- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മലബാറിൽ പുതിയ ഭഗത് സിംഗിനെയും ചെഗുവേരയെയും സൃഷ്ടിച്ചുന്ന ഇടതുപക്ഷ യുവജന സംഘടനകൾ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു; കുഞ്ഞഹമ്മദ് ഹാജിയുടെ കറുത്തിരുണ്ട ചരിത്രത്തിന് വെൺമയും വെള്ളാരങ്കണ്ണും ചീകിയൊതുക്കിയ മുടിയും നൽകുന്നത് തീവ്രവാദത്തിന്റെ രാഷ്ട്രീയം; അഡ്വ. ജയശങ്കർ എഴുതുന്നു
ഒക്ടോബർ 29-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം മലപ്പുറം ടൗൺഹാളിൽ നടന്ന ചടങ്ങിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഏറ്റവും പുതിയ ജീവചരിത്രം പ്രകാശിതമായി. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് മാർക്സിസ്റ്റ് നേതാവും മുന്മന്ത്രിയുമായ ടി.കെ. ഹംസ; പ്രാസംഗികരായി ഡി.സി.സി പ്രസിഡന്റ് വി എസ്. ജോയി, മുസ്ളിം ലീഗുകാരനായ സ്ഥലം എംഎൽഎ ഉബൈദുള്ള, പോപ്പുലർ ഫ്രണ്ട് നേതാവ് പ്രൊഫ. പി. കോയ മുതലായവർ. അന്നുവരെ മറ്റാരും കണ്ടിട്ടില്ലാതിരുന്ന, വാരിയംകുന്നന്റേതെന്ന് പറയപ്പെടുന്ന ഫോട്ടോയാണ് പുസ്തകത്തിന്റെ കവർചിത്രം. മുമ്പ് കെ. മാധവൻനായരും സർദാർ ചന്ദ്രോത്തും വർണ്ണിച്ചിട്ടുള്ള കറുത്തിരുണ്ട നിറമുള്ള വൃദ്ധനെയല്ല ചിത്രത്തിൽ കാണുന്നത്. വെളുത്ത നിറവും കനത്ത മേൽമീശയും വെള്ളാരങ്കണ്ണും ചീകിയൊതുക്കിയ മുടിയുമുള്ള ഏതാണ്ട് ഒരു യൂറോപ്യൻ ഛായയുള്ള പുതിയ വാരിയംകുന്നൻ. മണിക്കൂറുകൾക്കകം പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ വിറ്റുപോയി. വാരിയംകുന്നന്റെ പുതിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകമെമ്പാടും പ്രചരിച്ചു. ഏറനാട്ടിലും വള്ളുവനാട്ടിലും മാത്രമല്ല, നാടിന്റെ നാനാഭാഗത്തും ആ ചിത്രംവലിയ ആവേശത്തോടെ വരവേൽക്കപ്പെടുകയും ചെയ്തു.
മലബാർ കലാപത്തിന്റെ നൂറാം വാർഷികം വിവിധ രാഷ്ട്രീയപാർട്ടികളും സമുദായ സംഘടനകളും അത്യുത്സാഹപൂർവം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ആഘോഷിക്കുന്നവരുടെ കൂട്ടത്തിൽ മുസ്ളിം ലീഗും ജമാ അത്തെ ഇസ്ളാമിയും പോപ്പുലർ ഫ്രണ്ടും മാത്രമല്ല കോൺഗ്രസുമുണ്ട്. എന്നാൽ ഏറ്റവും ഉത്സാഹത്തോടെയും ആവേശത്തോടെയും നാടൊട്ടുക്കും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത് സിപിഎമ്മും പോഷക സംഘടനകളുമാണ്. കലാപത്തിന്റെ ശതാബ്ദി പ്രമാണിച്ച് ഡിവൈഎഫ്ഐ തെക്ക് പാറശാല മുതൽ വടക്ക് മഞ്ചേശ്വരം വരെ നൂറു ചടങ്ങുകളാണ് സംഘടിപ്പിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗിനോടാണ് സ്പീക്കർ എം.ബി. രാജേഷ് ഉപമിച്ചത്. തക്ബീർ മുഴക്കിയ കേരള ചെഗുവേരയെന്ന് മാർക്സിസ്റ്റ് സൈദ്ധാന്തികൻ കെ.ഇ.എൻ കുഞ്ഞഹമ്മദും വിശേഷിപ്പിച്ചു.
