- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ത്രീത്വത്തെ കറുത്ത വസ്ത്രങ്ങൾക്കുള്ളിൽ ഒതുക്കുന്ന താലിബാൻ നടപടി അഫ്ഗാൻ പൈതൃകത്തിനു വിരുദ്ധം; കറുത്ത വസ്ത്രമണിഞ്ഞ് താലിബാൻ പതാകയേന്തിയ വിദ്യാർത്ഥിനികളുടെ ചിത്രത്തിനെതിരെ പ്രതിഷേധമുയരുന്നു; വർണ്ണാഭമായ, പരമ്പരാഗത വസ്ത്രങ്ങളിലുള്ള ചിത്രങ്ങളുമായി താലിബാനെതിരെ അഫ്ഗാൻ വനിതകളുടേ പ്രതിഷേധം
കാബൂൾ: തങ്ങൾ സ്ത്രീ സ്വാതന്ത്ര്യത്തിന് എതിരല്ലെന്ന് വാദത്തിനു പിൻബലമേകാൻ കഴിഞ്ഞ ദിവസമാണ് കറുത്ത വസ്ത്രങ്ങളണിഞ്ഞ് താലിബാൻ പതാകയേന്തി യൂണിവേഴ്സിറ്റിയിലെത്തിയ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ താലിബാൻ പുറത്തുവിട്ടത്. താലിബാൻ ഭരണത്തിൻ കീഴിൽ തങ്ങൾ സുരക്ഷിതരാണെന്ന് വിദ്യാർത്ഥികൾ പറയുന്നു എന്നായിരുന്നു താലിബാന്റെ വാദം. എന്നാൽ, ഇത് തികച്ചും ബാലിശമായ വാദമാണെന്നും താലിബാൻ നിശ്ചയിച്ച പുതിയ വസ്ത്രധാരണ രീതി അഫ്ഗാൻ സംസ്‌കാരത്തിന് എതിരാണെന്നും വാദിച്ചുകൊണ്ട് ലോകത്തിന്റെ നിരവധി കോണുകളിൽ നിന്നും അഫ്ഗാൻ വനിതകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്.
അഫ്ഗാനിസ്ഥാനിൽ അധികാരമേറ്റ താലിബാൻ, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ക്ലാസ്സുകൾ വേണമെന്ന് നിഷ്‌കർഷിക്കുകയും അദ്ധ്യാപികമാരും വിദ്യാർത്ഥിനികളും മുഖം മൂടുന്ന രീതിയിലുള്ള കറുത്ത വസ്ത്രങ്ങൾ അണിഞ്ഞുവേണം ക്യാമ്പസുകളിൽ എത്താൻ എന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ അഫ്ഗാൻ വനിതകളുടെ പ്രതിഷേധമുയരുന്നത്. ഇതിനു മറുപടിയായി, പല നിറങ്ങളിലുള്ള പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞുള്ള തങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഫ്ഗാൻ വനിതകൾ പ്രതിഷേധിക്കുന്നത്.
അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് അഫ്ഗാനിസ്ഥാനിലെ മുൻ ഫാക്കൽറ്റിയായ ബഹാർ ജലാലി എന്ന വനിതയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. മുഖം മൂടുന്ന കറുത്ത ബുർക്കയണിഞ്ഞ ഒരു സ്ത്രീയുടെ ചിത്രം സഹിതമായിരുന്നു ജലാലിയുടെ ട്വീറ്റ്. അഫ്ഗാന്റെ ചരിത്രത്തിൽ ഒരു വനിതയും ഇതുപൊലൊരു വസ്ത്രം ധരിച്ചിട്ടില്ലെന്നും ഇത് പൂർണ്ണമായും ഒരു വിദേശ വസ്ത്രമാണെന്നുമായിരുന്നു അവർ എഴുതിയത്. താലിബാൻ പരത്തുന്ന തെറ്റിദ്ധാരണക്കെതിരെ ലോകത്തെ ബോധവത്ക്കരിക്കാൻ അഫ്ഗാൻ പൈതൃക വസ്ത്രത്തിലുള്ള തന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുകയാണെന്നും അവർ പറഞ്ഞു.
