- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയശങ്കറിനെ പുറത്താക്കണമെന്ന പിണറായിയുടെ ആ പഴയ വാശി വിജയിച്ചത് മരംമുറി വിവാദം മറയാക്കിയോ? അഡ്വ. ജയശങ്കറിന് പാർട്ടി അംഗത്വം പുതുക്കി നൽകണ്ടെന്ന് സിപിഐ ബ്രാഞ്ച് തീരുമാനം മേൽഘടകത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി; ദേശാഭിമാനിയിൽ വാർത്ത കണ്ട അറിവേ ഉള്ളൂവെന്ന് ജയശങ്കർ
കൊച്ചി: സ്വതന്ത്രവും നിഷ്പക്ഷവുമായ രാഷ്ട്രീയ വിമർശനങ്ങളിലൂടെ കേരളീയസമൂഹത്തിൽ ശ്രദ്ധേയനായ അഡ്വ. എ ജയശങ്കറിന്റെ പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിന്റെ തീരുമാനം മേൽഘടകത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ. ജയശങ്കറിന് അംഗത്വം നിഷേധിക്കുന്നതിനോട് ബ്രാഞ്ച് കമ്മിറ്റിക്ക് യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ ജില്ലാ നേതാക്കളുടെയടക്കം നിർബന്ധബുദ്ധിയാണ് ജയശങ്കറിന് പുറത്തേയ്ക്കുള്ള വഴി തുറന്നതെന്നാണ് വിമർശനം. സിപിഐ അനുകൂല അഭിഭാഷക സംഘടനയുടെ മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ജയശങ്കർ.
ഇന്നലത്തെ മെമ്പർഷിപ്പ് പുതുക്കുന്ന റിവ്യൂ മീറ്റിങിന് ജയശങ്കർ പങ്കെടുത്തിരുന്നില്ല. എന്നാൽ സിപിഐ അംഗത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കിയത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജയശങ്കർ പറഞ്ഞു. ദേശാഭിമാനി കണ്ടപ്പോഴാണ് തന്നെ ഒഴിവാക്കിയ കാര്യം അറിഞ്ഞത്. ജോലി സംബന്ധമായ തിരക്കുകൾ മൂലമാണ് റിവ്യു മീറ്റിങിന് പോകാൻ സാധിക്കാത്തത്. പാർട്ടിയോട് അംഗത്വം വേണമെന്നോ വേണ്ടെന്നോ താൻ അറിയിച്ചിട്ടില്ലെന്നും ജയശങ്കർ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും സിപിഐയേയും എൽഡിഎഫിനേയും മോശമാക്കുന്ന അഭിപ്രായ പ്രകടനം നടത്തിയതിനാണ് ജയശങ്കറിനെ ഒഴിവാക്കിയതെന്നാണ് ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം മരംമുറി വിവാദത്തിൽ സിപിഐ ശരിക്കും പ്രതിരോധത്തിലാണ്. സിപിഐ മുൻ മന്ത്രിയിലേക്ക് അന്വേഷണം എത്താതിരിക്കാൻ ശ്രമം ഊർജ്ജിതമാണ് താനും. ഇതിനിടെയാണ് സിപിഐ സർക്കാറിന്റെ കടുത്ത വിമർശനകായ അഡ്വ. ജയശങ്കറിനെ കൈവിടുന്നത് എന്നതും ശ്രദ്ധേയമാണ്. സിപിഎമ്മിനെയും പിണറായി വിജയനേയും ശക്തമായി വിമർശിച്ചിരുന്ന ജയശങ്കർ ഇടതുമുന്നണിയിൽ പിണറായിസം അടിച്ചേൽപ്പിക്കുന്നതിനും എതിരായിരുന്നു. ജയശങ്കറിന്റെ ഈ പോരാട്ടത്തിന് മനസ് കൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരായിരുന്നു സിപിഐയുടെ സാധാരണ പ്രവർത്തകർ. അതുകൊണ്ടുതന്നെ ജയശങ്കറെ പുറത്താക്കുന്നതിനോട് അവർക്ക് യോജിപ്പുണ്ടായിരുന്നില്ല.
ജയശങ്കർ സിപിഎമ്മിനും പിണറായി വിജയനും കണ്ണിലെ കരടായി മാറിയിട്ട് കാലം കുറച്ചായി. 2000 മുതൽ തുടർച്ചയായി മാധ്യങ്ങളിൽ എഴുതുകയും 2004 മുതൽ ദൃശ്യമാധ്യമങ്ങളിൽ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യുന്നയാളാണ് അഡ്വ ജയശങ്കർ. 2007 മുതൽ 2014-15 വരെ ഇന്ത്യാവിഷൻ ചാനലിൽ വാരാന്ത്യം എന്ന പരിപാടി അവതരിപ്പിച്ചിരുന്നു. അതിന് ശേഷം നിരവധി ചാനലുകളിൽ രാഷ്ട്രീയ നിരീക്ഷകനായി ചർച്ചകളിൽ പങ്കെടുത്തിരുന്നു. പിണറായി വിജയൻ സിപിഎം സെക്രട്ടറി ആയിരുന്ന കാലത്ത് തന്നെ ജയശങ്കറിനെ പാർട്ടിയിൽ നിന്നും ഒഴിവാക്കാനുള്ള സമ്മർദ്ദം നടത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ അഭിഭാഷക സംഘടനയുടെ സംസ്ഥാന പ്രസിഡന്റാക്കികൊണ്ടായിരുന്നു സിപിഐ തിരിച്ചടിച്ചത്. എന്നാൽ ഇപ്പോൾ സിപിഐയുടെ ബാർഗെയ്നിങ് പവർ ഇല്ലാതായതിന്റെ അടയാളമായാണ് പുതിയ നടപടിയെ രാഷ്ട്രീയനിരീക്ഷകർ കാണുന്നത്. സിപിഐ നേതൃത്വം പൂർണമായും പിണറായി വിജയന് അടിമപ്പെട്ടതായും സിപിഐ പ്രവർത്തകർ വിമർശിക്കുന്നു.