മലബാർ കലാപം നടന്ന പ്രദേശങ്ങൾ ടൂറിസ്റ്റ് സർക്യൂട്ടാക്കി വികസിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. മറുഭാഗത്ത് സംഘപരിവാറും വെറുതേയിരിക്കുകയല്ല. മലബാർ കലാപമെന്ന പേരിൽ നടന്ന ഹിന്ദു വംശഹത്യയുടെ ശതാബ്ദി അവർ ദേശീയതലത്തിൽ തന്നെ ആചരിക്കുന്നുണ്ട്. മലബാർ കലാപത്തിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാതിരുന്ന ക്രൈസ്തവരും അവരാൽ കഴിയും വിധം ആഘോഷ പരിപാടികളിൽ പങ്കുചേരുന്നുണ്ട്. ഇപ്പോഴത്തെ സവിശേഷ സാമുദായിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ അവരുടെ അനുഭാവം ഹിന്ദുത്വ വാദികളോടാണെന്നു മാത്രം. ഇത്രമാത്രം ആവേശത്തോടെ ആഘോഷിക്കപ്പെടേണ്ടുന്ന ഒന്നാണോ 1921 ലെ മലബാർ കലാപം? ആണെങ്കിൽതന്നെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണോ സമരത്തിന്റെ പ്രതീകവും പ്രതിരൂപവും? തീർച്ചയായും സ്വാതന്ത്ര്യസമര ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരദ്ധ്യായമായിരുന്നു 1921 ലെ നിസഹകരണ പ്രസ്ഥാനവും ഖിലാഫത്ത് സമരവും. സാക്ഷാൽ മഹാത്മാഗാന്ധിയാണ് ഇതു രണ്ടും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ തീരുമാനിച്ചത്.
മൗലാന മുഹമ്മദാലി, ഷൗക്കത്ത് അലി, അബുൽ കലാം അസാദ്, മോത്തിലാൽ നെഹ്റു മുതലയാവരായിരുന്നു സമര നേതാക്കൾ. മുസ്ളിം ലീഗിലെ ഒരു വിഭാഗം നേതാക്കൾ സമരത്തിനെതിരായിരുന്നു. രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കുന്നതിൽ പ്രതിഷേധിച്ച് മുഹമ്മദാലി ജിന്ന കോൺഗ്രസിൽ നിന്ന് രാജി വെക്കുകയും ചെയ്തു. സമരം സമാധാനപൂർണ്ണവും അഹിംസാത്മകവുമായിരിക്കണമെന്ന് മഹാത്മാഗാന്ധിക്ക് നിർബന്ധമുണ്ടായിരുന്നു. അതുറപ്പു വരുത്താൻ അദ്ദേഹം അനുചരന്മാർക്ക് കർശന നിർദ്ദേശവും നൽകിയിരുന്നു. വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യ മുതൽ ബർമ്മ വരെ ബ്രിട്ടീഷ് ഇന്ത്യയിൽ എല്ലായിടത്തും ഖിലാഫത്ത് സമരം