തിരുവല്ല: ഭരണഘടനയെ അധിക്ഷേപിച്ചുള്ള വിവാദ പ്രസംഗത്തിൽ കേസെടുത്ത സജി ചെറിയാനെതിരെ കലാപാഹ്വാനത്തിന് പ്രേരിപ്പിച്ചെന്ന വകുപ്പ് കൂടി ചേർക്കാൻ അപേക്ഷ നൽകുമെന്ന് അഭിഭാഷകനായ ബൈജു നോയൽ പറഞ്ഞു. സജി ചെറിയാൻ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഫയൽ ചെയ്ത കേസിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ തിരുവല്ല കോടതിയിൽ ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇദ്ദേഹത്തന്റെ പരാതിയിലാണ് സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. കോടതി ഉത്തരവിന് പിന്നാലെ മന്ത്രിസ്ഥാനം സജി ചെറിയാൻ രാജി വയ്ക്കുകയും ചെയ്തു.

മല്ലപ്പള്ളിയിൽ മന്ത്രി പ്രസംഗിച്ച വേദിയിൽ അതിന് മുൻപ് നടത്തി പ്രമോദ് നാരായൺ എംഎൽഎയുടെ പ്രസംഗം കൂടി പൊലീസ് പരിശോധിക്കണമെന്ന് ബൈജു ആവശ്യപ്പെട്ടു. പ്രമോദിന്റെ പ്രസംഗം പരാമർശിച്ച കൂട്ടത്തിലാണ് മന്ത്രി ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചത്. എന്നാൽ, മന്ത്രിയുടെ പ്രസംഗം മാത്രം വെട്ടിയെടുത്ത് വൈറൽ ആക്കുകയായിരുന്നു.

ഭരണ ഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചു എന്ന പരാതി പരിഗണിച്ചപ്പോഴാണ് പരാതിയിൽ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തുവെന്ന വിവരം പരാതിക്കാരനായ അഭിഭാഷകനെ ഇന്ന് കോടതി ഔദ്യോഗികമായി അറിയിച്ചത്. ഇതിന് പിന്നാലെയാണ് കേസിൽ കലാപാഹ്വാനത്തിന് ശ്രമിച്ചു എന്ന വകുപ്പ് കൂടി എഫ്.ഐ.ആറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കോടതിയിൽ ഉന്നയിക്കുമെന്ന് അഭിഭാഷകനായ ബൈജു റോയൽ പറഞ്ഞത്.

റാന്നി എംഎ‍ൽഎ പ്രമോദ് നാരായണന്റെ പേര് സജി ചെറിയാൻ പ്രസംഗത്തിൽ പറഞ്ഞതിനാൽ പ്രമോദ് നാരായണനും ഇത്തരത്തിൽ സംസാരിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇക്കാര്യം പൊലീസിനോട് ആവശ്യപ്പെടുമെന്നും പരാതിക്കാരൻ പറഞ്ഞു. കേസിൽ സജി ചെറിയാന് ഉചിതമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ ഏതറ്റം വരെയും പോകുമെന്നും അഭിഭാഷകൻ പറഞ്ഞു.