ന്യൂഡൽഹി: കാബൂളിൽ നിന്ന് രക്ഷാദൗത്യത്തിലൂടെ ഇന്ത്യയിലെത്തിച്ച അഫ്ഗാൻ പൗരന്മാർക്ക് ഒരു വർഷത്തെ താമസ വിസ നൽകുമെന്ന് കേന്ദ്ര സർക്കാർ. പിന്നീട് വിസ നീട്ടാനാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിലവിൽ ഒരുമാസത്തെ വിസ കാലാവധി കഴിയാൻ നിൽക്കുന്നവർ പരിഭ്രാന്തരാകേണ്ടെന്നും മറ്റ് നടപടിക്രമങ്ങൾ കൂടാതെ തന്നെ അവർക്ക് താമസ വിസ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കാബൂളിൽ താലിബാൻ ഭരണം പിടിച്ചെടുത്ത ഓഗസ്റ്റ് 15ന് ശേഷം ആകെ 53 അഫ്ഗാൻ പൗരന്മരാണ് ഇന്ത്യയിലെത്തിയത്. ഇതിൽ 34 പുരുഷന്മാരും 9 സ്ത്രീകളും പത്ത് കുട്ടികളുമുണ്ട്. ഇവരിൽ 28 പേർ മുസ്ലിം സമുദായക്കാരും മറ്റുള്ളവർ സിഖുക്കാരുമാണ്.

താമസ വിസക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ 12 വർഷം കഴിയണം. കൂടാതെ ഒടുവിലത്തെ വർഷം മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കുകയും വേണമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ എന്നീ വിഭാഗങ്ങൾക്ക് ദീർഘകാല വിസ നൽകും. ദീർഘകാല വിസ വിസ ലഭിക്കുന്നവർ ഇന്ത്യയിൽ ഏഴ് വർഷം നിൽക്കുകയാണെങ്കിൽ പൗരത്വത്തിനായി അപേക്ഷിക്കാമെന്നും കേന്ദ്രം അറിയിച്ചു.