നടന്നു. എന്നാൽ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ, അതും ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ മാത്രമാണ് സമരം അക്രമാസക്തമായത്. യഥാർത്ഥത്തിൽ നിസഹകരണ പ്രസ്ഥാനത്തിനും ഖിലാഫത്ത് സമരത്തിനും നേരിട്ട അപഭ്രംശമായിരുന്നു 1921 ലെ മലബാർ കലാപം. 1920 ഓഗസ്റ്റ് മാസത്തിൽ മഹാത്മാഗാന്ധിയും ഷൗക്കത്ത് അലിയും മലബാർ സന്ദർശിച്ചിരുന്നു. കോഴിക്കോട് കടപ്പുറത്ത് അവരുടെ പ്രസംഗം കേൾക്കാൻ പതിനായിരങ്ങൾ തടിച്ചു കൂടി. ഏറനാട്ടിൽ നിന്നു വന്ന മാപ്പിളമാരായിരുന്നു അതിലധികവും. സമരം സമാധാനപൂർണവും അഹിംസാത്മകവുമായിരിക്കണമെന്ന് ഗാന്ധിജി ആവർത്തിച്ച് ആഹ്വാനം ചെയ്തു. മാപ്പിളമാരിൽ ഏറിയകൂറും ദരിദ്രരരും വിദ്യാ വിഹീനരുമായിരുന്നു. അവർക്ക് ഖിലാഫത്തിന്റെ പ്രാധാന്യം മനസിലായി. എന്നാൽ അഹിംസയുടെ സന്ദേശം വേണ്ടവിധം ഗ്രഹിക്കാൻ കഴിഞ്ഞില്ല.
ഒരു വർഷത്തിനകം കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിലെമ്പാടും ഖിലാഫത്ത് കമ്മിറ്റികൾ നിലവിൽ വന്നു. മലബാർ സമരത്തിന്റെ രാഷ്ട്രീയ നേതൃത്വം കെ.പി. കേശവമേനോൻ, യു. ഗോപാലമേനോൻ, കെ. കേളപ്പൻ, മുഹമ്മദ് അബ്ദുറഹ്മാൻ, ഇ. മൊയ്തു മൗലവി, എംപി നാരായണ മേനോൻ, കെ. മാധവൻനായർ മുതലായവർക്കായിരുന്നു. എല്ലാവരും കോൺഗ്രസിന്റെ സമുന്നത നേതാക്കൾ. ആത്മീയ നേതൃത്വം തിരൂരങ്ങാടിയിലെ ആലി മുസ്ളിയാർക്കായിരുന്നു. 1921 ഓഗസ്റ്റ് 20 ന് ആലി മുസ്ളിയാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് നടത്തിയ ശ്രമം ഏറ്റുമുട്ടലിനിടയാക്കി. ആലി മുസ്ളിയാർ കീഴടങ്ങിയെങ്കിലും അനുയായികൾ അടങ്ങിയില്ല. തിരൂരങ്ങാടി പള്ളി പട്ടാളം തകർത്തു എന്ന കിംവദന്തി ഏറനാട്ടിലെമ്പാടും പടർന്നു പിടിച്ചു. മാപ്പിളമാർ പ്രകോപിതരായി. നാടിന്റെ നാനാഭാഗത്തും അക്രമം അരങ്ങേറി. അതോടെ രാഷ്ട്രീയ നേതാക്കൾ നിസഹായരായി. സമര നേതൃത്വം മതഭ്രാന്തന്മാരും സാമൂഹ്യ വിരുദ്ധരും കൈയടക്കി.