അംഗത്വം പുതുക്കുന്നതിനുള്ള ബ്രാഞ്ച് ജനറൽ ബോഡി യോഗത്തിലാണ് ജയശങ്കറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്. പാർട്ടിയുടെ സ്വാഭാവിക നടപടിയാണിതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ട്. ജനുവരിയിലാണ് അംഗത്വം പുതുക്കേണ്ടതിനുള്ള ക്യാമ്പയിൻ തീരുമാനിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് വന്നപ്പോൾ ഇത് ജൂണിലേക്ക് മാറ്റി. എറണാകുളം ജില്ലാക്കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ബ്രാഞ്ചിന്റെ തീരുമാനം പുനപരിശോധിക്കണോ എന്ന കാര്യം എറണാകുളം ജില്ലാ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. ഇതിനെല്ലാം പുറമേ, പാർട്ടി കൺട്രോൾ കമ്മീഷനെ സമീപിച്ച് തന്റെ അം?ഗത്വം പുതുക്കണമെന്ന ആവശ്യപ്പെടാനും ജയശങ്കറിന് കഴിയും.
2020 ജൂലൈയിൽ ജയശങ്കറിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ജയശങ്കർ പാർട്ടിക്കെതിരെയും മുന്നണിക്കെതിരെയും വിമർശനം തുടർന്നെന്നും നേതൃത്വം പറയുന്നു. ജയശങ്കർ സിപിഐ അംഗം മാത്രമായിരുന്നെന്നും പാർട്ടിയുടെ മറ്റ് ചുമതലകൾ ഒന്നും അദ്ദേഹത്തിനില്ലായിരുന്നു എന്നും നേതൃത്വം വ്യക്തമാക്കി. കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി ഫെഡറേഷനിൽ പ്രവർത്തിച്ചുകൊണ്ടാണ് ജയശങ്കർ കമ്മ്യൂണിസ്റ്റു പാർട്ടിയിലെത്തുന്നത്. 9 വർഷം ബ്രാഞ്ചിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. സമീപകാലത്തെ എല്ലാ ജില്ലാ സമ്മേളനങ്ങളിലും, ആലുവായിൽ, പറവൂരിൽ, തൃപ്പൂണിത്തുറയിൽ, മൂവാറ്റുപുഴയിൽ ഒക്കെ നടന്ന ജില്ലാ സമ്മേളനങ്ങളിൽ പ്രതിനിധിയായിരുന്നു.
തൃശൂർ നടന്ന സംസ്ഥാന സമ്മേളനത്തിലും പ്രതിനിധിയായി പങ്കെടുത്തു. ജയശങ്കറിന്റെ അച്ഛൻ ഭിന്നിപ്പിനു മുമ്പ് സിപിഐയിലും ഭിന്നിപ്പിനു ശേഷം സിപിഎമ്മിലും പ്രവർത്തിച്ചയാളാണ്. അമ്മ കോൺഗ്രസുകാരിയായിരുന്നു. അച്ഛനെപ്പോലെ സിപിഎമ്മിലോ അമ്മയെപ്പോലെ കോൺഗ്രസിലോ ചേരാതെ സിപിഐയിൽ ചേർന്നത് സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ജയശങ്കർ നേരത്തേ വ്യക്തമാക്കിയിരുന്നു. മറ്റു പാർട്ടികളെക്കാൾ ജനാധിപത്യ സ്വഭാവമുള്ള, വ്യക്തിസ്വാതന്ത്ര്യത്തിന് വില കല്പിക്കുന്ന പാർട്ടിയാണ് സിപിഐ എന്നായിരുന്നു നേരത്തേ ഉയർന്ന വിവാദങ്ങളോടുള്ള ജയശങ്കറിന്റെ പ്രതികരണം.
രാഷട്രീയ ഗുരുനാഥനായി താൻ കാണുന്നത് സി.കെ ചന്ദ്രപ്പനെയാണ് എന്നും ജയശങ്കർ നേരത്തേ വ്യക്തമാക്കിയിരുന്നു. 15 വയസ്സായതിനു ശേഷം താൻ കരഞ്ഞത് ചന്ദ്രപ്പന്റെ മരണവാർത്ത അറിഞ്ഞപ്പോഴാണ് എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അച്ഛനും അമ്മയും മരിച്ചപ്പോൾ ഞാൻ കരഞ്ഞിട്ടില്ല- പക്ഷേ, ചന്ദ്രപ്പന്റെ മരണവാർത്ത കേട്ടപ്പോഴും ചാനൽ സ്റ്റുഡിയോയിൽ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴും മൃതദേഹത്തിൽ റീത്ത് വയ്ക്കുമ്പോഴും ഞാൻ കരഞ്ഞു അന്ന് ജയശങ്കർ പറഞ്ഞത് ഇങ്ങനെയാണ്.
മറുനാടന് മലയാളി ബ്യൂറോ