പത്തനംതിട്ട: മൂൻസിഫ് കോടതിയിൽ അഭിഭാഷകന്റെ അഴിഞ്ഞാട്ടവും അസഭ്യ വർഷവും. വനിതയായ മുൻസിഫിനെ വരെ അസഭ്യം വിളിച്ചു. മുൻസിഫിന്റെ പരാതിയെ തുടർന്ന് അഭിഭാഷകനെ അറസ്റ്റ് ചെയ്തു. പ്രമാടം സ്വദേശി അനീഷിനെയാണ് പൊലീസ് ഇൻസ്പെക്ടർ ജി. സുനിൽ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അഭിഭാഷകന്റെ വിളയാട്ടം.

കോടതി മുറിയിൽ ബഹളം കൂട്ടിയ ഇയാൾ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന രഞ്ജിത്തിനെയാണ് മർദിച്ചത്. ബഹളം കേട്ട് ഇറങ്ങി വന്ന മുൻസിഫിനോടും കയർത്തു. അസഭ്യവും പറഞ്ഞു. മുൻസിഫ് വിളിച്ചതനുസരിച്ച് പൊലീസ് സ്ഥലത്ത് വന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

മുൻപും ഇയാൾ മുൻസിഫ് കോടതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. തന്റെ കേസുകൾ പരിഗണിക്കുന്നതിൽ കാലതാമസം വരുത്തുവെന്ന് ആരോപിച്ചാണ് ഇയാൾ ബഹളം കൂട്ടിയിരുന്നത്. അന്നും കോടതി ജീവനക്കാരോട് മോശമായി പെരുമായിരുന്നു. ഇതിനെതിരേ ജീവനക്കാർ ജില്ലാ ജഡ്ജിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതി നില നിൽക്കേയാണ് ഇയാൾ വീണ്ടും പരാക്രമം കാണിച്ചത്. പ്രതിയെ റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.