ഓഗസ്റ്റ് 20 നും 25 നുമിടയ്ക്ക് വള്ളുവനാട്, ഏറനാട് താലൂക്കുകളിലെ മിക്ക സ്ഥലങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടു. താനൂർ, പരപ്പനങ്ങാടി, പൂക്കോട്ടൂർ എന്നിവിടങ്ങളിൽ 20-ാം തീയതിയും മഞ്ചേരി, കാളികാവ്, കരുവാരക്കുണ്ട്, ചെമ്പ്രശേരി, താനൂർ, പാണ്ടിക്കാട് എന്നിവിടങ്ങളിൽ 21-ാം തീയതിയും ലഹള തുടങ്ങി. ഇവിടങ്ങളിലെല്ലാം സർക്കാർ ഓഫീസുകൾ തകർക്കുകയും രേഖകൾ തീയിടുകയും ട്രഷറികൾ കൊള്ളയടിക്കുകയും പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയും ചെയ്തു. വാർത്താ വിനിമയ മാർഗ്ഗങ്ങൾ തകരാറിലാക്കി. ടെലഗ്രാഫ് വയറുകൾ മുറിച്ചു. കോഴിക്കോട്ടേക്കുള്ള റെയിൽ പാളങ്ങൾ ഇളക്കിമാറ്റി. കലുങ്കുകളും പാലങ്ങളും തകർത്തു. വഴികളിൽ മരം മുറിച്ചിട്ട് തടസം സൃഷ്ടിച്ചു. കലാപകാരികളെ പിന്തിരിപ്പിക്കാൻ കേശവമേനോനും അബ്ദുറഹ്മാനും നാരായണ മേനോനും മൊയ്തു മൗലവിയും മാധവൻ നായരും ആവുംപാട് പരിശ്രമിച്ചു. പക്ഷേ എല്ലാ ശ്രമവും പരാജയപ്പെട്ടു. ഈ ഘട്ടത്തിൽ മലബാറിൽ പട്ടാള നിയമം പ്രഖ്യാപിച്ചു. കലാപകാരികളെ അടിച്ചമർത്താൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് ലഹളക്കാർക്ക് നേതൃത്വം നൽകിയത്. കൂടാതെ കാരാടൻ മൊയ്തീൻ കുട്ടി ഹാജി, ചെമ്പ്രശേരി കുഞ്ഞിക്കോയ തങ്ങൾ, കുമരംപുത്തൂർ സീതിക്കോയ തങ്ങൾ,കൊല്ലപ്പറമ്പൻ അബ്ദുഹാജി മുതലായവരും അവതരിച്ചു.
കലാപകാരികളെ തുരത്താൻ ബ്രിട്ടീഷ് പട്ടാളം നടത്തിയ ശ്രമം ആദ്യഘട്ടത്തിൽ വിജയിച്ചില്ല. അതോടെ അക്രമികൾക്ക് ആവേശം വർദ്ധിച്ചു. അടുത്തഘട്ടത്തിൽ ലഹള ഹിന്ദു ജന്മിമാർക്കും ഒറ്റുകാർ എന്നാരോപിക്കപ്പെട്ട മുസ്ളിം പ്രമാണിമാർക്കും നേരെ തിരിഞ്ഞു. ഒട്ടും വൈകാതെ അതൊരു വർഗ്ഗീയ കലാപമായി പരിണമിച്ചു. കൊള്ളയും കൊലപാതകങ്ങളും നിർബന്ധിത മതപരിവർത്തനവും നിർബാധം നടന്നു. മതപരിവർത്തനം നടത്തുന്നതിന് ധനികരെന്നോ നിർദ്ധനരെന്നോ മേൽജാതിയെന്നോ കീഴ്ജാതിയെന്നോ വേർതിരിവുണ്ടായില്ല. പരിവർത്തനത്തിന് വിധേയരാവരിൽ നമ്പൂതിരിമാരും നായന്മാരും ഈഴവരും ചെറുമക്കളും ഭൂപ്രഭുക്കളും കുടിയാന്മാരും ചെത്തുകാരും കർഷകത്തൊഴിലാളികളുമൊക്കെ ഉൾപ്പെട്ടുവെന്ന് ഡോ. കെ.എൻ. പണിക്കർ പിൽക്കാലത്ത് നിരീക്ഷിച്ചു. മലബാർ കലാപത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വിരലിലെണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. പൊലീസുകാരും പട്ടാളക്കാരും നന്നേ കുറവായിരുന്നു. കലാപത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചവർ സവർണ്ണ ജന്മിമാർ മാത്രമല്ല, സാധാരണക്കാരായ തീയ്യരും ചെറുമരും ചാലിയന്മാരും ക്രിസ്ത്യാനികളും വരെ ഉണ്ടായിരുന്നു.
