ന്യൂഡൽഹി: കോവിഡ് വാക്‌സിനുകൾ തമ്മിലുള്ള ഇടവേളകൾ വർദ്ധിപ്പിക്കുന്നത് രൂപമാറ്റം സംഭവിച്ച ഡെൽറ്റ വേരിയന്റ് പോലുള്ള കോവിഡ് വൈറസുകളോടുള്ള ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശകൻ ആന്തണി ഫൗച്ചി.

കേരളത്തിൽ കോവിഡ് വൈറസിന്റെ ഡെൽറ്റ വേരിയന്റ് വ്യാപകമാണ്. കഴിഞ്ഞ മാസം ഇന്ത്യയിൽ കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് ആഴ്ചയിൽ നിന്ന് 12 മുതൽ 16 ആഴ്ച വരെയായി ഉയർത്തിയിരുന്നു.'രണ്ട് ഡോസുകൾ തമ്മിലുള്ള ഏകദേശ ഇടവേള മൂന്ന് മുതൽ നാല് ആഴ്ച വരെയാണ്. അതിൽ കൂടുതൽ കാലം ഇടവേള വന്നാൽ കോവിഡ് വൈറസിന്റെ വിവിധതരം വേരിയന്റുകളെ പ്രതിരോധിക്കുവാനുള്ള ശേഷി നേടുവാൻ ശരീരത്തിനു സാധിക്കില്ല,' ഡോ ആന്തണി ഒരു സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞു.

ബ്രിട്ടനിലെ ഉദാഹരണം ഇന്ത്യക്കു പാഠമാക്കാവുന്നതാണെന്നും, അവിടെ വാക്‌സിനുകൾ തമ്മിലുള്ള ഇടവേള കൂട്ടിയതിനാലാണ് വൈറസിന്റെ പുതിയ വകഭേദം പടർന്നു പിടിക്കാൻ കാരണമായതെന്നും ഫൗച്ചി വിശദീകരിച്ചു. എന്നാൽ വാക്‌സിൻ ദൗർലഭ്യം ഉണ്ടായാൽ ഇടവേള കൂട്ടുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആസ്ട്രാസെനെക്കാ വാക്‌സിന്റെ ഇന്ത്യൻ പതിപ്പായ കൊവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള ഇന്ത്യ രണ്ടു തവണയാണ് വർദ്ധിപ്പിച്ചത്. ഇടവേള കൂട്ടുന്നത് കൂടുതൽ ഫലപ്രാപ്തി നൽകുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് സർക്കാർ ഇതിനു മുതിർന്നതെങ്കിലും ആ അവസരത്തിൽ ഇന്ത്യയിൽ കനത്ത വാക്‌സിൻ ക്ഷാമം അനുഭവപ്പെട്ടിരുന്നു.