമാരുടെ ശരാശരി ആസ്തി 3.7 കോടി രൂപയാണ്. സിപിഎം എംഎൽഎമാരുടെ ശരാശരി ആസ്തി 1.5 കോടി. കോൺഗ്രസ് എംഎൽഎമാരുടേത് 1.37 കോടിയാണ്.

ഏറ്റവും കൂടുതൽ സ്വത്തുള്ളത് വി.കെ.സി. മമ്മദ് കോയ (30 കോടി), കെ.ബി.ഗണേശ് കുമാർ (22 കോടി), മഞ്ഞളാംകുഴി അലി (20 കോടി) എന്നിവർക്കാണ്. ഏറ്റവും കൂടുതൽ വരുമാനമുള്ളതും വി.കെ.സി. മമ്മദ് കോയയ്ക്കാണ്. കെ.ബി.ഗണേശ് കുമാർ, മുകേഷ് എന്നിവരാണ് തൊട്ടുപിന്നിൽ.

ഏറ്റവും കുറവ് ആസ്തിയുള്ളത് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന്. 46,691 രൂപ. എൽദോ എബ്രഹാം, ആന്റണി ജോൺ, കോവൂർ കുഞ്ഞുമോൻ, ഒ ആർ കേളു എന്നിവർ പിന്നാലെ.

സമ്പത്തിനൊപ്പം പിവി അൻവറിന് വലിയ ബാധ്യതയുമുണ്ട്. ഏറ്റവും കൂടുതൽ ബാധ്യതയുള്ള എംഎൽഎയും അൻവർ തന്നെ. 5 കോടി. പി.വി അബ്ദുറഹ്മാന് മൂന്ന് കോടിയുടെയും പി സി ജോർജിന് ഒരു കോടിയുടെയും ബാധ്യതയുണ്ട്.

64 ശതമാനം എംഎൽഎമാർക്കും അൻപതിന് മുകളിലാണ് പ്രായം. ഡോക്ടറേറ്റ് നേടിയ രണ്ട് എംഎൽഎമാർ. ബിരുദാനന്തരബിരുദമുള്ള 22 പേർ. 77 എംഎൽഎമാർക്ക് ബിരുദമോ അതിലധികമോ വിദ്യാഭ്യാസമുണ്ട് നമ്മുടെ സഭയിൽ.  54 എംഎൽഎമാരുടെ വിദ്യാഭ്യാസ യോഗ്യത 5ാം ക്ലാസിനും 12ാം ക്ലാസിനുമിടയിലാണ്. ഒരാൾക്കു മാത്രം സ്‌കൂൾ വിദ്യാഭ്യാസമില്ല. 77 പേർ ബിരുദമോ അതിനു മുകളിലോ യോഗ്യതയുള്ളവരാണ്.

86 എംഎൽഎമാർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. ഗുരുതരസ്വഭാവുമുള്ള ക്രിമിനൽ കേസുകൾ 21 ശതമാനം പേർക്കെതിരെ. സിപിഎമ്മിന്റെ 18ഉം കോൺഗ്രസിന്റെ അഞ്ചും എംഎൽഎമാർക്കും എതിരെ ഗുരുതരസ്വഭാവമുള്ള ക്രിമിനൽ കേസുകളുണ്ട്.

കൊലക്കേസ് പ്രതികളായ 2 പേരുണ്ട്. 6 പേർക്കെതിരെ വധശ്രമക്കേസുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമത്തിന് ഒരാൾക്കെതിരെ കേസുണ്ട്. 86 എംഎൽഎമാർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. സിപിഎമ്മിലാണ് കൂടുതൽ പേർ 51; സിപിഐ 12, കോൺഗ്രസ് 9, ലീഗ് 5, സ്വതന്ത്രർ 4. ഗുരുതര ക്രിമിനൽ കേസുകൾ സിപിഎമ്മിൽ 18 പേർക്കെതിരെയുണ്ട്; കോൺഗ്രസ് 5, സിപിഐ 3, ലീഗ് 2.