ബ്രിട്ടീഷ് അധികാരികൾ ഗൂർഖപട്ടാളത്തെ ഇറക്കി കലാപകാരികളെ അമർച്ച ചെയ്തു. മനോവീര്യം നഷ്ടപ്പെട്ട ലഹളക്കാർ കൂട്ടത്തോടെ കീഴടങ്ങി. 1921 ഡിസംബർ ആകുമ്പോഴേക്കും 22,000 ലധികം പേർ കീഴടങ്ങിക്കഴിഞ്ഞിരുന്നു. പിടിച്ചു നിൽക്കാൻ കഴിയാതെ വന്ന നേതാക്കളും അതേപാത പിന്തുടർന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രാശേരി കുഞ്ഞിക്കോയതങ്ങളും കുമരംപുത്തൂർ സീതിക്കോയ തങ്ങളും കാരാടൻ മൊയ്തീൻ കുട്ടിയും കീഴടങ്ങി. കൊല്ലപ്പറമ്പൻ അബ്ദുഹാജി മാത്രമാണ് പട്ടാളവുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ചത്. കീഴടങ്ങിയ നേതാക്കളിൽ ചിലരെങ്കിലും സഹലഹളക്കാരെ ഒറ്റു കൊടുക്കാനും അവർക്കെതിരെ തെളിവുകൊടുക്കാനും തയ്യാറായി എന്നുമുണ്ട് ചരിത്രം. പക്ഷേ ആർക്കും ഒരു ഇളവും കിട്ടിയില്ല.
ആദ്യമേ കീഴടങ്ങിയ ആലി മുസ്ളിയാരെ പ്രത്യേക കോടതിയിൽ വിചാരണ ചെയ്ത് തൂക്കിലേറ്റി. മറ്റെല്ലാവരെയും സൈനിക വിചാരണയ്ക്കു ശേഷം വെടിവച്ചു കൊന്നു. ലഹള പരാജയപ്പെട്ട ഘട്ടത്തിൽ ജീവനും കൊണ്ടോടിയ കൊന്നാറ മുഹമ്മദ് കോയ തങ്ങളെ മാസങ്ങൾക്കുശേഷം കൂത്തുപറമ്പിൽ നിന്ന് അറസ്റ്റ് ചെയ്തു വധശിക്ഷക്കു വിധിച്ചു. മലബാർ കലാപം മാപ്പിളമാർക്കും ഉണങ്ങാത്ത മുറിവും തീരാ നഷ്ടങ്ങളുമാണ് ബാക്കി വച്ചത്. പൊലീസും പട്ടാളവും കൂടി നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീടുകൾക്ക് തീവെച്ചു. സ്ത്രീകളെ മാനഭംഗപ്പെടുത്തി. പുരുഷന്മാരെ കൂട്ടത്തോട അറസ്റ്റ് ചെയ്ത് വിചാരണക്ക് വിധേയരാക്കി. പലരും തൂക്കുമരത്തിലേറി. ശേഷിച്ചവരെ ആൻഡമാനിലേക്ക് നാടുകടത്തി. അതിനും പുറമേയാണ് 67 മാപ്പിളത്തടവുകാർ ശ്വാസം മുട്ടി മരിച്ച വാഗൺ ട്രാജഡി.