ഇതിനെ തുടർന്ന് നിരവധി അഫ്ഗാൻ സ്ത്രീകളാണ് ഇത്തരത്തിലുള്ള പോസ്റ്റുകളുമായി രംഗത്തെത്തിയത്. ഡി ഡബ്ല്യൂ ന്യുസിലെ അഫ്ഗാൻ സർവീസ് വിഭാഗം മേധാവിയായ വാസ്ലത് ഹസ്റത് നസീമി പരമ്പരാഗത അഫ്ഗാൻ വേഷത്തിലുള്ള സ്വന്തം ചിത്രം പോസ്റ്റ് ചെയ്തിട്ട് അതിന് അടിക്കുറിപ്പിട്ടത് ഇതാണ് അഫ്ഗാനിസ്ഥാന്റെ സംസ്‌കാരമെന്നാണ്. ഇങ്ങനെയാണ് കാലാകാലങ്ങളായി അഫ്ഗാൻ സ്ത്രീകൾ വസ്ത്രധാരണം ചെയ്യുന്നതെന്നും അവർ എഴുതി.
ലണ്ടനിൽ താമസിക്കുന്ന ബി ബി സിയിലെ പത്രപ്രവർത്തകയായ സന സാഫിയും ഇത്തരത്തിലുള്ള പരമ്പരാഗത വസ്ത്രത്തിലുള്ള ചിത്രം പോസ്റ്റ് ചെയ്തു. താൻ ഇപ്പോൾ അഫ്ഗാനിസ്ഥാനിലായിരുന്നെങ്കിൽ, തന്റെ പാരമ്പര്യത്തിനു വിരുദ്ധമായി തലയിൽ ഒരു തട്ടം ഇടേണ്ടതായി വരുമെന്നും അവർ എഴുതി. വർണ്ണങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് അഫ്ഗാൻ വനിതകളെന്നും അഫ്ഗാൻ വനിതകളുടെ വസ്ത്രങ്ങൾ എക്കാലത്തും നിറങ്ങൾ കൂട്ടിച്ചേർത്ത കവിതകളായിരുന്നു എന്ന അടിക്കുറിപ്പോടെയാണ് മറ്റൊരു ബി ബി സി പത്രപ്രവർത്തകയായ സൊഡാബ ഹൈദർ തന്റെ ചിത്രം പോസ്റ്റ് ചെയ്തത്.
താലിബാൻ നിർദ്ദേശിക്കുന്ന ഭ്രാന്തൻ വസ്ത്രങ്ങളല്ല അഫ്ഗാൻ വനിതകളുടെ പരമ്പരാഗത വസ്ത്രങ്ങൾ എന്നായിരുന്നു ബ്രിട്ടനിലെ രാഷ്ട്രീയ പ്രവർത്തകകൂടിയായ അഫ്ഗാൻ വംശജ പേയമന അസ്സാദ് തന്റെ ചിത്രം പോസ്റ്റ് ചെയ്ത് അടിക്കുറിപ്പിട്ടത്. താലിബാന് മുൻപും ഹിജാബ് ഉണ്ടായിരുന്നെങ്കിലും അത് ധരിക്കണമോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമായിരുന്നു എന്നാണ് അഫ്ഗാനിൽ നിന്നും രക്ഷപ്പെട്ട പ്രശസ്ത ഗായിക ഷേയ്ഖിബ ടിമോറി പറഞ്ഞത്. ഒരുകാലത്തും ഭരണകൂടം ആ സ്വാതന്ത്ര്യത്തിൽ കൈകടത്തിയിരുന്നില്ലെന്നും അവർ പറയുന്നു.
വർണ്ണങ്ങളുടെ ലോകത്ത് പാറിപ്പറന്നു നടന്ന അഫ്ഗാൻ സ്ത്രീകളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും തല്ലിക്കെടുത്തി മടുപ്പുളവാക്കുന്ന കറുപ്പിന്റെ ലോകത്തെ തളച്ചിടുകയാണ് അഫ്ഗാൻ ഭീകരത എന്നാണ് ഈ ട്വീറ്റുകളിൽ എത്തുന്ന കമന്റുകൾ ഉറക്കെ വിളിച്ചു പറയുന്നത്. പൗരന്മാരുടെ സ്വാതന്ത്ര്യം മാത്രമല്ല, ഒരു രാജ്യത്തിന്റെ പൈതൃകം തകർക്കുക കൂടിയാണ് ഈ ഭീകരർ ചെയ്യുന്നതെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. അഫ്ഗാൻ വനിതകളുടെ കാര്യത്തിൽ ലോക ശ്രദ്ധ അടിയന്തരമായി വേണമെന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്.
മറുനാടന് ഡെസ്ക്