കലാപം മലബാറിലെ ഹിന്ദു മുസ്ളിം മൈത്രിയിൽ നികത്താനാവാത്ത വിള്ളലാണ് ഉണ്ടാക്കിയത്. ഇരു സമുദായങ്ങളും തമ്മിൽ ഭയവും അവിശ്വാസവും വർദ്ധിച്ചു. മലബാറിൽ മാത്രമല്ല രാജ്യത്താകമാനം മുസ്ളിങ്ങൾക്ക് കോൺഗ്രസിനോടുണ്ടായിരുന്ന അനുഭാവം ഇല്ലാതായി. കോൺഗ്രസുകാർ കാലുവാരിയെന്ന് മുസ്ളിങ്ങളും മാപ്പിളമാർ വിശ്വാസവഞ്ചന കാട്ടിയെന്ന് കോൺഗ്രസിലെ ഹിന്ദു നേതാക്കളും കുറ്റപ്പെടുത്തി. മാപ്പിള ഭ്രാന്തിനെ വാക്കുകൾ കൊണ്ട് നിഷേധിച്ചാൽ പോര നിർബന്ധിത മതപരിവർത്തനങ്ങളിലും കൊള്ളകളിലും മുസൽമാന്മാർ ലജ്ജിക്കുക തന്നെ വേണമെന്ന് മഹാത്മാഗാന്ധി ശഠിച്ചു. അഹിംസാത്മക സമരത്തിന് ജനങ്ങൾ ഇനിയും സജ്ജരായിട്ടില്ലെന്ന് മഹാത്മജി തിരിച്ചറിഞ്ഞു. ആലി സഹോദരന്മാർക്ക് ഗാന്ധിജിയിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു. ഹിന്ദു മഹാസഭയുടെ ഏജന്റാണ് ഗാന്ധിജിയെന്ന് മൗലാന മുഹമ്മദലി കുറ്റപ്പെടുത്തി. ഖിലാഫത്ത് സമരം പിൻവലിച്ചശേഷം 1924 -25 വർഷങ്ങളിൽ വടക്കേന്ത്യയിലെ പല നഗരങ്ങളിലും വലിയ സാമുദായിക കലാപങ്ങൾ അരങ്ങേറി. അങ്ങനെ വെളുക്കാൻ തേച്ചത് പാണ്ടായി.
പകയുടെയും പരസ്പര വിദ്വേഷത്തിന്റെയും ചാരംമൂടിക്കിടന്ന കനലുകളാണ് ഇപ്പോൾ ശതാബ്ദി ആഘോഷത്തിന്റെ മറവിൽ തത്പരകക്ഷികൾ ഊതിക്കത്തിക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരെ സമീപകാലത്തു നടന്ന പ്രക്ഷോഭ സമരത്തിൽ പോലും '21 ൽ ഊരിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല' എന്നു ചില തീവ്രവാദികൾ മുദ്രാവാക്യം മുഴക്കുകയുണ്ടായി. കൊള്ളയുടെയും കൊലയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും ഭീതിജനകമായ ഓർമ്മകൾ നിലനിറുത്തേണ്ടത് അവരുടെ ആവശ്യമാണ്. മലബാറിൽ പുതിയ ഭഗത് സിംഗിനെയും ചെഗുവേരയെയും സൃഷ്ടിച്ച് വിധ്വംസക ശക്തികൾക്ക് മകുടിയൂതുന്ന ഇടതുപക്ഷ യുവജന സംഘടനകൾ യഥാർത്ഥത്തിൽ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്. വാരിയംകുന്നനെ ആഘോഷിക്കുന്നവർ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയും മൊയ്തു മൗലവിയുടെയും രാഷ്ട്രീയ പാരമ്പര്യത്തെ റദ്ദാക്കുകയാണ്. കുഞ്ഞഹമ്മദ് ഹാജിയുടെ കറുത്തിരുണ്ട ചരിത്രത്തിന് വെൺമയും വെള്ളാരങ്കണ്ണും ചീകിയൊതുക്കിയ മുടിയും നൽകുന്നത് തീവ്രവാദത്തിന്റെ രാഷ്ട്രീയമാണ്. കേവലം പ്രതീകാത്മകമായ പ്രാധാന്യം മാത്രമല്ല അതിനുള്ളത്.
കടപ്പാട്: കേരളാ കൗമുദി